SignIn
Kerala Kaumudi Online
Wednesday, 30 September 2026 2.30 AM IST

റോഡപകടങ്ങൾ കുറയ്ക്കാനുള്ള നിർദ്ദേശം

ee

കേരളത്തിലെ റോഡപകടങ്ങൾ കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായി റോഡ് സുരക്ഷാ കാര്യങ്ങൾ നിരന്തരം നിരീക്ഷിക്കാനും സ്വമേധയാ കേസെടുക്കാനുമുള്ള സംവിധാനത്തിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചീഫ് ജസ്റ്റിസിന്റെ അനുമതി തേടിയിരിക്കുകയാണ്.

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിവരവും ഏകോപിപ്പിക്കേണ്ടതുണ്ട്. ഇതിനായി ആറ് മാസത്തിനകം ജി.ഐ.എസ് അധിഷ്ഠിത പ്ളാറ്റ്‌ഫോം സജ്ജമാക്കാനും ജസ്റ്റിസ് വി. രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിക്കുകയും ചെയ്തു. കേരളത്തിലെ റോഡപകടങ്ങളും മരണങ്ങളും ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. നിയമം തെറ്റിക്കുകയും ചെറിയ പ്രശ്നങ്ങൾക്ക് പോലും റോഡിൽ മോശമായ രീതിയിൽ പെരുമാറുകയും ചെയ്യുന്നതിൽ ഒട്ടും പിന്നിലല്ല നമ്മുടെ സമൂഹം. ആംബുലൻസിനെ പോലും കടത്തിവിടാതെ റോഡിൽ ജാട കാണിക്കാൻ പോലും തയ്യാറാകുന്നിടത്തോളം അധഃപതിച്ചിരിക്കുകയാണ് നമ്മുടെ ഡ്രൈവിംഗ് സംസ്കാരം.

ഇതിനൊരു പൊളിച്ചെഴുത്ത് സംഭവിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. വിദേശ രാജ്യങ്ങളിൽ പ്രൈമറി തലം മുതൽ തന്നെ കുട്ടികളെ റോഡ് നിയമങ്ങൾ പഠിപ്പിക്കുകയും അത് പാലിക്കേണ്ടത് പൗരധർമ്മമാണെന്ന് ബോധിപ്പിക്കുകയും ചെയ്യാറുണ്ട്. ഇവിടെ അങ്ങനെയുള്ള സമ്പ്രദായമില്ലാത്തതിന്റെ കുറവാണ് റോഡപകടങ്ങളും റോഡിലെ വഴക്കുകളും ഇത്രയധികം പെരുകാൻ ഇടയാക്കിയിരിക്കുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന്. സംസ്ഥാനത്തെ നിരത്തുകളിൽ 2025 ജനുവരി മുതൽ 2026 ജൂലായ് വരെ റോഡപകടങ്ങളിൽ 6000 പേരാണ് മരണമടഞ്ഞത്. 93,038 പേർക്ക് പരിക്കേറ്റു. മരണമടഞ്ഞവരിൽ 60.5 ശതമാനം പേരും 18നും 45നും ഇടയിൽ പ്രായമുള്ളവരാണ്. അശ്രദ്ധയും അമിത വേഗതയുമാണ് മിക്ക അപകടങ്ങളുടെയും മുഖ്യ കാരണം. കുണ്ടും കുഴികളും നിറഞ്ഞ ചില റോഡുകളുടെ അവസ്ഥയും വേണ്ട രീതിയിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കാത്തതും അപകടങ്ങൾക്കിടയാക്കുന്നു.

റോഡിന്റെ ദുരവസ്ഥയ്ക്ക് എൻജിനിയർമാർ ഉത്തരവാദികളാകുമെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചിരിക്കുന്നത്. ക്രാഷ് ഗാർഡും റോഡ് സുരക്ഷയും ഉറപ്പാക്കാൻ എൻജിനിയർമാർക്ക് പ്രത്യേക ഉത്തരവാദിത്വം നൽകുക, സംസ്ഥാന പാതകളിൽ ഓരോ 30 കിലോമീറ്ററിലും ജീവൻരക്ഷാ സംവിധാനങ്ങളുള്ള ആംബുലൻസ് സൗകര്യം ലഭ്യമാക്കുക തുടങ്ങിയ നിർദ്ദേശങ്ങളും ഹൈക്കോടതി മുന്നോട്ടുവച്ചിട്ടുണ്ട്. സ്വകാര്യ ബസുകളുടെ സമയക്രമം ശാസ്‌ത്രീയമായി പുനർ നിർണയിക്കുക, പൊതുഗതാഗത ഡ്രൈവർമാർക്ക് കേന്ദ്രീകൃത ഡിജിറ്റൽ പ്രൊഫൈൽ സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയവയും ഹൈക്കോടതിയുടെ നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു. റോഡ് സുരക്ഷയ്ക്കായി ഈ നിർദ്ദേശങ്ങൾ ഏകോപിപ്പിക്കാൻ നോഡൽ അതോറിട്ടിയായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിയമങ്ങൾ പാലിക്കുന്നത് കർശനമാക്കുന്നതിനൊപ്പം ശരിയായ ബോധവത്‌കരണവും റോഡപകടങ്ങൾ കുറയ്ക്കാൻ ആവശ്യമാണ്.

നിയമങ്ങൾ തെറ്റിക്കുന്നവർക്ക് ഇപ്പോഴുള്ള ശിക്ഷ കുറവാണെങ്കിൽ അത് വർദ്ധിപ്പിക്കുന്ന കാര്യവും സർക്കാരിന് പരിഗണിക്കാവുന്നതാണ്. ഓരോ ദിവസം കഴിയുന്തോറും റോഡിൽ വണ്ടികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതും ഇവയ്ക്ക് ആവശ്യമായ പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടികളെടുക്കാത്തതും അപകടങ്ങൾ കൂടാൻ ഇടയാക്കുന്നുണ്ട്. സിംഗപ്പൂർ, ലണ്ടൻ തുടങ്ങിയ രാജ്യങ്ങളിലെ മാതൃകയിൽ പൊതുഗതാഗതത്തിൽ പരിഷ്കാരം കൊണ്ടുവരുന്നതിനെക്കുറിച്ച് പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കണമെന്നും കോടതി പറഞ്ഞിട്ടുണ്ട്. ഇത്തരം പഠന റിപ്പോർട്ടുകൾ പലതും ഇപ്പോൾ തന്നെ സർക്കാരിന്റെ അലമാരകളിൽ ഇരിപ്പുണ്ട്. അതിനാൽ പഠിച്ചതുകൊണ്ട് മാത്രം കാര്യമില്ല. റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കാനുള്ള ആർജ്ജവം സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY