മഞ്ചേരി: നഗരസഭ കൗൺസിലറായിരുന്ന തലാപ്പിൽ അബ്ദുൽ ജലീൽ എന്ന കുഞ്ഞാക്കയെ (57) കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും. നെല്ലിക്കുത്ത് കോട്ടക്കുത്ത് മാട്ടയിൽ വീട്ടിൽ ഷുഹൈബ് എന്ന കൊച്ചു (29), നെല്ലിക്കുത്ത് ഒലിപ്രക്കാട് പതിയൻതൊടിക വീട്ടിൽ അബ്ദുൽ മാജിദ് (30), പാണ്ടിക്കാട് വള്ളുവങ്ങാട് സൗത്ത് സ്വദേശി കറുത്തേടത്ത് വീട്ടിൽ ഷംസീർ (36) എന്നിവർക്കെതിരായ കേസിലാണ് മഞ്ചേരി മൂന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എസ്.സൂരജ് ശിക്ഷ വിധിച്ചത്.
മൂന്ന് പ്രതികൾക്കെതിരെയും കൊലപാതക കുറ്റം തെളിഞ്ഞു. കൊലപാതകത്തിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം കഠിനതടവ് അനുഭവിക്കണം.
ഒന്നും രണ്ടും പ്രതികൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഒരു വർഷം കഠിനതടവ് അനുഭവിക്കണം. കൊല്ലപ്പെട്ട ജലീലും സംഘവും സഞ്ചരിച്ച വാഹനത്തിന്റെ ചില്ല് അടിച്ച് പൊട്ടിച്ചതിന് ഒന്നാം പ്രതിക്ക് ആറ് മാസം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു. പ്രതികൾ പിഴയടയ്ക്കുന്ന പക്ഷം മൂന്ന് ലക്ഷം മരിച്ച അബ്ദുൽ ജലീലിന്റെ കുടുംബത്തിന് നൽകാനും രണ്ടാം സാക്ഷിയായ അബ്ബാസിന്റെ വാഹനത്തിന്റെ ചില്ല് അടിച്ച് പൊട്ടിച്ചതിന് നഷ്ടപരിഹാരമായി 25,000 രൂപ നൽകണമെന്നും കോടതി വിധിച്ചു.
കഴിഞ്ഞ ജൂലായ് 30ന് വിധി പറയാൻ കോടതി കേസ് പരിഗണിച്ചിരുന്നെങ്കിലും ഒന്നാം പ്രതി ഷുഹൈബ് എന്ന കൊച്ചു കോടതിയിൽ ഹാജരാകാതെ മുങ്ങി. തുടർന്ന് കഴിഞ്ഞ ശനിയാഴ്ച പുലർച്ച നെല്ലിക്കുത്ത് നിന്നും പ്രതിയെ കൂടി.
2022 മാർച്ച് 29ന് രാത്രി പത്തോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്
2025 സെ്ര്രപംബർ 23നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.
വാക്കേറ്റം കലാശിച്ചത് കൊലപാതകത്തിൽ
സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് പാലക്കാട്ടുപോയി തിരിച്ചുവരികയായിരുന്ന അബ്ദുൽ ജലീലും സംഘവും സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന്റെ ലൈറ്റ് കണ്ണിലേക്കടിച്ചെന്ന് പറഞ്ഞ് ബൈക്ക് യാത്രക്കാരായ ഷുഹൈബും മാജിദും ഒലിപ്രക്കാട് വച്ച് വാക്കേറ്റത്തിൽ ഏർപ്പെടുകയായിരുന്നു.
ഇതിനിടെ ഷുഹൈബ് ഹെൽമറ്റ് ഉപയോഗിച്ച് കാറിന്റെ പിറകിലെ ഗ്ലാസ് അടിച്ചു തകർത്തു. തുടർന്ന് ഷംസീറിനെ ഫോണിൽ വിളിച്ചുവരുത്തി.
കാറിന്റെ പൊട്ടിയ ഗ്ലാസ് കൗൺസിലർ അടക്കമുള്ള സംഘം നോക്കുന്നതിനിടെ പ്രതികൾ കരിങ്കല്ല് ഉപയോഗിച്ച് കൗൺസിലറുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ മാർച്ച് 30ന് അബ്ദുൽ ജലീൽ മരിച്ചു.
അടിയുടെ ആഘാതത്തിൽ ജലീലിന്റെ തലയോട്ടി വരെ തകർന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |