
കൊല്ലം: ജില്ലയുടെ കിഴക്കൻ മേഖലയിലുള്ളവർക്ക് രാവിലെ തലസ്ഥാനത്തേക്ക് പോകാൻ ഏക ആശ്രയമായ പുനലൂർ- കന്യാകുമാരി പാസഞ്ചർ വഴിനീളെ പിടിച്ചിട്ട് യാത്രക്കാരെ വഴിതെറ്റിക്കുന്നു. രാവിലെ 7.40ന് കൊല്ലത്ത് എത്തേണ്ട പാസഞ്ചർ സ്ഥിരമായി എട്ടോടെയാണ് എത്തുന്നത്.
9.20ന് തമ്പാനൂരിൽ എത്തേണ്ടിടത്ത് പല ദിവസങ്ങളിൽ പത്തര കഴിഞ്ഞാണ് എത്തുന്നത്. രാവിലെ 6.35ന് പുനലൂരിൽ നിന്ന് പുറപ്പെടും. കിളികൊല്ലൂർ വരെ കൃത്യസമയത്ത് ഓടിയെത്തുന്ന പാസഞ്ചർ സ്ഥിരമായി കൊല്ലം ഔട്ടറിൽ അര മണിക്കൂർ പിടിച്ചിടുകയാണ്. 7.40ന് കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തേണ്ട ട്രെയിൻ 8.10നാണ് എത്തുന്നത്. പിന്നീട് കാര്യമായ പ്രശ്നങ്ങളില്ലാതെ പോയ ശേഷം കൊച്ചുവേളിയെത്തുമ്പോൾ വീണ്ടും പിടിച്ചിടും.
പിന്നിൽ വരുന്ന വഞ്ചിനാടും ഇന്റർസിറ്റിയും കടന്നുപോയിട്ടേ കൊച്ചുവേളിയിൽ നിന്ന് എടുക്കൂ. തമ്പാനൂരിൽ ട്രാക്കില്ലെന്ന ന്യായം പറഞ്ഞാണ് പുനലൂർ- കന്യാകുമാരി പാസഞ്ചർ കൊച്ചുവേളിയിൽ പിടിച്ചിടുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച 9.20ന് പകരം 10.55 നാണ് പാസഞ്ചർ തമ്പാനൂരിൽ എത്തിയത്. പല ദിവസങ്ങളിലും നാലേകാൽ മണിക്കൂറിലേറെയാണ് പുനലൂർ- കന്യാകുമാരി പാസഞ്ചർ തമ്പാനൂരിൽ എത്താനെടുക്കുന്നത്.
വിദ്യാർത്ഥികളും സ്വകാര്യ, സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരും ആർ.സി.സി, മെഡിക്കൽ കോളേജ് അടക്കമുള്ള തലസ്ഥാനത്തെ ആശുപത്രികളിലേക്കുമുള്ളവരുമാണ് പുനലൂർ- കന്യാകുമാരി പാസഞ്ചറിനെ സ്ഥിരമായി ആശ്രയിക്കുന്നത്. പാസഞ്ചറിൽ വരുന്ന വിദ്യാർത്ഥികൾക്ക് അദ്ധ്യാപകരിൽ നിന്ന് പതിവായി ശകാരം കേൾക്കുകയാണ്. ജീവനക്കാർക്ക് അര ദിവസത്തെ ഹാജരും പോകും. രോഗികൾക്ക് കൃത്യസമയത്ത് ആശുപത്രിയിലും എത്താനുമാകുന്നില്ല.
മറ്റ് ട്രെയിനുകൾ കടത്തിവിടാൻ
രാവിലെ കിഴക്കൻ മേഖലയിൽ നിന്നുള്ള ഏക ട്രെയിൻ സർവീസ്
പുനലൂർ- കന്യാകുമാരി പാസഞ്ചറിൽ 12 ബോഗികൾ മാത്രം
എല്ലാ ബോഗികളിലും ശ്വാസമെടുക്കാൻ കഴിയാത്ത തിക്കും തിരക്കും
അതുകൊണ്ട് തന്നെ യാത്രക്കാർ തമ്മിൽ വാക്കുതർക്കവും പതിവ്
ഇതിനിടയിൽ മറ്റ് ട്രെയിനുകൾ കടന്നുപോകാൻ കൊല്ലത്തും കൊച്ചുവേളിയിലും പിടിച്ചിടും
ഇതുകാരണം യാത്രക്കാർക്ക് വലിയ നഷ്ടം
വൈകിവരുന്ന മറ്റ് ട്രെയിനുകൾ കടത്തിവിടാൻ സ്ഥിരമായി പുനലൂർ- കന്യാകുമാരി പാസഞ്ചർ പിടിച്ചിടുന്നത് യാത്രക്കാരോടുള്ള വെല്ലുവിളിയാണ്. സമയക്രമം നിശ്ചയിച്ചിട്ട് വഴിയിൽ പിടിച്ചിട്ട് യാത്രക്കാരെ കബിളിപ്പിക്കുകയാണ്. കൊല്ലം റെയിൽവേ സ്റ്റേഷനിൽ കൃത്യസമയത്ത് എത്തിച്ചാൽ കൊച്ചുവേളിയിൽ പിടിച്ചിടുന്ന സാഹചര്യം ഒഴിവാക്കാനാകും.
യാത്രക്കാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |