
മെക്സിക്കോ സിറ്റി: നാല് വർഷം ഫുട്ബോൾ പ്രേമികൾ കാത്തിരുന്ന കിക്കോഫിന് ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. ഈ ലോകകപ്പിന്റെ ഔദ്യോഗിക പന്ത് അഡിഡാസ് നിർമിച്ച 'ട്രിയോണ്ട'യാണ് ഇനി താരം. മൂന്ന് ആതിഥേയ രാജ്യങ്ങളായ അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവയെ പ്രതിനിധീകരിക്കുന്ന നീല, പച്ച, ചുവപ്പ് നിറങ്ങളിലാണ് ഈ പന്ത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പന്തിലെ നീല നക്ഷത്രം അമേരിക്കയെയും ചുവന്ന മേപ്പിൾ ഇല കാനഡയെയും പച്ച നിറമുള്ള പരുന്ത് മെക്സിക്കോയെയുമാണ് പ്രതിനിധീകരിക്കുന്നത്. അതിനൂതന സാങ്കേതിക വിദ്യകളുടെ സമന്വയമായ ഈ പന്താണ് വരും നാളുകളിലെ കാൽപ്പന്ത് പ്രേമികളുടെ ആവേശം.
മൂന്ന് ആതിഥേയ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ‘ട്രൈ’, സ്പാനിഷിൽ ‘തിരമാല’ എന്നർത്ഥം വരുന്ന ‘ഓണ്ട’ എന്നീ വാക്കുകൾ ചേർന്നതാണ് 'ട്രിയോണ്ട' എന്ന പേര് പന്തിന് നൽകിയിരിക്കുന്നത്. തുന്നലുകൾ ഇല്ലാതെ ചൂടുകൊണ്ട് ഒട്ടിച്ചുച്ചേർത്ത നാല് പാനലുകൾ മാത്രം ഉപയോഗിച്ചാണ് 'ട്രിയോണ്ട'യുടെ നിർമാണം. പന്തിന് കൂടുതൽ മിനുസവും കൃത്യമായ ഗോളാകൃതിയും ഇതിലൂടെ ലഭിക്കുമെന്നതാണ് പ്രത്യേകത.
വായുവിലെ ചലനങ്ങളിലുണ്ടാകുന്ന അസ്ഥിരത ഒഴിവാക്കാനും പാസുകളിലും ലോംഗ് ബോളുകളിലും ഷോട്ടുകളിലും കൃത്യതയാർന്ന സഞ്ചാരപാത ഉറപ്പാക്കാനും ഈ 'സ്മാർട്ട് ബോളിന്' കഴിയുമെന്നാണ് അഡിഡാസിന്റെ വാദം. പാനലുകൾ പരസ്പരം ഒട്ടിച്ചെടുക്കുന്നതിനാൽ വെള്ളം പന്തിനുള്ളിൽ കടക്കില്ലെന്ന പ്രത്യേകതയുമുണ്ട്. കളിക്കാർക്ക് പന്തിൻമേൽ മികച്ച ഗ്രിപ്പ് ലഭിക്കുന്ന രീതിയിലാണ് ട്രിയോണ്ട നിർമിച്ചിരിക്കുന്നത്. ഇത് മികച്ച സ്പിൻ നൽകുന്നതിനും പന്തിന് വളഞ്ഞുപോകാനുള്ള കഴിവ് നിലനിർത്തുന്നതിനും സഹായിക്കും
കൂടാതെ, അഡിഡാസിന്റെ 'കണക്റ്റഡ് ബോൾ' സാങ്കേതികവിദ്യയാണ് പുതിയ പന്തിലുള്ളത്. ട്രിയോണ്ടയ്ക്കുള്ളിലെ സെൻസർ സെക്കൻഡിൽ 500 തവണ ചലനങ്ങൾ രേഖപ്പെടുത്തുകയും വീഡിയോ അസിസ്റ്റന്റ് റെഫറി (വാർ), സെമി-ഓട്ടമേറ്റഡ് ഓഫ്‌സൈഡ് സിസ്റ്റം എന്നിവയുമായി തത്സമയം ബന്ധപ്പെടുകയും ചെയ്യും. പന്തിന്റെ സ്ഥാനം, വേഗം, സ്പർശനം എന്നിവ സംബന്ധിച്ച തത്സമയ വിവരങ്ങൾ സെൻസർ കൈമാറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |