കൊട്ടിയൂർ: കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനായി എത്തിയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ട്രാവലർ മറിഞ്ഞ് പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. അമ്പായത്തോട് എൽ.പി. സ്കൂളിന് സമീപമാണ് ഇന്നലെ രാവിലെ 10 മണിയോടെ കർണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞത്.
അപകടമുണ്ടായ ഉടൻ തന്നെ നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പരിക്കേറ്റവരെ ആംബുലൻസുകളിലും മറ്റ് വാഹനങ്ങളിലുമായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. വാഹനത്തിന്റെ നിയന്ത്രണം വിട്ട് മൺതിട്ടയിൽ ഇടിച്ച് മറിഞ്ഞതാകാമെന്നാണ് പ്രാഥമിക നിഗമനം.
മൈസൂർ ചാമരാജ് നഗർ ഒല്ലഗൽ സ്വദേശികളായ പല്ലവി (38), ധനലക്ഷ്മി (44), ശ്വേത (32), സ്മിത (40), മമിത (43), ശ്വേത (46), സവിത (43), സ്വോർഹലതു (56), സുംവൃത് (12), സച്ചിന്‍ (48) എന്നിവരെ മാനന്തവാടി മെഡിക്കൽ കോളേജിലും മറ്റുള്ളവർ പരിസരത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.
സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച
ഓട്ടോറിക്ഷ മറിഞ്ഞ് അപകടം
പേരാവൂർ: സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. നിടുംപുറംചാൽ – പൂളക്കുറ്റി റോഡിലെ ഇറക്കത്തിലായിരുന്നു അപകടം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിലാണ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ കൊളക്കാട് സന്തോം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളായ അഭിഷേക്, എഡ്വിൻ, ഓട്ടോ ഡ്രൈവർ ജോബി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |