പത്തനാപുരം: കാലവർഷം ശക്തമായതോടെ അലിമുക്ക് - അച്ചൻകോവിൽ വനപാതയിലൂടെയുള്ള യാത്ര ജീവൻ പണയപ്പെടുത്തി. കനത്ത കാറ്റിലും മഴയിലും പാതയോരത്തെ കൂറ്റൻ മരങ്ങൾ കടപുഴകി വീഴുന്നത് പതിവായതോടെ മലയോരവാസികൾ കടുത്ത ഭീതിയിലാണ്. കഴിഞ്ഞ രണ്ടാഴ്ചയായി വിദ്യാർത്ഥികളടക്കമുള്ള നൂറുകണക്കിന് യാത്രക്കാരാണ് ഈ വനപാതയിൽ ദുരിതമനുഭവിക്കുന്നത്.
മരം വീണ് ഗതാഗതം മുടങ്ങി; കെണിയായി കോട്ടക്കയം
കഴിഞ്ഞ ദിവസം പുലർച്ചെ 6.30ഓടെ പാതയിലെ കോട്ടക്കയത്തിന് സമീപം കൂറ്റൻ മരം കടപുഴകി വീണ് രണ്ട് മണിക്കൂറോളം ഗതാഗതം പൂർണമായി തടസപ്പെട്ടു. പ്രദേശത്തെ വൈദ്യുതി ബന്ധവും പാടേ താറുമാറായി. പാതയുടെ ഇരുവശത്തുനിന്നുമെത്തിയ സ്കൂൾ ബസുകളടക്കമുള്ള നിരവധി വാഹനങ്ങളാണ് വനമദ്ധ്യത്തിൽ കുടുങ്ങിയത്. കോട്ടക്കയം, മുള്ളുമല, തുറ, കടമ്പുപാറ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും മറ്റ് യാത്രക്കാരും കാൽനടയായിട്ടാണ് അച്ചൻകോവിലിലും തിരിച്ചുമെത്തിയത്. കൊച്ചുകുട്ടികളും വൃദ്ധരും റോഡിന് കുറുകെ വീണുകിടന്ന മരത്തിന് മുകളിലൂടെ സാഹസികമായി കയറിയിറങ്ങിയാണ് ഇരുഭാഗങ്ങളിലേക്കും യാത്ര ചെയ്തത്. സന്ധ്യയോടെയാണ് ഈ ഭാഗത്തെ വൈദ്യുതി ബന്ധം ഭാഗികമായെങ്കിലും പുനസ്ഥാപിക്കാനായത്.
ഭീഷണിയായി 80-ഓളം ഉണക്കമരങ്ങൾ
വനപാതയിലെ കറവൂർ മുതൽ അച്ചൻകോവിൽ വരെയുള്ള ഭാഗങ്ങളിൽ പാതയോരത്തായി എൺപതോളം കൂറ്റൻ മരങ്ങളാണ് ഉണങ്ങി റോഡിലേക്ക് ചാഞ്ഞുനിൽക്കുന്നത്. മൂന്ന് ദിവസം മുൻപും കറവൂരിന് സമീപം റോഡിലേക്ക് മരം വീണ് മണിക്കൂറുകളോളം ഗതാഗതവും വൈദ്യുതിയും മുടങ്ങിയിരുന്നു. പുനലൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് അന്ന് മരം മുറിച്ചുമാറ്റിയത്. നിരവധി ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞുപോയതിനാൽ തൊട്ടടുത്ത ദിവസമാണ് ഇവിടെ വൈദ്യുതി പുന:സ്ഥാപിക്കാനായത്.
വനപാലകർക്ക് 'അനങ്ങാപ്പാറ നയം'
അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചുനീക്കണമെന്ന് നാട്ടുകാർ പലതവണ വനപാലകരോട് ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. ചിറ്റാർ ഭാഗത്ത് റോഡിലേക്ക് ഉണങ്ങി ചാഞ്ഞുനിൽക്കുന്ന മരങ്ങൾ മാറ്റണമെന്ന ആവശ്യത്തിലും ഉദ്യോഗസ്ഥർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. തോരാതെ പെയ്യുന്ന മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ ഈ മരങ്ങൾ എപ്പോൾ വേണമെങ്കിലും കടപുഴകി വീഴാമെന്ന അവസ്ഥയിലാണ്.
രോഗികളും വിദ്യാർത്ഥികളും വലയുന്നു
വനമദ്ധ്യത്തിലെ റോഡിൽ മരങ്ങൾ വീണ് ഗതാഗതം മുടങ്ങിയാൽ പുനലൂർ, പത്തനാപുരം തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികളിൽ എത്തേണ്ട ഗുരുതരാവസ്ഥയിലുള്ള രോഗികളും സമയത്തിന് സ്കൂളിലെത്തേണ്ട വിദ്യാർത്ഥികളുമാണ് ഏറെ വലയുന്നത്. ജനങ്ങളുടെ ജീവന് ഭീഷണിയായ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കറവൂർ മുതൽ അച്ചൻകോവിൽ വരെയുള്ള പാതയോരത്തെ അപകടാവസ്ഥയിലുള്ള മുഴുവൻ മരങ്ങളും അടിയന്തരമായി മുറിച്ചുനീക്കാൻ വനംവകുപ്പ് തയ്യാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |