SignIn
Kerala Kaumudi Online
Thursday, 11 June 2026 4.33 AM IST

ശബരിമല സ്വർണക്കൊള്ള : തട്ടിയെടുത്ത ശേഷം കുറഞ്ഞ അളവിൽ സ്വർണം പൂശി 

READ ENGLISH VERSION
1

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക പാളിയിൽ നിന്നും കട്ടിളപ്പാളിയിൽ നിന്നും സ്വർണം തട്ടിയെടുത്ത ശേഷം കുറഞ്ഞ അളവിൽ സ്വർണം പൂശിയാണ് തിരിച്ചെത്തിച്ചതെന്ന് കണ്ടെത്തൽ. ആദ്യം പൂശിയ ഭൂരിഭാഗം സ്വർണവും കൊള്ളയടിക്കപ്പെട്ടു. ശാസ്ത്രീയ പരിശോധന നടത്തിയ ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ നിന്നാണ് ഇക്കാര്യം പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചത്.

1998ൽ യു.ബി ഗ്രൂപ്പ് ചെയർമാൻ വിജയ് മല്യ ശബരിമല ശ്രീകോവിലിനൊപ്പം ദ്വാരപാലക ശിൽപ്പങ്ങളും സ്വർണം പൂശി. നിറം മങ്ങിയപ്പോഴാണ് 2019ൽ വീണ്ടും സ്വർണം പൂശാനായി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചത്.

ദ്വാരപാലക ശിൽപ്പ പാളി, കട്ടിളപ്പാളി എന്നിവയുടെ സാമ്പിൾ ശേഖരിച്ചായിരുന്നു പരിശോധന. വിജയ് മല്യ പൂശിയ സ്വർണം പ്രതികൾ തട്ടിയെടുത്ത ശേഷം നേർത്ത രീതിയിൽ സ്വർണം പൂശി ദേവസ്വം ബോർഡിനെ തിരികെ ഏൽപ്പിച്ചു. അയഡൈഡ് പ്രക്രിയ വഴിയാണ് സ്വർണം വേർതിരിച്ചത്. എന്നാൽ പി.എസ്.പ്രശാന്തിന്റെ ഭരണസമിതിയുടെ കാലത്ത് അറ്റകുറ്റപ്പണിക്കായി ചെന്നൈയിൽ കൊണ്ടുപോയ പാളികളിൽ നിന്ന് സ്വർണം നഷ്ടപ്പെട്ടിട്ടില്ലെന്നും പരിശോധനാ ഫലത്തിലുണ്ട്. എട്ട് സാമ്പിൾ ജംഷഡ്പൂരിലെ ലാബിലേക്ക് അയച്ചിരുന്നു.

 കൃത്യമായ അളവ് കണ്ടെത്തും

സ്വർണക്കൊള്ള കേസിൽ നിർണായക കണ്ടെത്തലാണ് ശാസ്ത്രീയ പരിശോധനാ ഫലം. ഇതനുസരിച്ച് നഷ്ടപ്പെട്ട സ്വർണത്തിന്റെ കൃത്യമായ അളവ് കണ്ടെത്താനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. തുടർന്ന് കുറ്റപത്രം തയ്യാറാക്കും. പി.എസ്. പ്രശാന്തിന്റെ കാലത്ത് സ്വർണം നഷ്ടപ്പെട്ടിട്ടില്ലെങ്കിലും എല്ലാ പാളികളും പരിശോധിക്കും. ഇതിനായി കൂടുതൽ സാമ്പിൾ ശേഖരിക്കണം. ഇതിന് ഹൈക്കോടതിയുടെ അനുമതി തേടും. ഫെബ്രുവരിയിൽ സ്വർണ സാമ്പിളുകളിൽ അത്യാധുനിക രീതിയിലുള്ള പരിശോധന അത്യാവശ്യമാണെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്നാണ് സാമ്പിൾ അയച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA