മലപ്പുറം: പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിക്കുന്ന കർഷകർക്ക് സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തേണ്ട വിള ഇൻഷ്വറൻസ് പദ്ധതി താളംതെറ്റുന്നു. മലപ്പുറം ജില്ലയിൽ കർഷകർക്ക് ലഭിക്കാനുള്ളത് 10.52 കോടി രൂപയുടെ കുടിശ്ശികയാണ്. സംസ്ഥാന സർക്കാരിൽ നിന്നുള്ള വിഹിതവും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (എസ്.ഡി.ആർ.എഫ്) നിന്നുള്ള വിഹിതവും ചേർത്താണ് കൃഷി നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകി വരുന്നത്. നിലവിൽ സംസ്ഥാന വിഹിതത്തിൽ നിന്നുള്ള 10.13 കോടി രൂപയും എസ്.ഡി.ആർ.എഫിൽ നിന്നുള്ള 38.55 ലക്ഷം രൂപയുമാണ് വിതരണം ചെയ്യാതെ കുടിശ്ശികയായി കിടക്കുന്നത്.
ഈ വർഷം ലഭിച്ച 503 അപേക്ഷകളിലായി 43.35 ലക്ഷം രൂപ കർഷകർക്ക് അനുവദിച്ചിരുന്നെങ്കിലും ഇതുവരെ വിതരണം ചെയ്തിട്ടില്ല. 2025-26 വർഷത്തിൽ പരിഗണിച്ച 2,898 അപേക്ഷകളിലായി അനുവദിച്ച 2.68 കോടി രൂപയും കർഷകർക്ക് ലഭിച്ചിട്ടില്ല. 2024-25 സാമ്പത്തിക വർഷത്തിൽ 3,436 അപേക്ഷകളിലായി 3.89 കോടി രൂപ അനുവദിച്ചതിൽ 3.55 കോടി രൂപയും 2023-24ൽ 1,430 അപേക്ഷകളിലായി അനുവദിച്ച 1.11 കോടി രൂപയിൽ ഒരു കോടി രൂപയും ഇപ്പോഴും കുടിശ്ശികയാണ്. തുക വിതരണം വൈകുന്നത് സംബന്ധിച്ച് സർക്കാരിൽ നിന്നും ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും അധികൃതർക്ക് ലഭിച്ചിട്ടില്ല.
കൃഷി വകുപ്പിന്റെ ഔദ്യോഗിക വെബ് പോർട്ടലായ എയിംസിൽ കർഷകർ നേരിട്ട് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ബന്ധപ്പെട്ട കൃഷി ഓഫീസർമാർ വിളനാശം സാക്ഷ്യപ്പെടുത്തുകയുമാണ് നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടിക്രമം. എന്നാൽ പല കർഷകരും പോർട്ടലിൽ രജിസ്റ്റർ ചെയ്യാറില്ലാത്തതിനാൽ യഥാർത്ഥ നാശനഷ്ടം നിലവിലെ കണക്കുകളേക്കാൾ കൂടുതലായിരിക്കും. ബാങ്കുകളിൽ നിന്നും വലിയ തുക വായ്പയെടുത്താണ് ഭൂരിഭാഗം പേരും കൃഷിയിറക്കിയിട്ടുള്ളത്. കൃഷി നശിച്ചതിന് പിന്നാലെ ഇൻഷ്വറൻസ് തുക കൂടി വൈകുന്നത് കർഷകരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ പല കർഷകരും ഇപ്പോൾ ജപ്തി ഭീഷണി നേരിടുകയാണ്.
ആകെ കുടിശ്ശിക- 10.52 കോടി
വർഷം അനുവദിച്ച തുക കുടിശ്ശിക
2026-27--- 43.35 ലക്ഷം---43.35 ലക്ഷം
2025-26---2.68 കോടി---2.68 കോടി
2024-25----3.89 കോടി--- 3.55 കോടി
2023-24---- 1.11 കോടി---ഒരുകോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |