SignIn
Kerala Kaumudi Online
Sunday, 20 September 2026 2.29 PM IST

മലപ്പുറത്തെ പൊതുജനാരോഗ്യം; ജനപ്രതിനിധികളുടെ അടിയന്തര ഇടപെടൽ വേണം: ഡോ. ബി.ഇക്ബാൽ

കേരളകൗമുദി വാർത്ത ചർച്ചയാക്കി ഡോ. ബി. ഇക്ബാൽ

മലപ്പുറം: സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള മലപ്പുറം ജില്ലയിലെ പൊതുജനാരോഗ്യ സംവിധാനങ്ങളുടെയും മാതൃശിശു സംരക്ഷണ രംഗത്തിന്റെയും പിന്നാക്കാവസ്ഥയിൽ ഗൗരവമായ ആശങ്ക രേഖപ്പെടുത്തി പ്രമുഖ ജനകീയാരോഗ്യ പ്രവർത്തകനും കേരള യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായ ഡോ. ബി.ഇക്ബാൽ. കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയോട് പ്രതികരിക്കവെയാണ്, ജില്ലയിലെ സർക്കാർ ആശുപത്രികളുടെ ദയനീയസ്ഥിതി പരിഹരിക്കാൻ സർക്കാരും ജനപ്രതിനിധികളും അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.

സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ നടക്കുന്ന പ്രസവങ്ങളുടെ ശരാശരി 30 ശതമാനത്തോളമായിരിക്കെ, മലപ്പുറത്ത് ഇത് 20 ശതമാനത്തിൽ താഴെ മാത്രമാണ്. ജില്ലയിലെ പ്രസവങ്ങളിൽ 80 ശതമാനത്തിലധികവും സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചാണ് നടക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾ ഏറെയുള്ള മലപ്പുറത്ത് പ്രസവം പോലുള്ളവയ്ക്ക് പോലും വലിയ തുക ചെലവഴിച്ച് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നത് കുടുംബങ്ങൾക്ക് കടുത്ത സാമ്പത്തിക ഭാരമുണ്ടാക്കുന്നു. ഇത് കേവലം ആരോഗ്യനയത്തിന്റെ പ്രശ്നം മാത്രമല്ല, സാമൂഹികനീതിയുടെ നിഷേധം കൂടിയാണ്. ഈ വലിയ വ്യത്യാസത്തിന്റെ കാരണങ്ങൾ ഗൗരവമായി പരിശോധിക്കണം.

ജില്ലയിൽ സ്വകാര്യ ആശുപത്രികൾക്കും പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രികൾക്കും ആരോഗ്യരംഗത്ത് പ്രധാന സ്ഥാനമുണ്ട്. എന്നാൽ ജനസംഖ്യാനുപാതികമായി സർക്കാർ ആരോഗ്യ സംവിധാനം വികസിച്ചിട്ടില്ല. വർദ്ധിച്ചുവരുന്ന ആരോഗ്യാവശ്യങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ ശക്തമായ സർക്കാർ സംവിധാനത്തിന്റെ ആവശ്യകത വ്യക്തമാണ്. മഞ്ചേരി മെഡിക്കൽ കോളേജിൽ പോലും അടിസ്ഥാന സൗകര്യങ്ങളുടെയും മാനവവിഭവശേഷിയുടെയും കടുത്ത അപര്യാപ്തത നിലനിൽക്കുന്നുണ്ട്. ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരും ഇല്ലാത്തതും ഭൗതിക സാഹചര്യങ്ങളുടെ കുറവും സാധാരണക്കാരായ രോഗികളെ വലയ്ക്കുന്നു. -അദ്ദേഹം ചൂണ്ടിക്കാട്ടി

ഡോ.ബി. ഇക്ബാലിന്റെ നിർദ്ദേശങ്ങൾ

1- സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി മെച്ചപ്പെടുത്തണം. ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും കുറവുകൾ പരിഹരിക്കണം.

2 - ചികിത്സയ്ക്കാവശ്യമായ ഉപകരണങ്ങളും മറ്റ് ഭൗതിക സൗകര്യങ്ങളും ഉറപ്പാക്കി നിലവിലുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനശേഷി വർദ്ധിപ്പിക്കണം.

3- ജനസംഖ്യയും ആരോഗ്യാവശ്യങ്ങളും കണക്കിലെടുത്ത് ജില്ലയിൽ ആവശ്യമായ സ്ഥലങ്ങളിൽ പുതിയ സർക്കാർ ആശുപത്രികൾ സ്ഥാപിക്കണം.

നിയമസഭയിൽ ഭരണപക്ഷത്തിന് ശക്തമായ പ്രാതിനിധ്യമുള്ളതും പ്രമുഖ മന്ത്രിമാരുള്ളതുമായ ജില്ലയായിട്ടും പൊതുജനാരോഗ്യ രംഗത്തെ വികസനത്തിൽ മലപ്പുറം തഴയപ്പെടുകയാണ്. ഈ രാഷ്ട്രീയ പ്രാതിനിധ്യം ജില്ലയിലെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഫലപ്രദമായി ഉപയോഗിക്കണം.

ഡോ. ബി.ഇക്ബാൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL