SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.06 AM IST

ഒന്നിച്ച്  പഠനം ; ജീവിതവും... ഒരേ  ദിവസം  പ്രിൻസിപ്പൽ

s

തിരുവനന്തപുരം: ജീവിതത്തിലെ ഓരോ പടവും ഒരുമിച്ച് കയറിയ ദമ്പതികളെ തേടി ഔദ്യോഗിക ജീവിതത്തിലെ ഉന്നത പദവിയും ഒരേദിവസം എത്തി. ഗവ. കോളേജ് അദ്ധ്യാപകരായ തിരുവനന്തപുരം പള്ളിപ്പുറം കോമള ഭവനത്തിൽ ഡോ. എം.ഗണേഷും (53) ഡോ. ജി.ആശയും (51) ഒരേദിവസം പ്രിൻസിപ്പൽമാരായി. ഡോ. ഗണേഷ് കരുനാഗപ്പള്ളി ഗവ. കോളേജിലും ഡോ. ആശ പത്തനംതിട്ട ഇലന്തൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലുമാണ് പ്രിൻസിപ്പൽമാരായത്.

കേരള സർവകലാശാലയിൽ ഗവേഷണ വിദ്യാർത്ഥികളായിരിക്കെയാണ് ഒന്നിച്ചുള്ള യാത്ര തുടങ്ങിയത്. ഗവേഷണ വിഷയവും ഒന്നായിരുന്നു- ഹിന്ദി. ഒരേ ദിവസമാണ് ഗവേഷണ ബിരുദം നേടിയത്. 2000ലാണ് വിവാഹിതരായത്. പക്ഷേ, ജോലിയിൽ പ്രവേശിച്ചതു വ്യത്യസ്ത കാലയളവിൽ.

ഡോ. ഗണേഷ് 2000ൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലും ഡോ. ആശ 2005ൽ കൊല്ലം കടപ്പാക്കട ഗവ. എച്ച്.എസ്.എസിലും അദ്ധ്യാപകരായി. ഗണേഷ് 2005ൽ കാഞ്ഞിരംകുളം ഗവ. കോളേജിൽ അദ്ധ്യാപകനായി. ആശ 2006ൽ കാസർകോട് ഗവ. കോളേജിലും. പിന്നീട് അസി. പ്രൊഫസർ, അസോ. പ്രൊഫസർ, പ്രൊഫസർ പദവികളെല്ലാം ഒന്നിച്ച് കൈവന്നു.

 അപേക്ഷിച്ചതും ഒരുമിച്ച്

2022ലാണ് പ്രിൻസിപ്പൽ നിയമനത്തിനു അപേക്ഷിച്ചത്. നിയമക്കുരുക്കിൽപെട്ട് നാലുവർഷം മുടങ്ങിയ നിയമനം കഴിഞ്ഞ 9നാണ് സർക്കാർ നടത്തിയത്. അതോടെ ഒരുമിച്ച് പ്രിൻസിപ്പൽ നിയമനം ലഭിച്ചു. ജീവിതത്തിൽ ഏറെ സന്തോഷം നൽകുന്നതാണ് ഈ നിയമനമെന്ന് ഡോ. ആശ പറഞ്ഞു. മകൻ ആദർശ്.ജി ജർമനിയിലാണ്. മകൾ അപർണ.എ.ജി പ്ലസ് ടു വിദ്യാർത്ഥി. അച്ഛനും അമ്മയും ഹിന്ദി അദ്ധ്യാപകരാണെങ്കിലും മക്കൾ രണ്ടാംഭാഷയായി മലയാളമാണ് എടുത്തതെന്ന് ഡോ. ആശ പറയുന്നു.

സാറിനെ ജീവിതത്തിലും ജോലിയിലും ഞാൻ പിന്തുടർന്നുക്കൊണ്ടിരിക്കുകയായിരുന്നു.

- ഡോ. ആശ.ജി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA