വടക്കാഞ്ചേരി : മച്ചാട്, വടക്കാഞ്ചേരി മേഖലയിൽ കാട്ടാനകൾ വിലസുമ്പോൾ ജനം പരിഭ്രാന്തരാണ്. പ്രതിരോധ പ്രവർത്തനങ്ങളെല്ലാം പാളുകയാണ്. ഇന്നലെ വാഴാനി ഡാം ജലാശയത്തിലും അകമലയിലും ആനകൾ ഇറങ്ങി. വാഴാനിയിൽ സഹകരണ സംഘം ജീവനക്കാർ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന രണ്ട് കുട്ടവഞ്ചികളിലൊന്ന് തകർത്തു. ഹരിജൻ ഗിരിജൻ വെൽഫെയർ സഹകരണ സംഘത്തിന്റെ കീഴിലുള്ളതാണ് വഞ്ചി. രണ്ട് കുട്ടവഞ്ചിയും ഒരു വഞ്ചിയുമാണ് സംഘത്തിനുള്ളത്. മഴ ആരംഭിച്ചതോടെ മത്സ്യം ധാരാളം ലഭിക്കുന്ന സമയമാണ്. ആന വഞ്ചി നശിപ്പിച്ചതോടെ തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലായി. കൂടുതൽ പേർക്ക് മത്സ്യബന്ധനത്തിന് പോകാൻ കഴിയാത്ത സ്ഥിതിയാണ്. അകമല ചക്യാറയിൽ ജനവാസ മേഖലയിലിറങ്ങിയ ആന എരിഞ്ഞികളത്തിൽ ജയേഷിന്റെ പ്ലാവിൽ നിന്ന് ചക്ക ഭക്ഷിച്ചു. ഉഷ ശങ്കറിന്റെ കൃഷിയിടത്തിലും വൻ നാശം സൃഷ്ടിച്ചു. ഷൊർണൂർ-തൃശൂർ റെയിൽപാളത്തിന് സമീപം രണ്ട് പനകൾ കുത്തി മറിച്ചിട്ടു. റാപ്പിഡ് റെസ് പോൺസ് ടീം (ആർ.ആർ.ടി) സ്ഥലത്തെത്തി. നിരീക്ഷണ ക്യാമറയിൽ ആനയുടെ ദൃശ്യങ്ങൾ പതിഞ്ഞു. വലിയ ഭീതിയിൽ കഴിയുകയാണ് വനമേഖലയോട് തൊട്ട് താമസിക്കുന്ന ജനങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |