SignIn
Kerala Kaumudi Online
Tuesday, 23 June 2026 9.05 PM IST

നെഹ്റുട്രോഫി ആഗസ്റ്റ് 22ന്, 6കോടി രൂപയുടെ ബഡ്ജറ്റ്

ആലപ്പുഴ: തയ്യാറെടുപ്പ് തുടങ്ങിയ വള്ളസമിതികൾക്കും ക്ലബുകൾക്കും പ്രായോഗികമായ ബുദ്ധിമുട്ടുകൾ ഉണ്ടാവാതിരിക്കാൻ, നേരത്തേ നിശ്ചയിച്ചത് പ്രകാരം ആഗസ്റ്റ് 22ന് തന്നെ ഇക്കൊല്ലത്തെ നെഹ്റുട്രോഫി ജലമേള നടത്താൻ തീരുമാനമായി. കഴിഞ്ഞ എൻ.ടി.ബി.ആർ സെസൈറ്റിയുടെ യോഗം ഈ വർഷത്തെ ജലമേള ആഗസ്റ്റ് 22 ന് നടത്താൻ തീരുമാനിച്ചത് തെറ്റായ നടപടിയാണെന്നും വള്ളംകളി മുൻപ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവുമായി വൈകാരിക ബന്ധമുള്ളതാണെന്നും അത് ആഗസ്റ്റ് മാസത്തെ രണ്ടാം ശനിയാഴ്ച്ച തന്നെ നടത്തുന്നതാണ് ഉചിതമെന്നും കെ.സി.വേണുഗോപാൽ എം.പി ഇന്നലെ നടന്ന എൻ.ടി.ബി.ആർ യോഗത്തിൽ പറഞ്ഞു. എൻ.ടി.ബി.ആർ സൊസൈറ്റിയുടെ ഈ വർഷത്തെ ആദ്യ ജനറൽ ബോഡി യോഗമാണ് എം.പിമാരായ കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ നടന്നത്. എൻ.ടി.ബി.ആർ സൊസൈറ്റി ചെയർമാനും ജില്ലാ കളക്ടറുമായ ഷാജി.വി.നായർ അദ്ധ്യക്ഷത വഹിച്ചു.

കഴിഞ്ഞ വർഷത്തെ ജലമേള വലിയ വിജയമാക്കി മാറ്റിയതിൽ കെ.സി.വേണുഗോപാൽ എം.പിയുടെ പങ്ക് നിർണായകമായിരുന്നെന്ന് ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടി.

വള്ളംകളി ഉദ്ഘാടന ചടങ്ങിലേക്ക് മുഖ്യാതിഥികളെ കണ്ടെത്താൻ കളക്ടറെചുമതലപ്പെടുത്തി. പ്രവേശന ടിക്കറ്റ് നിരക്ക് മാറ്റമില്ലാതെ തുടരും. സ്പോൺസർഷിപ്പിന് ടെൻഡർ ക്ഷണിക്കും. സബ് കമ്മിറ്റികളുടെ രൂപീകരണത്തിന് അതത് കമ്മിറ്റികളുടെ കൺവീനർമാരെയും ഇന്റേണൽ ഓഡിറ്റ് കമ്മിറ്റി രൂപീകരണത്തിന് ഇന്റേണൽ ഓഡിറ്റ് കമ്മിറ്റി കൺവീനറെയും ചുമതലപ്പെടുത്തി.
യോഗത്തിൽ മുൻ എം.എൽ.എമാരായ അഡ്വ.എ.എ.ഷുക്കൂർ, സി.കെ.സദാശിവൻ, കെ.കെ.ഷാജു, എ.ഡി.എം സി.പ്രേംജി, ഡെപ്യൂട്ടി കളക്ടറും ആർ.ഡി.ഒ ഇൻചാർജുമായ കല ഭാസ്കർ, ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ പി.എസ്.വിനോദ്, ഡെപ്യുട്ടി പൊലീസ് സൂപ്രണ്ട് ഗിൽസൺ മാത്യു, ചുണ്ടൻവള്ളം ഉടമ അസോസിയേഷൻ പ്രസിഡന്റ് ആർ.കെ.കുറുപ്പ്, ജനറൽ ബോഡി അംഗങ്ങൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ബോണസ് നൽകാൻ

₹1.65കോടി

സ്പോൺസർഷിപ്പിലൂടെ 3.5 കോടി

 ഇക്കൊല്ലത്തെ നെഹ്റുട്രോഫി ജലമേളയ്ക്ക് 6,04,70000 രൂപയുടെ ബഡ്ജറ്റ്. 3.5 കോടി രൂപ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തും

 ഒരു കോടി രൂപ സംസ്ഥാന ടൂറിസം ഗ്രാന്റും 50 ലക്ഷം രൂപ കേന്ദ്ര ടൂറിസം ഗ്രാന്റും പ്രതീക്ഷിക്കുന്നുണ്ട്

 ടിക്കറ്റ് വിൽപ്പനയിലൂടെ 90 ലക്ഷം രൂപയും ആങ്കറിംഗ് ചാർജായി 10 ലക്ഷം രൂപയും പ്രതീക്ഷിക്കുന്നു

 1.65കോടി രൂപയാണ് ബോണസിനായി മാറ്റിവച്ചിട്ടുള്ളത്. ഇൻഫ്രാസ്ട്രക്ച്ചർ കമ്മറ്റിക്ക് 60 ലക്ഷവും വകയിരുത്തി

 2024,2025 മെയിന്റനനസ് ഗ്രാന്റിനത്തിൽ 36 ലക്ഷവും കൾച്ചറൽ കമ്മറ്റിക്ക് 15 ലക്ഷവും പ്രൈസ് മണിക്ക് 8.25 ലക്ഷവും ഉൾക്കൊള്ളിച്ചു

എൻ.ടി.ബി.ആർ സൈസൈറ്റിയും സർക്കാർ ഉദ്യോഗസ്ഥരും ഒരു മനസ്സോടെ പ്രവർത്തിച്ച് ആലപ്പുഴയുടെ പൈതൃകമായ ജലോത്സവം വൻ വിജയമാക്കി മാറ്റണം

- കൊടിക്കുന്നിൽ സുരേഷ് എം.പി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL