ഹെെദരാബാദ്: ഭർത്താവിന്റെയും അമ്മായിയമ്മയുടെയും ക്രൂരപീഡനത്തെ തുടർന്ന് ഗർഭിണി ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ മേദക് ജില്ലയിലാണ് ദാരുണസംഭവം നടന്നത്. അല്ലദുർഗിലെ ദാഡിപെഡ്ഡാപൂരിൽ താമസിച്ചിരുന്ന സുസ്‌മിതയാണ് (23)മരിച്ചത്. ഇവർ അഞ്ചുമാസം ഗർഭിണിയായിരുന്നു. 18 മാസം മുൻപാണ് സുസ്‌മിതയും ജി അഭിലാഷും വിവാഹിതരായത്.
അഭിലാഷിന് സുസ്മിതയെ സംശയമായിരുന്നുവെന്നും ഇക്കാര്യം പറഞ്ഞ് ദിവസവും മകളെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും യുവതിയുടെ അമ്മ ജനാബായി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. അമ്മായിയമ്മയും മകളെ ഉപദ്രവിച്ചിരുന്നുവെന്നും ജനാബായി പറഞ്ഞു.
'ജൂൺ 23ന് അഭിലാഷിന്റെ വീട്ടിൽ ബേബി ഷവർ ചടങ്ങിനെക്കുറിച്ച് ചർച്ച ചെയ്യാൻ പോയിരുന്നു. അവിടെവച്ച് ഇരുകുടുംബങ്ങളും തമ്മിൽ തർക്കം ഉണ്ടായി. ഇതിനിടെ അഭിലാഷ് കുഞ്ഞിന്റെ ഡിഎൻഎ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെ കുടുംബാംഗങ്ങൾ ഇടപെട്ട് പ്രശ്നം ഒത്തുതീർപ്പാക്കി. പക്ഷേ എന്നിട്ടും അവർ മകളെ മാനസികപീഡനത്തിന് ഇരയാക്കി. അത് സഹിക്കാൻ കഴിയാതെയാണ് അവൾ ജീവനൊടുക്കിയത്'- ജനാബായി വ്യക്തമാക്കി. ജനാബായിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്‌റ്റ്മോർട്ടത്തിന് ശേഷം സുസ്മിതയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനൽകി.
അഭിലാഷിനെയും അമ്മയെയും അറസ്റ്റുചെയ്ത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയെന്നും ജുഡീഷ്യൽ റിമാൻഡിൽ വിട്ടെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് വ്യക്തമാക്കി. നിലവിൽ ആത്മഹത്യാ പ്രേരണ കുറ്റം, പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |