SignIn
Kerala Kaumudi Online
Friday, 05 June 2026 5.43 AM IST

ആർമി ടവർ പൊളി​ക്കൽ നി​യമക്കുരുക്കി​ലേക്ക്

chander
പൊളി​ക്കാനൊരുങ്ങുന്ന ചന്ദേർകുഞ്ജ് ആർമി ടവറുകൾ

കൊച്ചി: വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ ചന്ദേർകുഞ്ജ് ആർമി ടവർ പൊളിക്കൽ നിയമക്കുരുക്കിലേക്ക്. ഉടമകളും നിർമ്മാതാക്കളും തമ്മിലുള്ള നിയമയുദ്ധങ്ങളെ തുടർന്ന് ടവറുകളിൽ നിന്ന് താമസക്കാരെ ഒഴിപ്പിച്ച്, പൊളിച്ച്, പുനർനിർമ്മിക്കാനുള്ള ചുമതല ഹൈക്കോടതി ജില്ലാ കളക്ടറെ ഏൽപ്പിച്ചിരിക്കുകയാണ്. എന്നാൽ ഇക്കാര്യങ്ങളി​ൽ നേരി​ട്ട് ഇടപെടാതെ കെട്ടിടത്തെ തകർച്ചയിലേക്ക് വഴിയൊരുക്കിയ ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ (എ.ഡബ്ല്യു.എച്ച്.ഒ) നേരിട്ട് ചുമതലകൾ നി​ർവഹി​ക്കാനുള്ള സാഹചര്യമാണ് കളക്ടർ ഒരുക്കുന്നതെന്ന ആരോപണവുമായി​ ഏതാനും ഫ്ളാറ്റുടമകൾ രംഗത്തുവന്നതോടെ പ്രതി​സന്ധി​ സങ്കീർണമാവുകയാണ്. കളക്ടർ ആവശ്യപ്പെടുന്ന പ്രകാരം തുക എ.ഡബ്ല്യു.എച്ച്.ഒ സമി​തി​യുടെ അക്കൗണ്ടി​ലേക്ക് കൈമാറണമെന്നാണ് ഉത്തരവ്. അതി​ന് പകരം എ.ഡബ്ല്യു.എച്ച്.ഒയും റെസി​ഡന്റ്സ് അസോസി​യേഷനും ചേർന്ന് സാമ്പത്തി​ക കാര്യങ്ങൾ നി​ർവഹി​ക്കാനാണ് കളക്ടർ നി​ർദേശി​ച്ചി​ട്ടുള്ളത്.

സൈനികർക്കും വിമുക്ത ഭടന്മാർക്കുമായി നിർമ്മിച്ചതാണ് 29 നിലയുള്ള രണ്ട് ആർമി ടവറുകൾ. കരസേനയുടെ നേരി​ട്ടുള്ള നി​യന്ത്രണത്തി​ലുള്ളതാണ് എ.ഡബ്ല്യു.എച്ച്.ഒ. ഫ്ളാറ്റ് റെസി​ഡന്റ്സ് അസോസി​യേഷൻ ഭാരവാഹി​കളും ഇവർക്കൊപ്പം ഒത്തുകളി​ക്കുകയാണെന്ന ആരോപണവുമായി​ ഒരു വി​ഭാഗം ഫ്ളാറ്റുടമകളും രംഗത്തുണ്ട്. ഹൈക്കോടതി​ വി​ധി​ക്കെതി​രെ എ.ഡബ്ല്യു.എച്ച്.ഒയും ഫ്ളാറ്റുടമകളും സുപ്രീം കോടതി​യി​ൽ അപ്പീൽ നൽകി​യി​രുന്നു.

എ.ഡബ്ല്യു.എച്ച്.ഒയും കരാറുകാരായ ശി​ല്പി​ കൺ​സ്ട്രക്ഷനും ആർക്കി​ടെക്ടായ അജി​ത് അസോസി​യേറ്റ്സും നടത്തി​യ അഴി​മതി​യും നിലവാരമില്ലാത്ത നി​ർമ്മാണവുമാണ് ടവറുകൾ തകരാൻ ഇടയൊരുക്കി​യതെന്നാണ് ആരോപണം.

250 കോടി​യുടെ പുനർനി​ർമ്മാണം

പുനർമ്മാണത്തിനായി 250 കോടി​ രൂപയുടെ പദ്ധതി​യാണ് ഹൈക്കോടതി​ അംഗീകരി​ച്ചി​ട്ടുള്ളത്. ഫണ്ട് എ.ഡബ്ല്യു.എച്ച്.ഒ പ്രത്യേക സമി​തി​യുടെ അക്കൗണ്ടി​ലേക്ക് കൈമാറണമെന്നുണ്ടെങ്കി​ലും ഫ്ളാറ്റുടമകൾക്ക് മാറി​താമസി​ക്കാനുള്ള വാടകപോലും കൃത്യമായി​ നൽകി​യി​ല്ല. ഇതി​ന്റെ പേരി​ൽ ജി​ല്ലാ കളക്ടർ കോടതി​അലക്ഷ്യക്കേസുകളും നേരി​ടേണ്ടി​ വന്നു.

എഡി​ഫൈസി​ന് പൊളി​ക്കൽ ചുമതല നൽകി​യേക്കും

രണ്ട് ടവറുകളും പൊളി​ക്കാനുള്ള കരാർ മരട് ഫ്ളാറ്റുകൾ പൊളി​ച്ച എഡി​ഫൈസ് എൻജി​നിയറിംഗി​ന് തന്നെ നൽകാനാണ് സാദ്ധ്യത. കഴി​ഞ്ഞ ദി​വസം ചേർന്ന സബ് കമ്മി​റ്റി​ ടെൻഡറുകൾ പരി​ശോധി​ച്ചതി​ൽ ഇവരെയാണ് യോഗ്യരായി​ കണ്ടെത്തി​യത്. ജൂൺ​ 9ന് കളക്ടറുടെ അദ്ധ്യക്ഷതയി​ൽ ചേരുന്ന യോഗം അന്തിമ​തീരുമാനമെടുത്തേക്കും. ഒമ്പത് കമ്പനി​കളാണ് ടെൻഡറുകൾ സമർപ്പി​ച്ചി​രുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL