മലപ്പുറം: പ്രകൃതിദുരന്തങ്ങളിൽ കൃഷി നശിച്ച് മാസങ്ങൾ പിന്നിട്ടിട്ടും ജില്ലയിലെ കർഷകർക്ക് അർഹമായ നഷ്ടപരിഹാരവും ഇൻഷ്വറൻസ് തുകയും വിതരണം ചെയ്യാതെ അധികൃതരുടെ അനാസ്ഥ. വെള്ളപ്പൊക്കം, വരൾച്ച, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ കാരണം കൃഷിനാശം സംഭവിച്ച കർഷകർക്ക് നൽകേണ്ട കോടിക്കണക്കിന് രൂപയുടെ കുടിശ്ശികയാണ് നിലവിൽ വിതരണം ചെയ്യാതെ മുടങ്ങിക്കിടക്കുന്നത്.
2020 മുതൽ ഈ വർഷം വരെ കൃഷിനാശം സംബന്ധിച്ച് ജില്ലയിൽ ലഭിച്ച 19,000ത്തോളം അപേക്ഷകളിലായി 19 കോടിയോളം രൂപയാണ് നഷ്ടപരിഹാരമായി അനുവദിച്ചിരുന്നത്. എന്നാൽ ഇതിൽ പത്ത് കോടിയോളം രൂപ ഇനിയും കർഷകർക്ക് ലഭിക്കാനുണ്ട്.
സംസ്ഥാന സർക്കാരിന്റെ വിഹിതവും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (എസ്.ഡി.ആർ.എഫ്) നിന്നുള്ള വിഹിതവും ചേർത്താണ് കൃഷിനാശ നഷ്ടപരിഹാരം നൽകുന്നത്. അനുവദിച്ച തുകയിൽ സംസ്ഥാന വിഹിതമായി 16 കോടിയോളം രൂപയും എസ്.ഡി.ആർ.എഫ് വിഹിതമായി 2.80 കോടി രൂപയുമാണ് ഉണ്ടായിരുന്നത്. എന്നാൽ സംസ്ഥാന വിഹിതത്തിൽ നിന്ന് മുഴുവൻ തുക അനുവദിക്കാത്തതാണ് തടസ്സം.
ഇൻഷ്വറൻസ് തുകയും ലഭിച്ചില്ല
വിളനാശത്തിൽ ജില്ലയിലെ കർഷകർ സമർപ്പിച്ച ഇൻഷ്വറൻസ് അപേക്ഷകളിലും തീർപ്പുകൽപ്പിച്ചിട്ടില്ല. 2025-26 സാമ്പത്തിക വർഷം മുതലുള്ള അപേക്ഷകരാണ് ഇനിയും നഷ്ടപരിഹാരം ലഭിക്കാതെ കഷ്ടപ്പെടുന്നത്. ബാങ്കുകളിൽ നിന്നും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്ത് കൃഷിയിറക്കി പല കർഷകരും ജപ്തിഭീഷണിയടക്കം നേരിടുന്നുണ്ട്. വിള ഇൻഷ്വറൻസ് അടക്കം സമയബന്ധിതമായി ലഭിക്കാത്തത് കർഷകരെ വലിയ ദുരിതത്തിലാക്കിയിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം മൂലം കാർഷിക മേഖലയിൽ നിരന്തരം നഷ്ടങ്ങൾ നേരിടുമ്പോൾ പലരും കൃഷിയിൽ നിന്ന് പിൻവാങ്ങുന്നുണ്ട്. അർഹമായ സഹായങ്ങൾ പോലും ലഭിക്കാതിരുന്നാൽ കാർഷിക മേഖലയിൽ നിന്ന് വലിയതോതിൽ കൊഴിഞ്ഞുപോക്കുണ്ടാവുമെന്ന് കർഷക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |