SignIn
Kerala Kaumudi Online
Thursday, 11 June 2026 4.04 PM IST

വിഗ്രഹങ്ങളെ വരവേറ്റ് തലസ്ഥാനം, നവരാത്രി ആഘോഷത്തിന് ഇന്ന് തുടക്കം

ddd

തിരുവനന്തപുരം: പദ്മനാഭപുരം കൊട്ടാരത്തിൽ നിന്ന് ഞായറാഴ്ച പുറപ്പെട്ട നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്ക് ഇന്നലെ അനന്തപുരി വരവേല്പ് നൽകി. നവരാത്രി നാളുകളെ ധന്യമാക്കുന്ന തേവാരക്കെട്ട് സരസ്വതിദേവി, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളെ തലസ്ഥാനം ആചാരപരമായി വരവേറ്റു. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പല്ലക്കുകളിൽ എഴുന്നള്ളിച്ച വിഗ്രഹഘോഷയാത്രയ്ക്ക് തിരക്കും ആഘോഷവും ഒഴിവാക്കിയെങ്കിലും ഭക്തിനിർഭരമായാണ് ചടങ്ങുകൾ നടത്തിയത്.

കരമന ആവടിഅമ്മൻ കോവിലിൽ ഇറക്കിപൂജ നടന്നു. വൈകിട്ട് മൂന്നിന് ആചാരപരമായ എഴുന്നള്ളത്ത് കരമനയിൽ നിന്നാരംഭിച്ചു. വഴിയോരത്ത് ഭക്തർ പൂക്കളർപ്പിച്ച് വരവേറ്റു. ഘോഷയാത്രയിൽ ആനയും കരമനയിൽ നിന്ന് പതിവുള്ള വെള്ളിക്കുതിര എഴുന്നള്ളത്തും വഴിയോരത്തുള്ള തട്ടപൂജയും ഒഴിവാക്കിയിരുന്നു. ഇന്നലെ സന്ധ്യയോടെ കോട്ടയ്ക്കകത്തെത്തിയ വിഗ്രഹങ്ങളെ നവരാത്രി ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആചാരപരമായി വരവേറ്റു. ഘോഷയാത്രയ്‌ക്കൊപ്പം കൊണ്ടുവന്ന ഉടവാൾ സ്ഥാനിമൂലം തിരുനാൾ രാമവർമ്മ ഏറ്റുവാങ്ങി. തേവാരക്കെട്ട് സരസ്വതിദേവിക്ക് പദ്മതീർത്ഥക്കുളത്തിൽ ആറാട്ട് നടത്തി. ഇന്നലെ നവരാത്രി മണ്ഡപത്തിലെ മുറിയിൽ സൂക്ഷിക്കുന്ന വിഗ്രഹം ഇന്ന് രാവിലെ പൂജയ്ക്കിരുത്തും. കുമാരസ്വാമി വിഗ്രഹത്തെ ആര്യശാല ഭഗവതിക്ഷേത്രത്തിലും മുന്നൂറ്റിനങ്ക വിഗ്രഹത്തെ ചെന്തിട്ട ദേവീക്ഷേത്രത്തിലും പൂജയ്ക്കായി കൊണ്ടുപോയി.

കവടിയാർ കൊട്ടാരത്തിലെ പൂയം തിരുനാൾ ഗൗരിപാർവതിബായി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി, ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി അംഗങ്ങളായ ആദിത്യവർമ്മ, കുമ്മനം രാജശേഖരൻ, മുൻ മന്ത്രി വി.എസ്. ശിവകുമാർ, നവരാത്രി ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റർ ആർ. രാജരാജവർമ, സെക്രട്ടറി ഡി. വെങ്കിടേശ്വരഅയ്യർ, ഭാരവാഹികളായ ജി. മാണിക്കം, പ്രസിഡന്റ് അനന്തപുരി മണികണ്ഠൻ, ആര്യശാല രമേഷ്, ചാല രാജേന്ദ്രൻ, ആറ്റുകാൽ വിക്രമൻ, ചാല സുരേഷ് തുടങ്ങിയവർ സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു.

15ന് രാവിലെയാണ് പൂജയെടുപ്പ്. തുടർന്ന് പൂജപ്പുര മണ്ഡപത്തിലേക്ക് പള്ളിവേട്ടയ്ക്കായി കുമാരസ്വാമിയെ എഴുന്നള്ളിക്കും. 16ന് വിഗ്രഹങ്ങൾക്ക് നല്ലിരുപ്പാണ്. 17ന് രാവിലെ കിള്ളിപ്പാലത്ത് കൂടിച്ചേരുന്ന വിഗ്രഹങ്ങൾ പദ്മനാഭപുരത്തേക്ക് മടക്കയാത്ര തുടങ്ങും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL