SignIn
Kerala Kaumudi Online
Thursday, 11 June 2026 10.47 PM IST

പാക് വ്യോമതാവളത്തിൽ തുർക്കിയുടെ സൈനിക വിമാനങ്ങൾ, മിസൈൽ എത്തിച്ച് ചൈന; പൂർണ പിന്തുണ

READ ENGLISH VERSION
pakistan

ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഉടലെടുത്ത സംഘർഷം രൂക്ഷമായി തുടരുകയാണ്. തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്ക, റഷ്യ അടക്കമുള്ള ലോകരാഷ്ട്രങ്ങൾ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോൾ തുർക്കി ചൈന തുടങ്ങിയ രാജ്യങ്ങൾ പാകിസ്ഥാനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇപ്പോഴിതാ സംഘർഷം രൂക്ഷമാകുമെന്ന ഘട്ടത്തിൽ എത്തിയതോടെ ചൈനയുടെയും തുർക്കിയുടെയും നൂതന ആയുധങ്ങൾ പാകിസ്ഥാന് ലഭിച്ചെന്ന് റിപ്പോർട്ട്.

യുദ്ധകാലാടിസ്ഥാനത്തിൽ ആയുധങ്ങളും ദീർഘദൂര മിസൈലുകളും ചൈന പാകിസ്ഥാന് നൽകിയെന്നാണ് വിവരം. പാക് സേന പുറത്തുവിട്ട ഏറ്റവും പുതിയ ജെഎഫ് -17 ബ്ലോക്ക് III യുദ്ധ വിമാനങ്ങളിൽ പിഎൽ -15 ബിയോണ്ട് വിഷ്വൽ റേഞ്ച് മിസൈലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇത് ചൈന ലഭ്യമാക്കിയതാണ്. 200 മുതൽ 300 കിലോമീറ്റർ വരെ ദൂരപരിധിയുള്ള മിസൈലുകളിൽ ഒന്നാണിത്.

ഞായറാഴ്ച കറാച്ചിയിൽ യുദ്ധോപകരണങ്ങളുമായി തുർക്കി വ്യോമസേനയുടെ സി-130 ഹെർക്കുലീസ് സൈനിക വിമാനം എത്തിയതായും റിപ്പോർട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ വിശാലമായ പ്രതിരോധ സഹകരണം നിലനിൽക്കുന്നുണ്ട്. തുർക്കിയുടെ ഈ നീക്കം ഇതിന്റെ ഭാഗമായാണ്. തുർക്കിയുടെ ആറ് യുദ്ധവിമാനങ്ങൾ ഇസ്ലാമാബാദിലെ ഒരു സൈനിക താവളത്തിൽ ഇറങ്ങിയതായും റിപ്പോർട്ടുണ്ട്. അന്താരാഷ്ട്ര അതിർത്തികളിൽ വളർന്നുവരുന്ന വെല്ലുവിളികളെ ഒറ്റയ്ക്ക് നേരിടാൻ പാകിസ്ഥാന് കഴിയാത്തത് കൊണ്ടാണ് തുർക്കി സൈനിക പിന്തുണയടക്കം വാഗ്ദാനം ചെയ്തിരിക്കുന്നത്.

സൈനിക ചരക്ക് കൈമാറ്റം നടന്നതായി തുർക്കിയും പാകിസ്ഥാനും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കയറ്റുമതിയുടെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ചൈന സൈനിക സഹായം വാഗ്ദാനം ചെയ്യുന്ന അതേ രീതിയിൽ തന്നെയാണ് തുർക്കിയുടെയും പിന്തുണ. ഡ്രോൺ അടക്കമുള്ള സൈനിക സഹായങ്ങളും തുർക്കി ഇതിനോടകം പാകിസ്ഥാന് നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, INDIA, PAKISTAN, CHINA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360