SignIn
Kerala Kaumudi Online
Tuesday, 23 June 2026 9.02 PM IST

മൂന്നര വർഷത്തിന് ശേഷം വീണ്ടും ഭക്ഷണം കാലൻ ?.... വിളമ്പുന്നത് വിഷമോ, ഇതോ ഭക്ഷ്യസുരക്ഷ

food

കോട്ടയം : ഇടവേളയ്ക്ക് ശേഷം ജില്ലയിൽ വീണ്ടും ഭക്ഷ്യവിഷബാധ കാലനാവാകുയാണോയെന്ന ആശങ്കയാണ് ജ്യോതിഷിന്റെ മരണത്തിലൂടെ ഉയരുന്നത്. മൂന്നര വർഷത്തിന് ശേഷമാണ് ജില്ലയിൽ ഭക്ഷണം കഴിച്ചുള്ള മരണം. ഇതിനിടെ നിരവധി ഭക്ഷ്യ വിഷബാധ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഷാപ്പിൽ നിന്ന് കള്ളും മീൻ തലക്കറിയും കഴിച്ചവരിൽ ഒരാൾക്കാണ് ഇന്നലെ ജീവൻ നഷ്ടമായതെങ്കിൽ 2022 ഡിസംബറിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സായ രശ്മി രാജ് (23) മരിച്ചത് സംക്രാന്തിയിലെ മലപ്പുറം മന്തി ഹോട്ടലിൽ നിന്ന് അൽഫാം കഴിച്ചതിനെത്തുടർന്നാണ്. അൽഫാമിനൊപ്പമുണ്ടായിരുന്ന മയോണൈസാണ് അന്ന് അപകടകാരിയായത്. അതേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 21 പേർക്ക് കൂടി ഭക്ഷ്യവിഷബാധയേറ്റിരുന്നു. പൂട്ടിയ ഹോട്ടൽ പിന്നീട് തുറന്നിട്ടില്ല. ജ്യോതിഷിന്റെ മരണത്തിന് കാരണമായത് കള്ളിലെ മായമോ, ഗുണനിലവാരമില്ലാത്ത മീൻ തലയാണോയെന്ന ചോദ്യമാണ് ഉയരുന്നത്. അതേസമയം തലക്കറി കഴിക്കാത്ത രണ്ടുപേർക്ക് കുഴപ്പമില്ലാത്തതിനാൽ മീനിലെ പ്രശ്‌നമാകാം എന്ന നിഗമത്തിലാണ് വിദഗ്ദ്ധർ. ഭൂരിഭാഗം കള്ളും പാലക്കാട് നിന്നാണ് വരുന്നത്. ഇതിൽ പലതവണ മായം ചേർന്ന കള്ള് എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്. കള്ളിൽ ചേർക്കുന്ന രാസവസ്തുക്കളുടെ അളവിൽ വ്യത്യാസമുണ്ടായാൽ ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകാം. കള്ള് സൂക്ഷിക്കുന്ന പാത്രങ്ങളുടെ ശുചിത്വമില്ലായ്മയും പൂപ്പൽ ബാധിക്കാനും അപകടത്തിനും കാരണമാകും.

പിഴയടക്കും, വീണ്ടും തുറക്കും

മായം ചേർത്തതും, പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്താൽ ഭക്ഷണശാലകൾ പിഴയടച്ച് വീണ്ടും തുറന്നു പ്രവർത്തിക്കുകയാണ് പതിവ്. നോട്ടീസ് നൽകി താത്കാലികമായി അടച്ചിടും. തുടർന്ന് പിടിച്ചെടുത്ത ഭക്ഷണ സാധനങ്ങൾ നശിപ്പിച്ച് കളയും. എന്നാൽ പിഴ അടച്ചാൽ തടിയൂരാമെന്നതാണ് അവസ്ഥ. ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യുമ്പോൾ മാത്രമാണ് പരിശോധനകൾ ശക്തമാക്കുന്നത്. സംക്രാന്തി സംഭവത്തിന് ശേഷം ഒന്നര മാസത്തോളം നിരന്തരം പരിശോധന നടത്തി. പിന്നീട് വീണ്ടും ഉറക്കത്തിലായി. മഴക്കാലമായതോടെ ഭക്ഷണത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് സംശയമുയരുന്നുണ്ട്. പാത്രങ്ങളുടെ ശുചിത്വമടക്കം പരിശോധനയ്ക്ക് വിധേയമാക്കാറില്ല.

മീനും പണി തരാൻ സാദ്ധ്യതയേറെ

മീനും അപകടം സൃഷ്ടിക്കാനുള്ള സാദ്ധ്യതയേറെയാണ്. മീൻ പോലെയല്ല, തലഭാഗം. നന്നായി വൃത്തിയാക്കിയില്ലെങ്കിൽ പണി കിട്ടും. പഴകിയതാണെങ്കിലും പ്രശ്നമാണ്. ആഴ്ചകൾക്കു മുമ്പ് കടലിൽ നിന്നു പിടിച്ച് ബോട്ടിലും ഗോഡൗണുകളിലും സൂക്ഷിച്ച ശേഷമാകാം മീൻ ഷാപ്പിൽ എത്തിയതെന്ന സംശയം ഉയരുന്നുണ്ട്. ഇതിൽ ഫോർമാലിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ ഗുരുതര ഭക്ഷ്യവിഷ ബാധയ്ക്ക് കാരണമാകും. തല പോലെയുള്ള ഭാഗങ്ങൾ മറ്റു ഭാഗങ്ങൾ പോലെ വൃത്തിയാക്കാൻ എളുപ്പമല്ല.
ട്രോളിംഗ് കാലത്തെ മീൻ ക്ഷാമം മുന്നിൽക്കണ്ട് മീൻ ആഴ്ചകൾക്ക് മുന്നേ വാങ്ങി സൂക്ഷിക്കാറുണ്ട്. ഫ്രീസർ സംവിധാനത്തിൽ പാളിച്ചകൾ ഉണ്ടായാലും കേടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL