SignIn
Kerala Kaumudi Online
Monday, 24 August 2026 12.35 AM IST

ഹരിതമിത്രം റാങ്കിംഗിൽ മുന്നേറ്റം; നിയമലംഘകർക്കെതിരെ കർശന നടപടിയെടുക്കും

മലപ്പുറം: ജില്ലയിൽ ഖരമാലിന്യ സംസ്‌ക്കരണ ചട്ടങ്ങൾ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കാൻ ജില്ലാതല സ്‌പെഷ്യൽ സെൽ ചെയർമാനായ ജില്ലാ കളക്ടർ ഡോ.വിനയ് ഗോയലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാതല സ്‌പെഷ്യൽ സെൽ യോഗം തീരുമാനിച്ചു. ഓണക്കാലത്ത് ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നത് സംബന്ധിച്ച പൊതുഭരണവകുപ്പിന്റെ ഉത്തരവ് എല്ലാവരും പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

അജൈവ മാലിന്യം മോണിറ്ററിംഗ് ചെയ്യുന്ന ഹരിതമിത്രം സർവീസിൽ കഴിഞ്ഞ മൂന്നുവർഷങ്ങളായി പതിമൂന്നാം സ്ഥാനത്ത് നിന്നിരുന്ന ജില്ല ഒമ്പതാം സ്ഥാനത്തേക്ക് ഉയർന്നതിനെ യോഗം അഭിനന്ദിച്ചു.

ജില്ലയിൽ 10 ലക്ഷത്തിലധികമുള്ള വീടുകളിലും സ്ഥാപനങ്ങളിലും ഹരിത കർമ്മ സേന സേവനം നൽകിയതും ജൂലായ് മാസം നാലുകോടിയിലേറെ തുക യൂസർ ഫീ ആയി ശേഖരിച്ചതും വലിയ മുന്നേറ്റമായി യോഗം വിലയിരുത്തി.ജില്ലയിൽ കഴിഞ്ഞ മാസം 4,​600ഓളം എൻഫോഴ്സ്‌മെന്റ് പരിശോധനകൾ നടത്തി 37 ലക്ഷത്തോളം രൂപ പിഴ ഈടാക്കി.

എം.സി.എഫിനായി

സ്ഥലം അനുവദിക്കുന്നതിന് ലഭിച്ച 33 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അപേക്ഷകൾ ഡെപ്യൂട്ടി തഹസിൽദാറിന് നൽകുന്നതിനും തീരുമാനിച്ചു.

ജില്ലയിലെ 106 തദ്ദേശസ്ഥാപനങ്ങളിലും ഓഡിറ്റോറിയം, കാറ്ററിംഗ് സ്ഥാപന ഉടമകളുടെ യോഗം സെപ്തംബർ ഒന്നിന് വിളിച്ചു ചേർക്കും. ഇവയുടെ ജില്ലാ അസോസിയേഷൻ ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ട് ഈമാസം 31ന് ജില്ലാതല യോഗം ചേരും. ഡംബ് സൈറ്റുകളിലും ബൾക്ക് വേസ്റ്റ് മാനേജർ പരിസരങ്ങളിലും ജില്ലാതല സ്‌പെഷ്യൽ സെല്ലിന്റെ അംഗങ്ങൾ പരിശോധന നടത്തും. യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ ശുചിത്വ മിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, വനം വകുപ്പ്, കുടുംബശ്രീ, ആർ.ടി.ഒ, ജലസേചനം തുടങ്ങിയ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്തു.

കർശന നിയന്ത്രണം

ഖരമാലിന്യ സംസ്‌കരണം 2026 ചട്ടപ്രകാരം 100 കിലോ ഖരമാലിന്യം ഉത്പാദിപ്പിക്കുന്നവരും 20,000 ച.മീ നിർമ്മാണ വിസ്തൃതിയുള്ള സ്ഥാപനങ്ങളും 40,​000 ലിറ്ററിന് മുകളിൽ ജല ഉപഭോഗമുള്ള സ്ഥാപനങ്ങളും ബൾക്ക് വേസ്റ്റ് ജനറേറ്ററായി പരിഗണിക്കും.

ഇത്തരം സ്ഥാപനങ്ങൾ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യണം.

നിയമലംഘനം നടത്തുന്ന ബൾക്ക് വേസ്റ്റ് ജനറേറ്റർമാരുടെ വൈദ്യുത, ജല കണക്ഷനുകൾ വിച്ഛേദിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ തല സ്‌പെഷ്യൽ സെല്ലിന് അധികാരമുണ്ടായിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL