
കൊച്ചി: ബാലനീതി നിയമപ്രകാരം ഇരയുടെ പ്രായം നിശ്ചയിക്കുന്നതിന് എസ്.എസ്.എൽ.സി ബുക്കും സ്‌കൂൾ പ്രവേശന രജിസ്റ്ററും മതിയായ രേഖയാണെന്ന് ഹൈക്കോടതി. പോക്‌സോക്കേസിൽ പ്രതിക്ക് വിചാരണക്കോടതി 40വർഷം തടവിന് ശിക്ഷിച്ചത് ശരിവച്ച ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്.മഞ്ചേരി പോക്‌സോ കോടതി ഉത്തരവിനെതിരെയാണ് മലപ്പുറം സ്വദേശിയും കലാകാരനുമായ ചേവായി മോഹൻദാസ് ഹൈക്കോടതിയെ സമീപിച്ചത്. ഡാൻസ് പഠിക്കാനെത്തിയപ്പോളാണ് പെൺകുട്ടി പീഡനത്തിനിരയായത്. ഈ ബന്ധത്തിൽ കുഞ്ഞുമുണ്ടായി.
അതിജീവിതയുടെ പ്രായം 18 വയസിന് താഴെയാണെന്ന് തെളിയിക്കാനായില്ലെന്നും പ്രായം തെളിയിക്കാനായി ഹാജരാക്കിയ എസ്.എസ്.എൽ.സി ബുക്കും സ്‌കൂളിലെ അഡ്മിഷന് രജിസ്റ്ററും മതിയായ തെളിവല്ലെന്നും ഇയാൾ വാദിച്ചു. എന്നാൽ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ഇരയുടെ പ്രായം തെളിയിക്കാനുള്ള ആധികാരിക രേഖയാണെന്ന് കോടതി പറഞ്ഞു.ഇരയുടെ പ്രായം 18വയസിൽ താഴെയായതിനാൽ ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നതടക്കമുള്ള വാദം നിലനിൽക്കില്ലെന്നും വിലയിരുത്തി. പ്രതിയാണ് കുട്ടിയുടെ അച്ഛനെന്ന് ഡി.എൻ.എ പരിശോധനയിൽ തെളിഞ്ഞതാണെന്നും കോടതി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |