
ന്യൂഡൽഹി: മദ്ധ്യപ്രദേശിൽ ആളിക്കത്തി മുഖ്യമന്ത്രി മോഹൻ യാദവിനും കുടുംബത്തിനുമെതിരെയുള്ള ഭൂമി കുംഭകോണ ആരോപണം. ഉജ്ജയിനിലെ നഗര-റോഡ് വികസനത്തിന് നിശ്ചയിച്ചിരിക്കുന്ന മേഖലകളിൽ 137 പ്ലോട്ടുകൾ വാങ്ങിയെന്നാണ് ആരോപണം. 45 കോടി രൂപ വിലവരുന്ന 168 ഏക്കറോളം വരുമിത്. ഭാര്യ സീമ, മകൻ വൈഭവിന്റെ ഭാര്യ ശാലിനി യാദവ്, സഹോദരന്മാരായ നന്ദ്ലാൽ, നാരായൺ യാദവ്, നാരായണിന്റെ ഭാര്യ രേഖ, അവരുടെ മകൻ അഭയ് യാദവ് തുടങ്ങിയവരുടെ പേരിലും കുടുംബത്തിന്റെ നാല് റിയൽ എസ്റ്റേറ്ര് കമ്പനികളുടെ പേരിലുമാണിത്. 2023 ഡിസംബർ 13ന് മുഖ്യമന്ത്രിയായി ചുമതലയേറ്റതിനുശേഷം നടന്ന ഭൂമിയിടപാടാണെന്ന് ഇംഗ്ളീഷ് ദിനപത്രമാണ് കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്‌തത്. 2013 മുതൽ ഉജ്ജയിൻ (സൗത്ത്) എം.എൽ.എയാണ് മോഹൻ യാദവ്. 2035ഓടെ ഉജ്ജയിൻ നഗരത്തിന്റെ മുഖഛായ തന്നെ മാറ്റുകയെന്ന ലക്ഷ്യത്തോടെ മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ചിരുന്നു. കൃഷിഭൂമി, വാണിജ്യ-റെസിഡൻഷ്യൽ ഭൂമിയായി മാറ്റാനും തീരുമാനിച്ചിരുന്നു. 2021-23ൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്ത് കുടുംബം 85 ഏക്കർ ഭൂമി ഉജ്ജയിനിൽ വാങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്.
അടിസ്ഥാനരഹിതമെന്ന് ബി.ജെ.പി
പുകമറയുണ്ടാക്കാനാണ് പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന്നതെന്ന് ബി.ജെ.പി പ്രതികരിച്ചു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. പിന്നാക്ക വിഭാഗത്തിൽ നിന്നുയർന്നു വന്ന നേതാവിനെ ദുർബലപ്പെടുത്താനാണ് ശ്രമമെന്നും പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ഹേമന്ദ് ഖൻഡേൽവാൾ പറഞ്ഞു.
അന്വേഷണം വേണമെന്ന് കോൺഗ്രസ്
സുപ്രീംകോടതി സിറ്റിംഗ് ജഡ‌്‌ജിയുടെ മേൽനോട്ടത്തിൽ സമഗ്ര അന്വേഷണമുണ്ടാകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. 2028ൽ ഉജ്ജയിനിൽ കുംഭമേള നിശ്ചയിച്ചിരിക്കുകയാണ്. ആ മേഖലയിലാണ് ഭൂമി വാങ്ങിയിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ആരോപിച്ചു. അയോദ്ധ്യയിലെ പോലെ ഭക്തരെ കൊള്ളയടിക്കാനാണ് ശ്രമമെന്നും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |