
കളമശേരി: ലോക ജനസംഖ്യയിൽ ഒരു ശതമാനത്തോളം പേർക്കുമാത്രമുള്ള അപൂർവ ബ്ലഡ് ഗ്രൂപ്പുകാരനായിട്ടും വട്ടേകുന്നം പുത്തൻ വീട്ടിൽ കെ. അനിൽ കുമാർ ആരെങ്കിലും രക്തം ആവശ്യപ്പെട്ടാൽ ഒരു മടിയും കൂടാതെ ഓടിയെത്തും. അത്യപൂർവമായ എ.ബി നെഗറ്റീവ് എന്ന രക്തമാണ് തന്റെ സിരകളിലോടുന്നത് എന്ന തിരിച്ചറിവ് സഹജീവികൾക്കുള്ള ജീവൻ രക്ഷാമാർഗമായാണ് അനിൽകുമാർ കാണുന്നത്. അതിനാൽ രക്തദാനം ഒരു ശീലമായിക്കഴിഞ്ഞു. രക്തം ദാനം ചെയ്യേണ്ട സമയമെത്തുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത അസ്വസ്ഥത തനിക്കുണ്ടാകുമെന്നാണ് അനിൽ പറയുന്നത്. മൂന്നര പതിറ്റാണ്ടിലേറെയായി പ്രാദേശിക മാദ്ധ്യമ പ്രവർത്തകനായ ഇദ്ദേഹം ഷഷ്ടിപൂർത്തി തികഞ്ഞിട്ടും രക്തദാനം തുടരുന്നു. 124 തവണയാണ് ഇതുവരെ രക്തദാനം നടത്തിയത്.
എ.ബി നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പുകാരുടെ പ്രത്യേകത ഇവർക്ക് ഏത് നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പുകാരുടെയും രക്തം സ്വീകരിക്കാം എന്നതാണ്. അതിലുപരി ഇവരുടെ പ്ലാസ്മ ഏതു ഗ്രൂപ്പുകാർക്കും നൽകാനുമാകും. അതിനാൽ സാർവത്രിക പ്ലാസ്മ ദാതാക്കൾ എന്നാണ് ഇവരെ വിളിക്കുക.
വക്കീൽ ഗുമസ്തനായി ജോലി നോക്കുമ്പോൾ അപകടത്തിനിരയായ വ്യക്തിക്ക് രക്തം നൽകി സഹായിക്കണമെന്ന വക്കീലിന്റെ അഭ്യർത്ഥന മാനിച്ച് ഭയപ്പാടോടെയാണ് ആദ്യമായി ലിസി ആശുപത്രിയിൽ രക്തം നൽകിയത്. അതോടെ അനിലിനെ തേടി ആളുകൾ എത്താൻ തുടങ്ങി. ഇതുവരെ ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായില്ല. ഗവ. മെഡിക്കൽ കോളേജ്, എറണാകുളം സർക്കാർ ആശുപത്രി, മെഡിക്കൽ ട്രസ്റ്റ്, അമൃത ആശുപത്രി, ആസ്റ്റർ മെഡിസിറ്റി, രാജഗിരി, ലക്ഷ്മി, ഐ.എം.എ തുടങ്ങിയ ആശുപത്രികളിലാണ് രോഗികൾക്കായി രക്തം നൽകിയിട്ടുള്ളത്.
മിനിമോൾ ചാരിറ്റബിൾ കൊല്ലം, ലൈഫ് ഫ്ലോ എന്നീ രക്തദാന ഗ്രൂപ്പുകളിൽ സജീവമാണ്. മുൻ മന്ത്രിമാരായ ബാലഗോപാൽ, പി. രാജീവ്, ചലച്ചിത്ര സംവിധായകൻ മെക്കാർട്ടിൻ, പന്ന്യൻ രവീന്ദ്രൻ, സാമൂഹ്യസേവകൻ ജോബി തോമസ് എന്നിവരിൽ നിന്ന് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
രാധികയാണ് ഭാര്യ. മകൾ: അഭിരാമി (യു.കെ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |