
കോട്ടയം: ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ഇന്ന് അർദ്ധരാത്രിയിൽ ലോകകപ്പ് ഫുട്‌ബോൾ ഫൈനലിന് വിസിൽ മുഴങ്ങുമ്പോൾ കോട്ടയത്തും ആവേശം അലയടിക്കും. നാട്ടിൻപുറങ്ങളും ജംഗ്ഷനുകളും ലൈബ്രറി മുറ്റങ്ങളും പഞ്ചായത്ത് കേന്ദ്രങ്ങളും തിയേറ്ററുകളും ഷോപ്പിംഗ് മാളുകളുമെല്ലാം ഇന്ന് രാത്രി മിനി ഫുട്‌ബോൾ സ്റ്റേഡിയങ്ങളായി മാറുകയാണ്. ആരവങ്ങളും ആർപ്പുവിളികളും ആഘോഷങ്ങളും നിറഞ്ഞ അന്തരീക്ഷത്തിൽ കിരീടപ്പോരാട്ടം ആസ്വദിക്കാൻ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിപുലമായ ബിഗ് സ്‌ക്രീൻ പ്രദർശനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
വിവിധ പ്രദേശങ്ങളിലെ കായികപ്രേമികളും ക്ലബുകളും സന്നദ്ധ സംഘടനകളും ചേർന്നാണ് സൗജന്യ പ്രദർശനങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. പ്രൊജക്ടറുകളും എൽ.ഇ.ഡി സ്‌ക്രീനുകളും സ്ഥാപിച്ച് മികച്ച ശബ്ദ സംവിധാനത്തോടെയാണ് മത്സര സംപ്രേഷണം. മഴയെ പ്രതിരോധിക്കാൻ പല കേന്ദ്രങ്ങളിലും പന്തലുകളും ഇരിപ്പിട സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഇവിടെ എല്ലാം റെഡി
കുമ്മനം ജംഗ്ഷൻ, താഴത്തങ്ങാടി ഇക്ബാൽ ലൈബ്രറി പരിസരം എന്നിവിടങ്ങളിലെല്ലാം ആവേശം നിറയും. കുമരകം പഞ്ചായത്ത് ഓഫീസ്, പനച്ചിക്കാട് പരുത്തുംപാറ, വെള്ളൂർ തണ്ണിപ്പള്ളി, ചന്ദ്രാമല, മണർകാട് പഞ്ചായത്ത് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ സ്ക്രീൻ സജ്ജമാണ്.
കോട്ടയം അഭിലാഷ് തിയേറ്റർ, അനുപമ തിയേറ്റർ, തലയോലപ്പറമ്പ് മൈ സിനിമാസ് എന്നിവിടങ്ങളിൽ ടിക്കറ്റ് നിരക്കിൽ ഫൈനൽ മത്സരം തത്സമയം പ്രദർശിപ്പിക്കും. വലിയ ബിഗ് സ്‌ക്രീൻ ഒരുക്കി ലുലുമാളും ഫുട്‌ബോൾ ആരാധകരെ സ്വാഗതം ചെയ്യുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |