
മുംബയ്: കഴിഞ്ഞ ദിവസം മുതൽ പെയ്യുന്ന അതിതീവ്ര മഴയിൽ മുങ്ങി മുംബയ്. പല മേഖലകളിലും ജനജീവിതം താറുമാറായി.
റോഡുകളിൽ വെള്ളക്കെട്ടുണ്ടായി. ഗതാഗത തടസവും മരങ്ങൾ വീണുള്ള നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച രാത്രി മാത്രം 200 മില്ലിമീറ്ററിലധികം മഴ പെയ്തു. റോഡുകളും റെയിൽവേ സ്റ്റേഷനുകളുമടക്കം വെള്ളത്തിനടിയിലായി. ഇന്നലെ നഗരത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇടിമിന്നലോടു കൂടിയ കനത്ത മഴയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുംബയ്, താനെ, റായ്ഗഡ്, പാൽഘർ, സിന്ധുദുർഗ് ജില്ലകളിൽ
വരും ദിവസങ്ങളിലും മഴ തുടരാൻ സാദ്ധ്യതയുണ്ടെന്നും അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
വിക്രോളി വെസ്റ്റിൽ മതിൽ തകർന്നുവീണു. മരം വീണ് പാർക്ക് ചെയ്തിരുന്ന കാർ തകരുകയും ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു.ട്രാക്കിൽ വെള്ളം കയറിയതോടെ താനെക്കും വാഷിക്കും ഇടയിലുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു. നിലവിൽ വെള്ളം ഇറങ്ങിയിട്ടുണ്ടെന്ന് ബൃഹൻ മുംബയ് മുൻസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.
തൊഴിലാളി
ഓടയിൽ വീണു
കനത്ത മഴയിൽ മാലിന്യം നീക്കം ചെയ്യുന്നതിനിടെ സിയോണിലെ ഗാന്ധി മാർക്കറ്റിൽ ശുചീകരണ തൊഴിലാളി ഓടയിൽ വീണത് വൻ പ്രതിഷേധത്തിനിടയാക്കി. മറ്റ് തൊഴിലാളികൾ ഉടൻ രക്ഷപ്പെടുത്തി. മേയർ സ്ഥലത്തുണ്ടായിരുന്നപ്പോൾ തന്നെയാണ് അപകടമുണ്ടായത്.
മൂന്ന് പേരെ കാണാനില്ല
കനത്ത മഴയെ തുടർന്ന് അസാമിലും അരുണാചൽ പ്രദേശിലും വെള്ളപ്പൊക്കം. അസാമിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
അരുണാചലിൽ പാലം ഒലിച്ചുപോയി. മൂന്ന് പേരെ കാണാനില്ലെന്നാണ് റിപ്പോർട്ട്. 18 കെട്ടിടങ്ങൾ തകർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |