വടശ്ശേരിക്കര: വന്യജീവി ശല്യം രൂക്ഷമായ വടശേരിക്കരയിലും പരിസര പ്രദേശങ്ങളിലും, പമ്പാ ഇറിഗേഷൻ പ്രൊജക്റ്റിന്റെ കീഴിലുള്ള കനാൽ പുറമ്പോക്കുകളും കെട്ടിടങ്ങളും കാടുമൂടി കിടക്കുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. വടശേരിക്കര വില്ലേജ് ഓഫീസിന് സമീപമുള്ള പി.ഐ.പി വക കെട്ടിടത്തിന് മുകളിലേക്ക് വരെ കാടുകൾ പടർന്നു പന്തലിച്ചിട്ടും ഇത് നീക്കം ചെയ്യാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. തൊട്ടടുത്ത വനമേഖലയിൽ നിന്നും ഏകദേശം 6 കിലോമീറ്ററോളം ദൂരെയുള്ള പ്രദേശമാണിത്. എന്നാൽ, ജനവാസ മേഖലയായ ഇവിടെ ദിവസേന കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യജീവികൾ തമ്പടിക്കുന്നതായി പ്രദേശവാസികൾ പറയുന്നു. സർക്കാർ വക ഭൂമിയിലെയും കനാലുകളിലെയും കാടും പടലുകളുമാണ് വന്യജീവികൾക്ക് സുരക്ഷിതമായി ഒളിച്ചിരിക്കാൻ താവളമൊരുക്കുന്നത്.
പ്രധാന ആവശ്യങ്ങൾ
1. വില്ലേജ് ഓഫീസിന് സമീപത്തെയും കനാൽ തീരങ്ങളിലെയും കാടുകൾ അടിയന്തരമായി വെട്ടിമാറ്റുക.
2. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള പി.ഐ.പി കെട്ടിടങ്ങൾ നവീകരിക്കുകയോ വന്യമൃഗങ്ങൾ താവളമാക്കാത്ത രീതിയിൽ സംരക്ഷിക്കുകയോ ചെയ്യുക.
3. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണുക.
.........................................................
സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലെ കാടുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ഉത്തരവിടുന്ന സർക്കാർ സംവിധാനങ്ങളാണ് സ്വന്തം മൂക്കിനു താഴെയുള്ള ഈ കാടുകയറ്റം കണ്ടില്ലെന്ന് നടിക്കുന്നത്.
രാജേഷ് കുമാർ
(പ്രദേശവാസി )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |