പാലക്കാട്: പെരിട്ടോണിയൽ ഡയാലിസിസ് ചെയ്യുന്ന വൃക്ക രോഗികൾക്ക് പാലക്കാട് ജില്ലാ ആശുപത്രി വഴി സൗജന്യമായി നൽകിയിരുന്ന ഫ്ലൂയിഡ് വിതരണം നിലച്ചു. കാരുണ്യ ഫാർമസികളിൽ നിന്ന് കാരുണ്യ ഇൻഷ്വറൻസ് ഉപയോഗിച്ച് വാങ്ങുന്ന ഫ്ലൂയിഡ് ബാഗിന്റെ എണ്ണം വെട്ടിക്കുറയ്‌ക്കുകയും ചെയ്തതോടെ രോഗികൾ പെരുവഴിയിൽ. പുറത്തുനിന്ന് വാങ്ങുകയാണെങ്കിൽ 20,000 -30,000 രൂപ മാസം ചെലവ് വരും. പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നു മാത്രം 69 രോഗികൾക്കാണ് ഫ്ലൂയിഡ് നൽകിയിരുന്നത്. നേരത്തെ ഒരു മാസത്തേക്കുള്ള മുഴുവൻ ഫ്ലൂയിഡും കാരുണ്യ ഫാർമസികളിൽ നിന്ന് ലഭ്യമായിരുന്നു. കേന്ദ്ര സർക്കാർ സോഫ്‌റ്റ്‌വെയറിൽ വരുത്തിയ മാറ്റമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. നിലവിൽ ഒരു രോഗിക്ക് ഒമ്പത് ബാഗ് ഫ്ലൂയിഡ് മാത്രമാണ് ഒരുമിച്ച് നൽകുന്നത്. മുമ്പ് 90-100 ഫ്ലൂയിഡ് ബാഗ് വരെ നൽകിയിരുന്നതാണ്. ഇതോടെ മൂന്നുനേരം ഫ്ലൂയിഡ് ഉപയോഗിക്കേണ്ട രോഗികൾ മൂന്നുദിവസം കൂടുമ്പോൾ ഫ്ലൂയിഡ് വാങ്ങേണ്ട സ്ഥിതിയാണ്. മാസത്തിൽ പത്തിൽ കൂടുതൽ തവണ രോഗികൾ ആശുപത്രിയിലെത്തണം. ബസിൽ യാത്രചെയ്യാനാകാത്തവരാണ് ഇവരിൽ മിക്കവരും. ഇവർക്ക് ആശുപത്രിയിലെത്താൻ മാത്രം മാസം ഭീമമായ ചെലവ് വരും.
പെരിട്ടോണിയൽ ഡയാലിസിസ്?
ഹീമോ, പെരിട്ടോണിയൽ എന്നിങ്ങനെ രണ്ട് തരം ഡയാലിസിസുകളാണുള്ളത്. ഡയാലിസിസ് മെഷീനിലൂടെ രക്തം കടത്തിവിട്ട് ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ഹീമോ. എന്നാൽ രോഗിയുടെ ഉദരത്തിൽ സുഷിരമുണ്ടാക്കി അതിലൂടെ കത്തീറ്റർ കടത്തി ഉദരത്തിനുള്ളിൽ പെരിറ്റോണിയൽ ഡയാലിസിസ് ദ്രാവകം നിറക്കുന്നതാണ് പെരിട്ടോണിയൽ. ഒരിക്കൽ കത്തീറ്റർ പ്രവേശിപ്പിച്ച് കഴിഞ്ഞാൽ പിന്നീട് രോഗിക്ക് വീട്ടിൽ വെച്ചുന്നെ തന്നെ ഡയാലിസിസ് ദ്രാവകം കത്തീറ്ററിലൂടെ പെരിട്ടോണിയത്തിൽ നിറയ്ക്കാൻ സാധിക്കും. നിശ്ചിതസമയത്തിന് ശേഷം വൃക്കകളിലെ മാലിന്യം പെരിട്ടോണിയൽ ദ്രാവകത്തിലേക്ക് വലിച്ചെടുക്കപ്പടുകയും ദ്രാവകം പുറത്തേക്ക് ഒഴുക്കി കളയുകയും ചെയ്യുന്നു. ഏകദേശം ഒരു മണിക്കൂർ വരുന്ന പ്രക്രിയ രോഗിയുടെ അസുഖത്തിന്റെ കാഠിന്യമനുസരിച്ച് ഡോക്ടറുടെ നിർദേശ പ്രകാരം ദിവസം രണ്ടോ മൂന്നോ തവണ ആവർത്തിക്കേണ്ടി വരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |