SignIn
Kerala Kaumudi Online
Wednesday, 24 June 2026 5.48 PM IST

യുദ്ധം അവസാനിച്ചുവെന്ന് ട്രംപിന്റെ കത്ത്; കോൺഗ്രസ് അനുമതി മറികടക്കാനുള്ള തന്ത്രമെന്ന് പ്രതിപക്ഷം

READ ENGLISH VERSION
trump

വാഷിംഗ്ടൺ: ഇറാനുമായുള്ള സൈനിക നീക്കങ്ങൾ ഔദ്യോഗികമായി 'അവസാനിച്ചു' എന്ന പ്രഖ്യാപനവുമായി യു.എസ് പ്രസിഡന്റ് ‌ ‌ഡൊണാൾഡ് ട്രംപ്. യു.എസ്-ഇസ്രായേൽ സഖ്യവും ഇറാനുമായി നടത്തിവന്ന സൈനിക നടപടികൾ അവസാനിച്ചുവെന്ന് കത്തിലൂടെ കോൺഗ്രസിനെ അറിയിക്കുകയായിരുന്നു. മേയ് ഒന്നിന് അയച്ച ഈ കത്തിൽ, ഫെബ്രുവരി 28ന് ആരംഭിച്ച് ഏപ്രിൽ ഏഴ് മുതൽ വെടിനിർത്തലിൽ തുടരുന്ന പോരാട്ടം അവസാനിച്ചു എന്നാണ് ട്രംപ് വ്യക്തമാക്കിയത്.

എന്നാൽ, സൈനിക നടപടികൾക്ക് കോൺഗ്രസിന്റെ അനുമതി തേടേണ്ട 60 ദിവസത്തെ നിയമപരമായ കാലാവധി മറികടക്കാനുള്ള ട്രംപിന്റെ തന്ത്രമാണിതെന്ന് ഡെമോക്രാറ്റിക് പാർട്ടി ആരോപിക്കുന്നു. യുദ്ധം തുടരാൻ പാർലമെന്റിന്റെ (കോൺഗ്രസ്) അനുമതി ചോദിക്കാനുള്ള അവസാന തീയതി മേയ് ഒന്നായിരുന്നു. 1973-ലെ 'വാർ പവേഴ്‌സ് റെസല്യൂഷൻ' പ്രകാരം 60 ദിവസത്തിലധികം യുദ്ധം തുടരാൻ ജനപ്രതിനിധി സഭയുടെ അനുമതി നിർബന്ധമാണ്. യുദ്ധം അവസാനിച്ചതിനാൽ ഇനി അനുമതിയുടെ ആവശ്യമില്ലെന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചത്.

ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ ഉൾപ്പെടെയുള്ള നേതാക്കൾക്ക് അയച്ച കത്തിൽ, ഏപ്രിൽ ഏഴിന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ വെടിവെയ്പ്പ് ഉണ്ടായിട്ടില്ലെന്ന് ട്രംപ് അറിയിച്ചു. ഫെബ്രുവരി 28-ന് ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന പേരിലാണ് യു.എസ് ആക്രമണം ആരംഭിച്ചത്. എന്നാൽ ട്രംപിന്റെ ഈ നീക്കത്തിനെതിരെ കടുത്ത വിമർശനമാണ് ഡെമോക്രാറ്റുകൾ ഉയർത്തുന്നത്. ഇറാന്റെ തുറമുഖങ്ങളിൽ അമേരിക്ക ഇപ്പോഴും നാവിക ഉപരോധം തുടരുന്നത് യുദ്ധത്തിന്റെ ഭാഗമാണെന്ന് സെനറ്റർ ടിം കെയ്ൻ ഉൾപ്പെടെയുള്ളവർ വാദിക്കുന്നു. "ഭരണഘടനയിൽ യുദ്ധം താൽക്കാലികമായി നിർത്താൻ പോസ് (Pause) ബട്ടൺ ഇല്ല" എന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതികരണം. റിപ്പബ്ലിക്കൻ പാർട്ടിയിലെ ചില അംഗങ്ങളും ട്രംപിന്റെ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

ഇപ്പോൾ നടക്കുന്നത് നിയമവിരുദ്ധമായ യുദ്ധമാണെന്നും അമേരിക്കക്കാരുടെ പണം ഇതിനായി ദുരുപയോഗം ചെയ്യുകയാണെന്നും സെനറ്റർ ടിം കെയ്ൻ ആരോപിച്ചു. പതിനായിരക്കണക്കിന് അമേരിക്കൻ സൈനികർ ഇപ്പോഴും മേഖലയിൽ അപകടസാദ്ധ്യതയുള്ള സാഹചര്യത്തിൽ തുടരുകയാണെന്നും, യുദ്ധം അവസാനിച്ചു എന്ന പ്രഖ്യാപനം യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്നും സെനറ്റർ ജീൻ ഷഹീൻ വിമർശിച്ചു. യുദ്ധം അവസാനിച്ചുവെന്ന് അവകാശപ്പെടുമ്പോഴും, ഇറാന്റെ ഭീഷണി നിലനിൽക്കുന്നുണ്ടെന്നും മേഖലയിലെ സൈനിക വിന്യാസം ആവശ്യാനുസരണം തുടരുമെന്നും ട്രംപ് കത്തിൽ പരാമർശിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, US-IRAN WAR, TRUMP, LETTER, US CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360