
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലത്തിൽ അഴിച്ചുപണി നടത്തി സർക്കാർ. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ കളക്ടർമാരെ സ്ഥലംമാറ്റി ഉത്തരവായി. ഈ മാസം 15ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഉദ്ഘാടനം നടക്കാനിരിക്കെ എം ഡിയായ അദീല അബ്ദുല്ലയെ നീക്കി പകരം പത്തനംതിട്ട ജില്ലാ കളക്ടറായിരുന്ന ദിവ്യ എസ് അയ്യർക്ക് ചുമതല നൽകി.
സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട് ഡയറക്ടറുടെ ചുമതലയും ദിവ്യ എസ് അയ്യർ വഹിക്കും. ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന ഹരിതാ വി കുമാറിനെ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറായി നിയമിച്ചു. പകരം ഭൂജല വകുപ്പ് ഡയറക്ടർ ജോൺ വി സാമുവൽ ആലപ്പുഴ കളക്ടറായി സ്ഥാനമേൽക്കും. സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന എ ഷിബു ആയിരിക്കും ദിവ്യ എസ് അയ്യർക്കു പകരം പത്തനംതിട്ട കളക്ടർ.
മലപ്പുറം കളക്ടറായിരുന്ന വി ആർ പ്രേംകുമാറിനെ പഞ്ചായത്ത് ഡയറക്ടറായി നിയമിച്ചു. ഭക്ഷ്യസുരക്ഷാ കമ്മീഷണറായിരുന്ന വി ആർ വിനോദിന് പകരമാണ് നിയമനം നടത്തിയിരിക്കുന്നത്. കൊല്ലം ജില്ലാ കളക്ടറായിരുന്ന അഫ്സാന പർവീണിനായിരിക്കും ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ചുമതല. തിരുവനന്തപുരം സ്മാർട്ട് സിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതലയും അഫ്സാന പർവീണിന് ഉണ്ടായിരിക്കും.
മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറായിരുന്ന ദേവിദാസാണ് പുതിയ കൊല്ലം ജില്ലാ കളക്ടർ. പ്രവേശന പരീക്ഷാ കമ്മീഷണറായിരുന്ന അരുൺ കെ വിജയനെ കണ്ണൂർ കളക്ടറായും ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായിട്ടുളള സ്‌നേഹിൽ കുമാർ സിംഗിനെ കോഴിക്കോട് കളക്ടറായും നിയമിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |