പറവൂർ: ലഹരിവിരുദ്ധ സന്ദേശവുമായി കൊച്ചി മുതൽ ശ്രീലങ്ക വരെ 2,200 കിലോമീറ്റർ സൈക്കിൾ സൗഹൃദയാത്രയ്ക്ക് മൂവർസംഘം ഇന്ന് പുറപ്പെടും. പറവൂർ പെരുവാരം തച്ചങ്ങാട്ട് ശ്യാംരാജ്, പെരുമ്പടന്ന കൊച്ചുപറമ്പ് കെ.ഡി. ലെജു, നെട്ടൂർ നെടുംകുഴി നിക്സൺ എന്നിവരുടെ യാത്ര ഉച്ചയ്ക്ക് 12ന് പറവൂരിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ലാഗ്ഓഫ് ചെയ്യും.
ഇടുക്കി, രാജാക്കാട്, പൂപ്പാറ, ബോഡിമെട്ട്, തേനി വഴി നാഗപട്ടണത്തെത്തി അവിടെനിന്ന് കപ്പൽമാർഗം ഇവർ ശ്രീലങ്കയിലെ കങ്കേശുപട്ടണത്തേക്ക് കടക്കും. മുല്ലത്തീവ്, ജാഫ്ന വഴി ജൂൺ 24ന് കൊളംബോയിലെത്തുന്ന സംഘം പ്രതിദിനം 100 കിലോമീറ്ററോളം സഞ്ചരിക്കും. ലഹരിവിരുദ്ധ സന്ദേശപ്രചാരണവും പ്രകൃതിപഠനവും ലക്ഷ്യമിട്ടുള്ള യാത്രയായതിനാൽ രാത്രിസഞ്ചാരം ഒഴിവാക്കിയാകും യാത്ര. മുൻപ് ഒട്ടേറെ യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും ഇവരുടെ ആദ്യ വിദേശ പര്യടനമാണിത്. കേരളത്തിലെ ടൂറിസം സാദ്ധ്യതകൾ പ്രചരിപ്പിക്കാനും യാത്രയിലൂടെ സംഘം ലക്ഷ്യമിടുന്നു.
ഫ്രാൻസിലെ ഓഡന്റ് ക്ലബ് സംഘടിപ്പിച്ച റൈഡിൽ 83 മണിക്കൂർ കൊണ്ട് 1,219 കിലോമീറ്റർ സഞ്ചരിച്ച ആദ്യ മലയാളിയാണ് പെരുമ്പടന്നയിൽ ഹോട്ടൽ നടത്തുന്ന കെ.ഡി. ലെജു. 100 മണിക്കൂർ കൊണ്ട് ഡൽഹിയിൽനിന്ന് നേപ്പാളിലെത്തിയ നേട്ടവും ഇദ്ദേഹത്തിനുണ്ട്. ദേശീയതലത്തിൽ ട്രയാത്തലൺ, പെന്റാത്തലൺ ചാമ്പ്യനാണ് നെട്ടൂരിൽ കാർപെന്റർ വർക്ക്ഷോപ്പ് നടത്തുന്ന നിക്സൺ. രാജ്യം മുഴുവൻ സൈക്കിളിൽ സഞ്ചരിച്ച അനുഭവസമ്പത്തുള്ളയാളാണ് റഫ്രിജറേറ്റർ വർക്ക്ഷോപ്പ് ഉടമയായ ശ്യാംരാജ്.
ഡോ.ജോസ് ചാക്കോ പെരിയപ്പുറം നേതൃത്വം നൽകുന്ന ഹാർട്ട് കെയർ ഫൗണ്ടേഷന്റെ ക്യാമ്പയിൻ ഭാഗമായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഇവർ സൈക്കിളിൽ സഞ്ചരിച്ചിട്ടുണ്ട്. ജൂലൈ 3ന് കൊച്ചിയിൽ തിരിച്ചെത്തുന്ന സംഘത്തിന്റെ അടുത്ത ലക്ഷ്യം വിയറ്റ്നാം യാത്രയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |