
നിർമ്മിത ബുദ്ധി വെറുമൊരു നിശ്ചലമായ ചാറ്റ്‌ബോട്ട് എന്ന നിലയിൽ നിന്ന് സ്വയം പ്രവർത്തിക്കുന്ന എ.ഐ ഏജന്റുകളിലേക്കും സ്വാശ്രയ സംവിധാനങ്ങളിലേക്കും അതിവേഗം ചുവടുമാറുന്നു
മാനവരാശി സമാനതകളില്ലാത്ത ഒരു വഴിത്തിരിവിലാണ്. യന്ത്രങ്ങൾ വെറും ഉപകരണങ്ങളായിരുന്ന കാലം മാറി. അവ ചിന്തിക്കാനും പുതിയ മാതൃകകൾ സൃഷ്ടിക്കാനും തുടങ്ങിയിരിക്കുന്നു. മനുഷ്യനും യന്ത്രവുമായുള്ള ബന്ധം പുതിയൊരു ദാർശനിക തലത്തിലേക്ക് വളരുകയാണ്. നിർമ്മിതബുദ്ധി (എ.ഐ) അതിന്റെ ശൈശവദശയിലാണെങ്കിലും സാങ്കേതികമായി അത് അപക്വമല്ല. ഇതിനകംതന്നെ അത് അസാധാരണമായ കഴിവുകൾ പ്രകടിപ്പിച്ചു കഴിഞ്ഞിരിക്കുന്നു.
സൈബർസ്‌പേസിലൂടെ നിർമ്മിത ബുദ്ധി ഏവരിലേക്കും എത്തിച്ചേർന്നതുമൂലം മനുഷ്യരുടെ പ്രവർത്തനശൈലിയിലും ചിന്താമണ്ഡലത്തിലും സുവ്യക്തമായ മാറ്റങ്ങൾ ദൃശ്യമായിരിക്കുന്നു. നിർമ്മിത ബുദ്ധിയുടെ ഉപജ്ഞാതാക്കൾതന്നെ അതുകൊണ്ടുണ്ടായേക്കാവുന്ന ഭാവി പ്രതിസന്ധികളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്.
കമ്പ്യൂട്ടർ പ്രോഗ്രാമുകൾ എഴുതാനും, അനേകം രേഖകൾ നിമിഷനേരംകൊണ്ട് വിശകലനം ചെയ്യാനും, ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കാനും, വിവിധ ഭാഷകൾ വിവർത്തനം ചെയ്യാനും ശാസ്ത്രീയ ഗവേഷണത്തെ പുഷ്ടിപ്പെടുത്താനും ഇതിന് കഴിയുന്നു. എ.ഐ സംവിധാനങ്ങൾ സങ്കീർണമായ കോഡിംഗിലും ഡാറ്റാ സയൻസിലും മനുഷ്യനെപ്പോലെ തന്നെ ഇടപെടുന്നുണ്ട്.
ഐ.ബി.എമ്മിലെ വില്യം മെല്ലിൽ, ജോർജ് ഫ്യൂക്‌സെൽ എന്നിവരുടെ 'ഗാർബേജ് ഇൻ, ഗാർബേജ് ഔട്ട്' എന്ന പ്രസ്താവം നിർമ്മിതബുദ്ധിയുടെ കാലത്തും വളരെ പ്രസക്തമാണ്. തെറ്റായ വിവരങ്ങൾ കമ്പ്യൂട്ടറിനു നൽകിയാൽ അതിൽനിന്നും കിട്ടുന്ന ഫലങ്ങളും പിഴവുള്ളതായിരിക്കും സ്രോതസുകളുടെ കൃത്യത പരിശോധിക്കാതെ ഇവയെ പൂർണമായി ആശ്രയിക്കുന്നത് അപകടകരമാകുന്നത് ഇവിടെയാണ്.
ഭൗതികലോകത്തെക്കുറിച്ച് പൂർണമായ ഒരു സമഗ്ര മാതൃക നിർമ്മിതബുദ്ധിക്കില്ല. ഡിജിറ്റൽലോകത്തെ ഡാറ്റയ്ക്ക് അപ്പുറം ഭൗതികനിയമങ്ങളെയും പ്രകൃതിയുടെ സൂക്ഷ്മചലനങ്ങളെയും അനുഭവിക്കാനുള്ള ശേഷിയും അതിനില്ല. ദീർഘകാലത്തെ അനുഭവത്തെ അടിസ്ഥാനമാക്കി യുക്തിപരമായ തീരുമാനങ്ങൾ എടുക്കുന്നതിലും കാര്യ/കാരണ ബന്ധങ്ങളെ ആഴത്തിൽ മനസിലാക്കുന്നതിലും ഇത് ബുദ്ധിമുട്ടുകൾ നേരിടുന്നു.
നിർമ്മിതബുദ്ധി പാറ്റേൺ മാച്ചിംഗിനെ ആശ്രയിക്കുന്നതുമൂലമാണിത്. അനേകലക്ഷം വർഷങ്ങളെടുത്തുള്ള പരിണാമത്തിൽ സങ്കീർണ്ണത കൈവരിച്ച മസ്തിഷ്‌കം എടുക്കുന്ന തീരുമാനങ്ങളെ വെല്ലാൻ നിർമ്മിതബുദ്ധിക്കു കഴിയുമോ എന്ന ചോദ്യം നിലനിൽക്കുന്നു.
ബുദ്ധിയുടെ ചക്രവാളങ്ങൾ
നിർമ്മിതബുദ്ധിയുടെ രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ച ജെഫ്രി ഹിന്റൻ ഭാവിയെക്കുറിച്ച് ഗൗരവമുള്ള മുന്നറിയിപ്പു നൽകുന്നു. നിർമ്മിത ബുദ്ധി മനുഷ്യനെക്കാൾ സങ്കീർണ്ണത കൈവരിക്കുമോ എന്നതല്ല പ്രശ്നം, മറിച്ച് മനുഷ്യനെക്കാൾ ബൗദ്ധികശേഷിയുള്ള ഒന്നിനോടൊപ്പം സഹവസിക്കാൻ മനുഷ്യനു കഴിയുമോ എന്നതാണ് യഥാർത്ഥ ചോദ്യം.
ചെസ് കളി, പ്രോട്ടീൻ ഘടന പ്രവചനം, ഗണിതപ്രശ്നങ്ങൾ, കോഡിംഗ് തുടങ്ങിയ മേഖലകളിൽ എ.ഐ ഇതിനകംതന്നെ മനുഷ്യനെ മറികടന്നുകഴിഞ്ഞു. എ.ഐ മനുഷ്യനെക്കാൾ ഗണ്യമായ ബൗദ്ധിക സങ്കീർണത കൈവരിച്ചാൽ അത് എന്താണ് ചെയ്യുന്നതെന്ന് ഗ്രഹിക്കാനുള്ള മനുഷ്യന്റെ കഴിവിൽ കുറവുണ്ടായേക്കാം. മനുഷ്യന്റെ നിയന്ത്രണത്തിൽനിന്നും വേർപെട്ട് സ്വയം തീരുമാനങ്ങൾ എടുക്കാനും ഇടപെടലുകൾ നടത്താനും സൈബർസ്‌പേസിൽ സമാനതകളില്ലാത്ത പ്രതിസന്ധികൾ സൃഷ്ടിക്കാനും ഇത് കാരണമാകാം.
സർവതിനും വെബ് ലോകത്തെ ആശ്രയിക്കുന്നതുകൊണ്ട് സമ്പത്തും ബൗദ്ധിക സമ്പത്തും അന്യാധീനപ്പെടാൻ സാദ്ധ്യതയുണ്ട്. രോഗനിർണയം, പുതിയ മരുന്നുകളുടെ കണ്ടെത്തൽ, വിദ്യാഭ്യാസം, ശാസ്ത്രീയ ഗവേഷണം തുടങ്ങിയ മേഖലകളിൽ എ.ഐ അതുല്യമായ നേട്ടങ്ങൾ നൽകുമെന്ന് അദ്ദേഹം കരുതുന്നു. എന്നാൽ ഈ നേട്ടങ്ങൾക്കൊപ്പം വലിയ സാമൂഹികമാറ്റങ്ങളും ഉണ്ടാകാം. മാനവരാശിയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാകാനുള്ള സാദ്ധ്യതയെക്കുറിച്ചും ഹിന്റൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിർമ്മിത മനുഷ്യൻ
വർഷങ്ങൾ ചെലവഴിച്ച് കുരുക്കഴിച്ചിരുന്ന ഗണിതസമസ്യകൾ, സൈദ്ധാന്തികശാസ്ത്രത്തിലെ കണക്കുകൂട്ടലുകൾ, പുതിയ രാസതന്മാത്രകളുടെ സാദ്ധ്യതകൾ എന്നിവ കൃത്യതയോടെ സാദ്ധ്യമാക്കാൻ നിർമ്മിതബുദ്ധിക്കു കഴിയുന്നു. എന്നാൽ മാനവരാശിക്ക് ഇതുമൂലമുണ്ടാകാൻ പോകുന്ന അപചയം വലുതായിരിക്കും.
കാൽക്കുലേറ്റർ പ്രചരിച്ചപ്പോൾ കണക്കുകൂട്ടാനുള്ള ശേഷിയിലും വേഗത്തിലും കുറവുണ്ടായതുപോലെ, വിദ്യാർത്ഥികൾ നിർമ്മിതബുദ്ധിയെ ആശ്രയിക്കുമ്പോൾ മസ്തിഷ്‌കത്തിന്റെ ശേഷി കുറയുകയാണ് ചെയ്യുന്നത്.
സങ്കൽപ്പനങ്ങൾ പഠിച്ച് സ്വയം ബോദ്ധ്യപ്പെട്ട് പരീക്ഷകൾ എഴുതുന്നതിനു പകരം പഠനവും ചിന്തയും 'ഔട്ട്‌സോഴ്സ്' ചെയ്യുന്ന അവസ്ഥയാണ് സംജാതമാകുന്നത്. ജെൻസീ, ജെൻ ആൽഫ തലമുറകളുടെ ബൗദ്ധികശേഷിയുടെ വികാസം മന്ദഗതിയിലാകുന്നു എന്ന പഠനവിവരവുമുണ്ട്.
'മനുഷ്യൻ എത്രത്തോളം
നിർമ്മിതനാകും'
നിർമ്മിത ബുദ്ധി വെറുമൊരു നിശ്ചലമായ ചാറ്റ്‌ബോട്ട് എന്ന നിലയിൽനിന്ന് സ്വയം പ്രവർത്തിക്കുന്ന എ.ഐ ഏജന്റുകളിലേക്കും സ്വാശ്രയ സംവിധാനങ്ങളിലേക്കും അതിവേഗം ചുവടുമാറിക്കൊണ്ടിരിക്കുകയാണ്. പ്രമുഖ എ.ഐ സ്ഥാപനമായ ആന്ത്രോപിക്കിന്റെ സി.ഇ.ഒ ഡാരിയോ അമോഡി നടത്തിയ വെളിപ്പെടുത്തലുകൾ ഈ രംഗത്തെ ആശങ്കകൾ വർദ്ധിപ്പിച്ചിരിക്കുന്നു.
ചോദ്യത്തിന് ഉത്തരം നൽകുന്ന ഒരു ചാറ്റ്‌ബോട്ടിൽ നിന്ന് വ്യത്യസ്തമായി, സ്വന്തമായി ലക്ഷ്യങ്ങൾ സ്വീകരിക്കാനും, പദ്ധതികൾ തയ്യാറാക്കാനും, വിവിധ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കാനും, യഥാർത്ഥ ലോകത്ത് സങ്കീർണ്ണമായ കർമ്മപദ്ധതികൾ നടപ്പിലാക്കാനും എ.ഐയ്ക്ക് കഴിയും. നിർമ്മിതബുദ്ധി ഏജന്റുകളുടെ സംഘങ്ങൾ മനുഷ്യരുടെ നേരിട്ടുള്ള നിയന്ത്രണമില്ലാതെ സ്വന്തംനിലയിൽ തീരുമാനങ്ങൾ എടുക്കാനും, സൈബർ ആക്രമണങ്ങൾ നടത്താനും, സുരക്ഷാ സംവിധാനങ്ങളെ കബളിപ്പിക്കാൻപോലും ശ്രമിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
വരുന്ന പത്തുമാസത്തിനുള്ളിൽ തന്നെ ഇന്റർനെറ്റിനെ നിയന്ത്രിക്കാൻ പര്യാപ്തമായ ശക്തമായ സ്വാം ഏജന്റുകൾ രൂപപ്പെടാമെന്ന് അമോഡി മുന്നറിയിപ്പ് നൽകുന്നു. സാങ്കേതിക മുന്നേറ്റത്തിന്റെ വേഗത കുറച്ച് സുരക്ഷാ ക്രമീകരണങ്ങൾക്ക് മുൻഗണന നൽകണമെന്ന് അദ്ദേഹം വാദിക്കുന്നു. സ്വതന്ത്ര ഓഡിറ്റർമാരെ ഉൾപ്പെടുത്തി എ.ഐ കമ്പനികളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക, സുരക്ഷാ മാനദണ്ഡങ്ങൾ രൂപീകരിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ യോഗത്തിലും ഈ വിഷയങ്ങൾ ഏറെ ഗൗരവത്തോടെയാണ് ചർച്ച ചെയ്യപ്പെട്ടത്. എ.ഐക്കു വേണ്ടിയുള്ള ഡേറ്റാസെന്ററുകളും മറ്റും പ്രകൃതിക്ക് ആഘാതമേൽപ്പിക്കുന്നുണ്ട്. വലിയതോതിലുള്ള ഊർജ ഉപഭോഗം കാർബൺ ബഹിർഗമനത്തിനും ഭൂഗർഭജല ശേഖരത്തിന്റെ ശോഷണത്തിനും പാരിസ്ഥിതിക ആഘാതങ്ങൾക്കും കാരണമാകുന്നു. അതേസമയംതന്നെ, കാലാവസ്ഥാ പ്രവചനം, മഴയുടെ മാതൃകകൾ, പ്രളയ/വരൾച്ചാ സാദ്ധ്യതകൾ എന്നിവ മനസിലാക്കാൻ എ.ഐ സഹായിക്കുകയും ചെയ്യുന്നു.
യന്ത്രവത്കരണം മനുഷ്യന്റെ ശാരീരിക അദ്ധ്വാനത്തെയാണ് മാറ്റിസ്ഥാപിച്ചതെങ്കിൽ എ.ഐ മനുഷ്യന്റെ ബൗദ്ധിക അദ്ധ്വാനത്തിന്റെ പല മേഖലകളിലേക്കും പ്രവേശിച്ച് മനുഷ്യന്റെ സാന്നിദ്ധ്യത്തെ അപ്രസക്തമാക്കുന്ന നിലയിലെത്തിയിരിക്കുന്നു. വ്യാപകമായ പിരിച്ചുവിടലും തൊഴിൽനഷ്ടവും ഭീഷണി ഉയർത്തുന്നുണ്ട്. ജോലികൾ എ.ഐ ഏറ്റെടുത്താൽ വിദഗ്ദ്ധർ എവിടെനിന്ന് ഉണ്ടാകുമെന്ന ചോദ്യം പ്രസക്തമാണ്. ഒരു പ്രൊഫഷണൽ ആകാനുള്ള പടിപടിയായ പരിശീലനം നഷ്ടപ്പെടുന്നത് മനുഷ്യന്റെ പ്രശ്നപരിഹാര ശേഷിയെ ബാധിക്കും.
മനുഷ്യൻ എ.ഐക്ക് ഡാറ്റ നൽകുന്നു, എ.ഐ അതിൽനിന്ന് പഠിച്ച് അറിവ് തിരിച്ചുനൽകുന്നു, മനുഷ്യൻ അതുപയോഗിച്ച് പുതിയ ഡാറ്റ സൃഷ്ടിക്കുന്നു. ഈ ചക്രം മനുഷ്യന്റെ ചിന്താശൈലിയെത്തന്നെ സ്വാധീനിക്കുന്നു. 'മനുഷ്യൻ എത്രത്തോളം നിർമ്മിതനാകും' എന്ന ഗൗരവമേറിയ ചോദ്യത്തിലേക്കാണ് നാം എത്തിച്ചേരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |