മലപ്പുറം: ദേശീയപാത 66ലെ കോഹിനൂരിനെയും കരിപ്പൂർ വിമാനത്താവളത്തെയും ബന്ധിപ്പിച്ച് കേരളത്തിലെ ആദ്യത്തെ എലിവേറ്റഡ് ഹൈവേ നിർമ്മിക്കുന്നതിനുള്ള സാദ്ധ്യതാ പഠനവും അനുബന്ധ നടപടികളും വേഗത്തിലാക്കാൻ തീരുമാനം. പദ്ധതിയുടെ പുരോഗതി ചർച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടറുടെ ചേംബറിൽ ടി. വി. ഇബ്രാഹിം എം.എൽ.എ , ജില്ലാ കളക്ടർ ഡോ.വിനയ് ഗോയൽ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗത്തിലാണ് തീരുമാനം. നടപടികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദ്ദേശം നൽകി.
പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള ഗതാഗതം വളരെ സുഗമമാകുകയും മേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുകയും ചെയ്യും. സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തിയ ഒരുകോടി രൂപ ഉപയോഗിച്ചുള്ള സാധ്യതാ പഠനങ്ങൾ അടിയന്തരമായി പൂർത്തിയാക്കി അടുത്ത ഘട്ടത്തിലേക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നത്. യോഗത്തിൽ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ, കൊണ്ടോട്ടി, തിരൂരങ്ങാടി താലൂക്കുകളിലെ തഹസിൽദാർമാർ, പഞ്ചായത്ത് പ്രതിനിധികൾ, മറ്റ് ഉദ്യോഗസഥർ എന്നിവർ സംബന്ധിച്ചു.
ചേളാരി ഫയർസ്റ്റേഷൻ ഉടൻ യാഥാർഥ്യമാകും
സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച ചേളാരി ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ടി.വി.ഇബ്രാഹിം എം.എൽ.എയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
പള്ളിക്കൽ വില്ലേജിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഉടമസ്ഥതയിലുള്ള 50 സെന്റ് സ്ഥലത്താണ് ഫയർ സ്റ്റേഷൻ നിർമ്മിക്കുക.
തീരദേശ മേഖലയും പ്രധാന ദേശീയപാതയും ഉൾപ്പെടുന്ന വള്ളിക്കുന്ന് മണ്ഡലത്തിലും സമീപ പ്രദേശങ്ങളിലും അടിയന്തര ഘട്ടങ്ങളിൽ വേഗത്തിൽ സേവനമെത്തിക്കാൻ ചേളാരിയിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്ന് യോഗം വിലയിരുത്തി.
ആവശ്യമായ ഉദ്യോഗസഥർ, ആധുനിക രക്ഷാപ്രവർത്തന ഉപകരണങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തും. നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ നിർമാണ പ്രവൃത്തികൾ ആരംഭിക്കുന്നതിനായി വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
യോഗത്തിൽ ഫയർ സ്റ്റേഷൻ ഓഫീസർ, യൂണിവേഴ്സിറ്റി എൻജിനീയർ, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, വിവിധ ഉദ്യോഗസ്ഥർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |