പ്രായം കൂടിയവരും കുറഞ്ഞവരുമൊക്കെ ഒരുപോലെ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമുകൾക്ക് ഒട്ടേറെ നല്ല വശങ്ങളുണ്ട്. അതോടൊപ്പം തന്നെ ഗുരുതരമായ ചില ദൂഷ്യവശങ്ങളും. വിദേശത്ത് താമസിക്കുന്ന മക്കൾക്ക് നാട്ടിലെ വീട് കാണാനും മാതാപിതാക്കൾക്ക് അപകട സാദ്ധ്യതയുണ്ടെങ്കിൽ മുന്നറിയിപ്പ് നൽകാനും എന്തിന് ലൈറ്റ് ഓഫ് ചെയ്യാൻ വരെ ഇത്തരം പ്ളാറ്റ്‌ഫോമുകളിലെ ആപ്പുകൾ സഹായിക്കുന്നുണ്ട്. നിരവധി ദൈനംദിന ജോലികളും ബില്ല് അടയ്ക്കലും ഒക്കെ ചെയ്യാൻ ഇതിലൂടെ കഴിയും. അതിനാൽ ഇതിൽ ഒരു തിരിച്ചുപോക്ക് അസാദ്ധ്യമാണ്. അതേസമയം സോഷ്യൽ മീഡിയയുടെ ദുരുപയോഗം ഗുരുതരമായ ആരോഗ്യ, സാമ്പത്തിക, മാനസിക പ്രശ്നങ്ങൾക്കും ഇടയാക്കും. ആധുനിക സാങ്കേതിക വിദ്യയുടെ വളർച്ച ഒരു തലമുറയുടെ പ്രത്യേകിച്ച് ഇളം തലമുറയുടെ വിളർച്ചയ്ക്ക് ഇടയാകരുത്. അതിനാൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ നിയന്ത്രണമില്ലാതെ ഈ ഡിജിറ്റൽ ലോകത്തേക്ക് പ്രവേശിക്കുന്നത് അവർക്ക് മാത്രമല്ല മാതാപിതാക്കൾക്കും പിന്നീട് സമൂഹത്തിനും വലിയ വിപത്തുകൾ സൃഷ്ടിക്കാം.
ഈ പശ്ചാത്തലത്തിലാണ് 18 വയസിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങളും ചട്ടങ്ങളും ഉണ്ടാക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര സർക്കാർ ഇടപെടുന്നില്ലെങ്കിൽ ഐ.ടി നിയമത്തിനു കീഴിൽ ഉത്തരവിറക്കാൻ നിർബന്ധിതമാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞിരിക്കുകയാണ്. സമൂഹ മാദ്ധ്യമങ്ങളും മറ്റ് ഡിജിറ്റൽ പ്ളാറ്റ്‌ഫോമുകളും ഉപയോഗിക്കുന്നതിൽ പ്രായപൂർത്തിയാകാത്തവർക്ക് സംരക്ഷണമാവശ്യപ്പെടുന്ന ഹർജി പരിഗണിക്കുകയായിരുന്നു കോടതി. പ്രായപൂർത്തിയാകാത്തവർക്ക് സമൂഹ മാദ്ധ്യമ അക്കൗണ്ടുകളുണ്ടാക്കാൻ കമ്പനികൾ അനുവാദം നൽകുന്ന സാഹചര്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പതിനഞ്ച് വയസുള്ള കുട്ടിക്ക് എക്‌സിൽ അക്കൗണ്ട് തുറക്കാം. ഇതിൽ നിയന്ത്രണം ആവശ്യമാണ്. കുറഞ്ഞത് 18 വയസ് പൂർത്തിയായി എന്നുറപ്പാക്കണം. അതിന് കേന്ദ്രമിറക്കുന്ന സമൂഹ മാദ്ധ്യമ ഇന്റർമീഡിയറി ചട്ടം കമ്പനികൾ പാലിച്ചേ മതിയാവൂ എന്നും കോടതി പറഞ്ഞു.
സമൂഹ മാദ്ധ്യമ കമ്പനികൾക്ക് നിയമപരമായ പരിരക്ഷ നൽകുന്ന ഐ.ടി നിയമത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ്, അതുപ്രകാരം നിർദ്ദേശങ്ങളിറക്കാൻ കോടതി നിർബന്ധിതമാകുമെന്നും കൂട്ടിച്ചേർത്തു. ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം, സ്നാപ്‌ചാറ്റ് തുടങ്ങിയ പ്രമുഖ പ്ളാറ്റ്‌ഫോമുകളിൽ വ്യാജ വിവരങ്ങൾ നൽകി പ്രായപൂർത്തിയാകാത്ത കുട്ടികൾ അക്കൗണ്ടുകൾ തുറക്കുന്ന സാഹചര്യമാണ് ഇവിടെ നിലനിൽക്കുന്നത്. ഇത്തരം സൈബർ ഇടങ്ങൾ കുട്ടികൾക്ക് സൃഷ്ടിക്കുന്ന അപകടങ്ങൾ ചെറുതല്ല. അതിനാൽ കുട്ടികളെ ചൂഷണം ചെയ്യുന്ന ദൃശ്യങ്ങളും വീഡിയോകളും ഓൺലൈനിൽ പ്രചരിക്കുന്നത് തടയാൻ ഫയർവാളുകൾ പോലുള്ള സംവിധാനങ്ങൾ അത്യാവശ്യമാണ്. ഡിജിറ്റൽ ഇടങ്ങളിലെ തെറ്റായ വിവരങ്ങളും അധിക്ഷേപവും ഒറ്റപ്പെടുത്തലുകളും അവരുടെ മാനസികാരോഗ്യം തകർക്കാൻ ഉതകുന്നതാണ്.
അക്രമവും അശ്ളീലവും നിറഞ്ഞ ഉള്ളടക്കങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ കുട്ടികളിലേക്ക് എത്തുന്നത് അവരുടെ സ്വഭാവം വികലമാക്കാനും അവരെ തെറ്റായ വഴികളിലേക്ക് നയിക്കാനും ഇടയാക്കും. കുട്ടികളുടെ വ്യക്തിഗത വിവരങ്ങളും താത്‌പര്യങ്ങളും പോലും പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടാനും ഇടയാക്കും. പല വിദേശ രാജ്യങ്ങളും കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്നതുൾപ്പെടെയുള്ള നിയമങ്ങളിലേക്ക് നീങ്ങുമ്പോൾ ഇന്ത്യയിലും ശക്തമായ പ്രായപരിധി പരിശോധനാ സംവിധാനങ്ങൾ നടപ്പിലാക്കേണ്ടത് അനിവാര്യമാണ്. ഒപ്പം സൈബർ ഇടങ്ങളിലെ ചതിക്കുഴികളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാൻ മാതാപിതാക്കളുടെയും മുതിർന്നവരുടെയും അദ്ധ്യാപകരുടെയും ഇടപെടലും ആവശ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |