SignIn
Kerala Kaumudi Online
Sunday, 30 August 2026 4.08 AM IST

സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരി വേട്ട നടത്തി ജില്ലാ പൊലീസ് സംഘം

മലപ്പുറം: സംസ്ഥാനത്തെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ട നടത്തി ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ
നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം. മഞ്ചേരിയിൽ നിന്ന് തുടങ്ങിയ അന്വേഷണം കോയമ്പത്തൂരിൽ അവസാനിച്ചപ്പോൾ പിടികൂടിയത് 12 കിലോ എം.ഡി.എം.എയാണ്.

കോയമ്പത്തൂർ മാത്രം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരല്ല പ്രതികൾ. മറിച്ച്, ഓരോ സമയത്തും ഇവർ ഓരോ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവർ.
പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ അന്വേഷിച്ച് വരികയാണെന്ന് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതികൾ ഓൺലൈൻ ഇടപാടുകൾ ഉൾപ്പെടെ നടത്തിയിട്ടുണ്ട്. നിലവിൽ ഹവാല ഇടപാട് കണ്ടെത്താൻ സാധിച്ചിട്ടില്ലെങ്കിലും ഇതിന് സാദ്ധ്യതയുണ്ടെന്നാണ് നിഗമനം. മലപ്പുറം ഡിവൈ.എസ്.പിക്കാണ് തുടരന്വേഷണ ചുമതല. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും.
മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് നോർത്ത് സോൺ ഐ.ജി പുട്ട വിമലാദിത്യ, തൃശൂർ റേഞ്ച് ഡി.ഐ.ജി ടി.നാരായണൻ, മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ എന്നിവർ സംയുക്ത വാർത്താസമ്മേളനം നടത്തിയാണ് വിവരങ്ങൾ വിശദീകരിച്ചത്.

പെരിന്തൽമണ്ണ ഡിവൈ.എസ്.പി ഗോപകുമാർ, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എൻ.ഒ.സിബി, മലപ്പുറം ഡിവൈ.എസ്.പി സുഭാഷ് ബാബു, മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ ദിലീപ്, മഞ്ചേരി സ്റ്റേഷനിലെ എ.എസ്.ഐ മുഹമ്മദാലി, തൗഫീഖ് മുബാറക്ക്, പ്രദീപ് കുമാർ എന്നിവരും ജില്ലാ ഡാൻസാഫ് സ്‌ക്വാഡുമാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ഇതുവരെ 10,600 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിശോധനകളിൽ ആകെ 21 കിലോ എം.ഡി.എം.എയും 1,100 കിലോ കഞ്ചാവും 4.5 കിലോ ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.

പുട്ട വിമലാദിത്യ, നോർത്ത് സോൺ ഐ.ജി

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൃശൂർ റേഞ്ചിൽ മാത്രം ഇതുവരെ 2,417 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലഹരി മാഫിയക്കെതിരെയുള്ള പരിശോധനകളും തുടരന്വേഷണങ്ങളും ശക്തമായി മുന്നോട്ട് കൊണ്ടുപോകും.

ടി.നാരായണൻ, തൃശൂർ റേഞ്ച് ഡി.ഐ.ജി,

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL