SignIn
Kerala Kaumudi Online
Wednesday, 30 September 2026 2.30 AM IST

ഗവിയിൽ അന്യരാക്കപ്പെട്ടവർ

ss

അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് ശ്രീലങ്കയിൽ നിന്ന് ഗവിയിലേക്ക് കുടിയേറിയ തമിഴ് വംശജരാണ് ഗവിയിലെ താമസക്കാർ. ശ്രീലങ്കയിലെ വംശീയ കാലപ സമയത്ത് ഇന്ത്യയിലേക്ക് കുടിയേറിയ ഇവരെ അക്കാലത്ത് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി മുൻകൈയെടുത്താണ് ഗവിയിൽ താമസിപ്പിച്ചത്. ഇപ്പോഴും സ്വന്തമായി വീടുകളില്ലാതെ പൊട്ടിപ്പൊളിഞ്ഞ തൊഴിലാളി ലയങ്ങളിലാണ് ഗവി നിവാസികൾ താമസക്കുന്നത്. ഏലത്തോട്ടം തൊഴിലാളികളായ ഇവർക്ക് മറ്റ് തൊഴിലുകളിൽ ഏർപ്പെടാൻ ഗവിയിൽ അവസരങ്ങളില്ല. വനത്താൽ ചുറ്റപ്പെട്ട പ്രദേശത്ത് മറ്റ് കൃഷികൾ ഒന്നുമില്ല. ഇവർക്ക് സ്വന്തമായി വീടുകൾ നിർമിക്കാൻ സീതത്തോട്ടിലെ കൊട്ടമൺപാറയിൽ ആരംഭിച്ച ലൈഫ് വീട് പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ എവിട‌െയുമെത്തിയില്ല.

ലൈഫ് വീടുകളുടെ മറവിൽ വൻ തട്ടിപ്പ് നടന്നതായി ആക്ഷേപമുയർന്നിട്ടുണ്ട്.
ഒരു വീടു പോലും ഇതുവരെ പൂർണമായിട്ടില്ല. പാതിവഴി നിർമ്മാണം മുടങ്ങിയ വീടുകൾ കാടുകയറി കിടക്കുന്നു. പല കെട്ടിടങ്ങൾക്കും ബലക്ഷയം ബാധിച്ചു തുടങ്ങിയതായി നാട്ടുകാർ പറയുന്നു. നിർമ്മാണ സമയത്ത് കൃത്യമായ മേൽനോട്ടം ഇല്ലാതിരുന്നതിനാൽ തോന്നിയ വിധമാണ് പണികൾ നടന്നതെന്ന് ആരോപണമുണ്ട്. നിർമ്മാണ സാമഗ്രികൾക്ക് വേണ്ടത്ര ഗുണനിലവാരം ഇല്ലായിരുന്നുവെന്നും ആവശ്യത്തിന് സിമന്റ്, മണൽ, കമ്പി എന്നിവ ഉപയോഗിച്ചിരുന്നില്ലെന്നും പരാതിയുണ്ട്. ലൈഫ് ഭവന നിർമ്മാണത്തിന്റെ പേരിൽ ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നതായാണ് മറ്റൊരു ആരോപണം.

അര നൂറ്റാണ്ട് പഴക്കമുള്ള ലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളില്ലാതെയും വികസനമെത്താതെയും തൊഴിലാളികളുടെ ദുരിതം തുടരുകയാണ്. ഇടുക്കിയിലെ ഏലത്തോട്ടം മേഖലയിലേക്ക് പുനരധിവസിപ്പിക്കണമെന്ന് ഗവി നിവാസികളുടെ വർഷങ്ങളായ ആവശ്യം ഇതുവരെ അധികൃതർ പരിഗണിച്ചിട്ടില്ല. സീതത്തോട്ടിൽ ലൈഫ് വീടുകൾ പൂർത്തിയായാൽ തന്നെ തൊഴിൽ ഇല്ലാതെ അങ്ങോട്ടു താമസം മാറാൻ ഗവിയിലെ ഭൂരിഭാഗവും കുടുംബങ്ങളും തയ്യാറല്ല. പതിനാല് പേർ മാത്രമാണ് ലൈഫ് വീടുകൾക്ക് അപേക്ഷിച്ചത്.

സീതത്തേട്ടിൽ റബർ തോട്ടങ്ങളാണുള്ളത്. ‌ടാപ്പിംഗ് ജോലി അറിയില്ല. റബർ മരങ്ങൾ വൻ തോതിൽ കുറഞ്ഞ സ്ഥിതിക്ക് ടാപ്പിംഗ് പരിശീലനത്തോടു വിമുഖതയിലാണ് തൊഴിലാളികൾ. ലൈഫ് പദ്ധതി വീടുകളുടെ മറവിൽ വൻ തട്ടിപ്പ് നടന്നതായി ആക്ഷേപമുയർന്നിട്ടുണ്ട്.

ഇടുക്കിയിലേക്കു മാറിയാൽ അറിയാവുന്ന ഏലത്തോട്ടം തൊഴിൽ ചെയ്തു ജീവിക്കാമെന്നാണ് നിലപാട്.

♦ പാക്കേജ് മുക്കി വനംവകുപ്പ്

ഗവിയ്ക്ക് പുറത്ത് താമസിക്കാൻ ഒരോ കുടുംബത്തിനും പതിനഞ്ച് ലക്ഷം രൂപ വീതം നൽകാനുള്ള വനംവകുപ്പിന്റെ പാക്കേജ് ഗവി നിവാസികൾ അംഗീകരിച്ചതാണ്. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ ഒാഫീസിൽ തീരുമാനമാകാൻ കിടക്കുകയാണ് ഫയൽ. പാക്കേജ് നടപ്പാക്കിയാൽ ഇടുക്കിയിലെ ഏലം, തേയില തോട്ടങ്ങളിൽ തൊഴിൽ സാദ്ധ്യതയുള്ള പ്രദേശത്തേക്ക് താമസം മാറണമെന്നതാണ് അവരുടെ ആഗ്രഹം. നാൽപ്പത്തിയെട്ട് ലയങ്ങളിലായി ഇരുന്നൂറോളം കുടുംബങ്ങളാണ് ഗവിയിൽ താമസിക്കുന്നത്. ഏറ്റവും പ്രായം കൂടിയത് തൊണ്ണൂറ്റി ആറുകാരിയായ വള്ളിയമ്മയാണ്. ശ്രീലങ്കയിൽ നന്ന് തമിഴ്നാട്ടിലെ ധനുഷ്കോടിയിലെത്തിയ ശ്രീലങ്കൻ തമിഴർ ഇടുക്കി വള്ളക്കടവ് വഴി ഗവിയിലെത്തുകയായിരുന്നു. ആ യാത്രയിലുണ്ടായിരുന്ന വള്ളിയമ്മ ഉൾപ്പെടെ ഇരുപതോളം ശ്രീലങ്കൻ തമിഴരും അവരുടെ തലമുറയുമാണ് ഗവിയിലുള്ളത്.

ഗവി ടൂറിസത്തിൽ വലിയ പങ്കാളിത്തം വഹിക്കുന്നവരാണ് പ്രദേശവാസികൾ. വിനോദ സഞ്ചാരികൾക്ക് എന്നും ആകർഷണമാണ് ഗവി. വനഭംഗി ആസ്വദിച്ചുള്ള ഗവി യാത്രയിൽ സഞ്ചരികൾക്ക് സഹായവുമായി ഗവി നിവാസികളുമുണ്ടാകും. ആങ്ങമൂഴി വനം ചെക്പോസ്റ്റിൽ നിന്ന് എൺപത് കിലോമീറ്റർ യാത്ര ചെയ്താലാണ് ഗവിയിലെത്തുക. ഇടുക്കി ജില്ലയിലെ വള്ളക്കടവ് വഴിയും ഗവിയിലെത്താം.

♦ വിനോദ സഞ്ചാരികളുടെ പറുദീസ,

വികസനത്തിൽ പിന്നിൽ

വികസനത്തിലും വിദ്യാഭ്യാസ രംഗത്തും ഗവി പിന്നിലാണ്. ആകെയുള്ളത് ഒരു എൽ.പി സ്കൂൾ മാത്രം. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനും ഉന്നത വിദ്യാഭ്യാസത്തിനും ഗവി നിവാസികൾ പുറംലോകത്തെയാണ് ആശ്രയിക്കുന്നത്. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന കുട്ടികൾ നിരവധിയുണ്ട് ഗവിയിൽ. അവരിൽ പലരും ഹൈസ്കൂൾ പഠനത്തിനു ശേഷം ഉന്നത കോഴ്സുകൾക്ക് മുണ്ടക്കയത്താണ് പോകുന്നത്. സർക്കാരും വനംവകുപ്പും ഗവി നിവാസികൾക്ക് അർഹമായ പരിഗണന നൽകുന്നില്ലെന്ന് ആക്ഷേപം ശക്തമാണ്. വന നിയമങ്ങളുടെ നൂലാമാലകളിൽ പെട്ട് ജീവിക്കുന്നവരുടെ പുനരധിവാസം നടപ്പാക്കുന്നതിന് മുൻപ്, നിലവിലുള്ള ലയങ്ങൾ പുനർനിർമിക്കുകയോ അറ്റകുറ്റപ്പണികൾ നടത്തുകയോ ചെയ്യണം. ലൈഫ് വീടുകളുടെ പദ്ധതി മുടങ്ങിക്കിടക്കുന്നു. വ്യക്തമായ പുനരധിവാസ പാക്കേജ് ഇല്ലാത്ത കാലത്തോളം ഗവി നിവാസികൾ അവിടത്തന്നെ താമസിക്കേണ്ടതുണ്ട്. ഏലത്തോട്ടം മേഖലയിൽ അവർക്ക് തൊഴിൽ ഉറപ്പാക്കണം. തൊഴിലാളികൾക്ക് കൂലി കുറവാണെന്നും പല ദിവസങ്ങളിലും പണയില്ലെന്നും പരാതികളുണ്ട്. ഇവയെല്ലാം പരിഹരിച്ച് ഗവി നിവാസികളുടെ സുഗമ ജീവിതം ഉറപ്പുവരുത്തണം. ഇല്ലെങ്കിൽ ഗത്യന്തരമില്ലാതെ അവർ പ്രക്ഷോഭരംഗത്തേക്ക് കടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY