കൊല്ലം: ലോകകപ്പ് ഫുട്ബാളിന് പന്തുരുളാൻ മണിക്കൂറുകൾ ശേഷിക്കെ, കാൽപന്ത് കളിയുടെ ആവേശം നെഞ്ചേറ്റി കൊല്ലം ക്രിസ്തുരാജ് സ്കൂളിലെ വിദ്യാർത്ഥികൾ. ലോകകപ്പിനെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് സ്കൂളിൽ അധികൃതരും വിദ്യാർത്ഥികളും ചേർന്ന് നടത്തിയത്.
ആയിരത്തോളം കുട്ടികൾ അണിനിരന്ന കൂറ്റൻ റാലി നഗരത്തെ ആവേശക്കടലാക്കി. ലോകകപ്പിൽ മാറ്റുരയ്ക്കുന്ന 48 രാജ്യങ്ങളുടെയും ജേഴ്സി അണിഞ്ഞും പതാകകൾ ഏന്തിയുമാണ് കുട്ടികൾ റാലിയിൽ പങ്കെടുത്തത്. മെസ്സിയും റൊണാൾഡോയും നെയ്മറും അടക്കമുള്ള ഫുട്ബാൾ ഇതിഹാസങ്ങളുടെ പേരുകൾ ആർത്തുവിളിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ, ലോകകപ്പിന്റെ മാതൃകയും കൈയിലേന്തിയാണ് കുട്ടികൾ നീങ്ങിയത്.
പലർക്കും പ്രിയപ്പെട്ട രാജ്യങ്ങളും താരങ്ങളും വെവേറെയാണെങ്കിലും ഫുട്ബോൾ എന്ന വികാരം ഒന്നാണെന്ന് തെളിയിക്കുന്നതായിരുന്നു റാലി. സ്കൂൾ ക്യാമ്പസിൽ നിന്ന് ആരംഭിച്ച റാലി എസ്.എൻ കോളേജ് വഴി കർബല ജംഗ്ഷൻ ചുറ്റി നഗരം വലയം ചെയ്ത് തിരികെ സ്കൂളിലെത്തി.
നഗരസഭാ കൗൺസിലർമാരായ ജോസഫ് കുരുവിള, ഷൈനി എന്നിവർ റാലിക്ക് ആശംസകൾ നേർന്നു. സ്കൂൾ ഹെഡ്മാസ്റ്റർ എ.ടി.സുജിത്ത്, സ്കൂൾ കായികാദ്ധ്യാപകനും സന്തോഷ് ട്രോഫി റഫറിയുമായ ഷിബു ജർമൻ എന്നിവർ റാലിക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |