SignIn
Kerala Kaumudi Online
Wednesday, 30 September 2026 2.30 AM IST

ബിബി,​ നിങ്ങൾ എല്ലാം അറിഞ്ഞിരുന്നോ?​

s

അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പിൽ തന്റെ പ്രധാനമന്ത്രി കസേര ഉറപ്പിക്കാൻ വേണ്ടി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹമാസ് ഭീഷണി ബോധപൂർവം അവഗണിച്ചെന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്തിയെന്നുമുള്ള ഗുരുതരമായ ആരോപണം ഉയരുന്നു. യു.എ.ഇയിൽ നിന്നടക്കം ലഭിച്ച മുന്നറിയിപ്പുകൾ നെതന്യാഹു അവഗണിച്ചെന്നാണ് ഇസ്രയേലിന് അകത്തും പുറത്തുമുള്ള ആരോപണം.

ബിബി.. കിംഗ് ബിബി! കരുത്തിന്റെ പ്രതീകമാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസ യുദ്ധത്തിന്റെ പേരിൽ ആഗോളതലത്തിൽ ഒറ്റപ്പെടുത്തൽ നേരിടുമ്പോഴും കുലുങ്ങാത്ത വൻമരം. 70 ഓളം രാജ്യങ്ങളുടെ നയതന്ത്രജ്ഞരാണ് കഴിഞ്ഞയാഴ്ച ന്യൂയോർക്കിൽ ഐക്യരാഷ്ട്ര സംഘടന (യു.എൻ) ജനറൽ അസംബ്ലിയുടെ 81 -ാം സെഷനിൽ നെതന്യാഹുവിന്റെ പ്രസംഗം ബഹിഷ്കരിച്ചത്. കസേരകൾ കാലിയായിട്ടും ഒട്ടും പതറാതെ നെതന്യാഹു പറഞ്ഞത് താത്പര്യമില്ലാത്ത ആരെങ്കിലും ശേഷിക്കുന്നുണ്ടെങ്കിൽ ഉടൻ ഇറങ്ങി പോകണം എന്നാണ്. ഇറങ്ങിപ്പോയവരെ ഭീരുക്കൾ എന്ന് പരിഹസിക്കുകയും ചെയ്തു.

ഒരുവശത്ത് നെതന്യാഹുവിന്റെ 'ഓറ'യെ വാഴ്ത്തുമ്പോൾ മറുവശത്ത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ കളങ്കപ്പെടുത്താൻ ശേഷിയുള്ള ഒരു വിവാദം അഗ്നിപർവതം പോലെ പുകയുന്നു. 2023 ഒക്ടോബർ 7ന് ഹമാസ് ഗാസയിൽ നിന്ന് അതിർത്തി കടന്ന് ഇസ്രയേലിന്റെയുള്ളിൽ നടത്തിയ ഭീകരാക്രമണത്തിന്റെ പേരിലാണത്. ഇന്റലിജൻസ് ഏജൻസിയായ മൊസാദിന്റെ ചാരക്കണ്ണുകളെ വെട്ടിച്ച് ഇതെങ്ങനെ സംഭവിച്ചു എന്നത് ലോകത്തെ ആശ്ചര്യപ്പെടുത്തിയതാണ്.

യു.എ.ഇയിൽ നിന്നടക്കം ലഭിച്ച മുന്നറിയിപ്പുകൾ നെതന്യാഹു അവഗണിച്ചെന്നാണ് ഇസ്രയേലിന് അകത്തും പുറത്തുമുള്ള ആരോപണം. അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പിൽ തന്റെ പ്രധാനമന്ത്രി കസേര ഉറപ്പിക്കാൻ വേണ്ടി നെതന്യാഹു ഹമാസ് ഭീഷണി ബോധപൂർവം അവഗണിച്ചെന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്തിയെന്നുമാണ് ഗുരുതരമായ വിമർശനം. രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ അത്ര നിസാരമല്ല കാര്യങ്ങൾ.

ഇസ്രയേലി മാദ്ധ്യമം 'ഹാരെറ്റ്സി'ന്റെ അന്വേഷണ റിപ്പോർട്ടാണ് വിവാദത്തിന് തിരികൊളുത്തിയത്. ഒക്ടോബർ ഏഴിലെ ആക്രമണത്തിന് പത്ത് ദിവസം മുമ്പ് യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ചത്രെ. ഹമാസ് തലവൻ യഹ്യാ സിൻവാർ ആക്രമണത്തിന് പദ്ധതിയിടുന്നെന്നും മേഖലയെ അസ്ഥിരപ്പെടുത്തുന്ന ഭൂകമ്പമായി അത് മാറുമെന്നും നഹ്യാൻ പറഞ്ഞു.

എന്നാൽ ശാന്തമായി കേട്ട നെതന്യാഹു ഇസ്രയേൽ സർവ സജ്ജമാണെന്ന മറുപടി നൽകി. മൊസാദ്, ഷിൻ ബെറ്റ് തുടങ്ങി ഇസ്രയേലി ഇന്റലിജൻസ് സംവിധാനങ്ങളെ നെതന്യാഹു വിവരം അറിയിച്ചില്ലത്രെ. ഈജിപ്ഷ്യൻ ഇന്റലിജൻസ് ഏജൻസിയും സമാനമായ മുന്നറിയിപ്പ് ഇസ്രയേൽ സർക്കാരിന് നൽകിയെന്ന് അമേരിക്കൻ മാദ്ധ്യമവും റിപ്പോർട്ട് ചെയ്തു. തന്റെ കടുത്ത വിമർശകരായ ഹാരെറ്റ്സ് പച്ചക്കള്ളം മെനയുകയാണെന്ന് പറഞ്ഞ നെതന്യാഹു, മാനനഷ്ടക്കേസ് കേസ് ഫയൽ ചെയ്തു.


നഹ്യാന് എല്ലാം അറിയാം

ഹമാസ് ആക്രമണത്തിന് മുമ്പ് നഹ്യാൻ തന്നോട് സംസാരിച്ചിട്ടില്ലെന്ന് നെതന്യാഹു പറയുന്നു. എന്നാൽ അത് താൻ മാത്രം പറഞ്ഞിട്ട് കാര്യമില്ലല്ലോ. നഹ്യാൻ കൂടി പരസ്യമായി പറയേണ്ടേ?​ ഇക്കാര്യം ആവശ്യപ്പെടാൻ വേണ്ടിയാണ് ഞായറാഴ്ച നെതന്യാഹു അബുദാബിയിലേക്ക് രഹസ്യ സന്ദർശനം നടത്തിയതെന്ന് പറയുന്നു (നെതന്യാഹു വന്നത് ഉഭയകക്ഷി ചർച്ചയ്ക്കെന്നാണ് യു.എ.ഇ ഭാഷ്യം).


ഇടിത്തീ പോലെ ഗാലന്റ്

ഇതിനിടെ,​ മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് കൂടി തനിക്കെതിരെ രംഗത്തെത്തിയത് നെതന്യാഹുവിനെ സമ്മർദ്ദത്തിലാക്കി. ആക്രമണത്തിന് ആഴ്ചകൾക്ക് മുമ്പ് ഷിൻ ബെറ്റ് രഹസ്യാന്വേഷണ വിഭാഗത്തിന് മുന്നറിയിപ്പ് ലഭിച്ചെന്നും എന്നാൽ മിലിട്ടറി ഇന്റലിജൻസ് മുന്നറിയിപ്പിനെ തെറ്റായി വിലയിരുത്തിയെന്നും ഗാലന്റ് പറഞ്ഞു. യുദ്ധ സമയത്ത് യു.എസ് ഉദ്യോഗസ്ഥരുമായി നടത്തിയ രഹസ്യ ചർച്ചകളിൽ നിന്ന് നെതന്യാഹു തന്നെ ഒഴിവാക്കിയെന്നും ഗാലന്റ് കുറ്റപ്പെടുത്തി.

യുദ്ധ തന്ത്രത്തിലെ അഭിപ്രായ ഭിന്നത മൂലം 2024 നവംബറിൽ ഗാലന്റിനെ നെതന്യാഹു പുറത്താക്കിയിരുന്നു. ആക്രമണം തടയാൻ പരാജയപ്പെട്ടെന്ന കുറ്റം തന്റെ മേലിൽ ചുമത്താൻ ശ്രമിച്ചെന്ന് കാട്ടി ഷിൻ ബെറ്റ് മുൻ മേധാവി റോനൻ ബാറും നെതന്യാഹുവിനെതിരെ രംഗത്തെത്തി.


രക്ഷകനോ, അതോ... ?

നഹ്യാന്റെ ഒറ്റ വാക്ക് മതി ഇപ്പോഴത്തെ വിവാദങ്ങളുടെ നിജസ്ഥിതിയറിയാൻ. എന്നാൽ ഇസ്രയേലിന്റെ ആഭ്യന്തര വിഷയമായതിനാൽ നഹ്യാൻ ഇടപെട്ടേക്കില്ല. ഇസ്രയേലിന്റെ രക്ഷകനായാണ് നെതന്യാഹുവിനെ ഒരു വിഭാഗം കാണുന്നത്. എന്നാൽ മറ്റുചിലരാകട്ടെ, തന്റെ അധികാരം നിലനിറുത്താൻ എന്തും ചെയ്യാൻ മടിക്കാത്ത നേതാവാണ് നെതന്യാഹുവെന്ന് പറയുന്നു. ഇതിനുള്ള ഉത്തരം ഇസ്രയേലി ജനത തന്നെ തരും. ഒക്ടോബർ 27ന് !

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY