
ശാസ്താംകോട്ട: വീട്ടുമുറ്റത്തെ പുന്തോട്ടത്തിൽ വിരിഞ്ഞ സഹസ്രദള പത്മം കൗതുകമാകുന്നു. മൈനാഗപ്പള്ളി കടപ്പ കുമ്പളത്ത് ജ്യോതിശങ്കറിന്റെ വീട്ടിലാണ് ആയിരം ഇതളുകൾ ഉള്ള താമരപ്പൂവ് വിരിഞ്ഞത്. പുരാണങ്ങളിൽ ദേവീദേവന്മാരുടെ ഇരിപ്പിടമായി വിശേഷിപ്പിക്കുന്ന സഹസ്രദള പത്മം നമ്മുടെ കാലാവസ്ഥയിൽ അപൂർവമായി മാത്രമേ വിരിയാറുള്ളു. വീട്ടിലെ പൂന്തോട്ടത്തിൽ വലിയ പ്ലാസ്റ്റിക് പാത്രത്തിലാണ് താമര വിരിഞ്ഞുനിൽക്കുന്നത്. മനോഹരമായ ഇളം പിങ്ക് നിറത്തിലാണ് പൂക്കൾ വിരിയുന്നത്. നാലുമാസം മുമ്പ് കൊല്ലത്തെ ഒരു സുഹൃത്തിൽ നിന്ന് ലഭിച്ച താമരയുടെ കിഴങ്ങ് നട്ടുവളർത്തുകയായിരുന്നു.
സഹസ്ര ദളപത്മത്തിന്റെ ചിത്രം പകർത്തുന്നതിനും സെൽഫിയെടുക്കുന്നതിനും ഉൾപ്പടെ നിരവധിപേരാണ് ഇവിടേക്ക് എത്തുന്നത്. പൂക്കളെയും കൃഷിയെയും ഏറെ സ്നേഹിക്കുന്ന ജ്യോതിശങ്കർ പ്രവാസ ജീവിതത്തിന് ശേഷം ഈ മേഖലയിലേക്ക് തിരിയുകയായിരുന്നു. വിവിധ ഇനം താമരകൾ അടക്കം അലങ്കാര ചെടികളുടെയും അലങ്കാര മത്സ്യങ്ങളുടെയും വിപുലമായ ശേഖരം തന്നെ ജ്യോതിശങ്കർ വീട്ടുമുറ്റത്ത് ഒരുക്കിയിട്ടുണ്ട്. നിലവിൽ മൈനാഗപ്പള്ളിയിൽ റെയിൻ ഗാർഡൻ അക്വാട്ടിക്സ് എന്ന സ്ഥാപനവും നടത്തിവരുന്നു. പന്തളം എൻ.എസ്.എസ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗത്തിൽ അസി. പ്രൊഫസറായ ഭാര്യ രശ്മിയും മക്കളായ ജിയ ശങ്കറും മിലനും എല്ലാ പിന്തുണയുമായി ജ്യോതി ശങ്കറിനൊപ്പമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |