ഇന്ന് ലോക പരിസ്ഥിതി ദിനം
കുമളി: പ്രകൃതിഭംഗികൊണ്ട് അനുഗ്രഹീതമായ കുമളി ഒട്ടകത്തലമേട് പ്ലാസ്റ്റിക് അവശിഷ്ടങ്ങളുടെ മേടായി മാറി . ലോക പരിസ്ഥിതി ദിനത്തിലാണ് ഈ വേദനിപ്പിക്കുന്ന കാഴ്ച. പ്ലാസ്റ്റിക് കുപ്പികളും കവറുകളും നിക്ഷേപിക്കാൻ സഞ്ചാരികൾക്കായി പ്ലാസ്റ്റിക് ശേഖരണ ബോക്സുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബഹു ഭൂരിഭാഗവും അവ ഉപയോഗിക്കാൻ തയ്യാറാകുന്നില്ല. വനസംരക്ഷണ സമിതികളുടെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ കൃത്യമായ നിരീക്ഷണ സംവിധാനം ഇവിടെയില്ലാത്തതാണ് ഈ അനാസ്ഥയ്ക്ക് കാരണം. പ്ലാസ്റ്റിക് കൊണ്ടുവരുന്ന സഞ്ചാരികളെ ബോധവത്കരിക്കാനോ നിയമലംഘകർക്കെതിരെ കർശന നടപടിയെടുക്കാനോ നിലവിൽ സംവിധാനമില്ല. പച്ചപ്പ് നിറഞ്ഞ പുൽമേടുകൾ പ്ലാസ്റ്റിക് കാടുകളായി മാറുന്നത് ഈ പ്രദേശത്തിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയെത്തന്നെ തകിടം മറിക്കുമെന്ന് പരിസ്ഥിതി സ്നേഹികൾ പറയുന്നു. സഞ്ചാരികൾക്ക് പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കൃത്യമായ നിർദ്ദേശങ്ങൾ നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഒട്ടകതലമേടിന്റെ വശ്യത നിലനിറുത്താൻ കുമളി ഗ്രാമപഞ്ചായത്തും ടൂറിസം വകുപ്പും ഉടനടി സംയുക്തമായി ഇടപെട്ട് കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നാണ് പ്രകൃതിസ്‌നേഹികളുടെയും പ്രദേശവാസികളുടെയും ശക്തമായ ആവശ്യം.
അപൂർവ പ്രകൃതി സൗന്ദര്യം
സമുദ്രനിരപ്പിൽ നിന്ന് രണ്ടായിരം അടിയിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒട്ടകതലമേട് വശ്യ മനോഹരമായ കാഴ്ചകളാലാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. തേക്കടിയിലെ ബോട്ടിംഗ് സവാരി കഴിഞ്ഞെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന താവളമാണിത്. ഇവിടെ എത്തിയാൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലാശയവും തമിഴ്നാടിന്റെ അതിർത്തി മലനിരകളും ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ ഒരേസമയം ആസ്വദിക്കാൻ സാധിക്കും. ദിവസേന ആയിരത്തിലധികം സഞ്ചാരികളാണ് ഓഫ്‌റോഡ് ജീപ്പ് സവാരി വഴി ഈ മലമുകളിൽ എത്തുന്നത്.
വേണം പരിശോധനയും പിഴയും
ജീപ്പ് സവാരി തുടങ്ങുന്ന കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് കുപ്പികൾക്ക് കൃത്യമായ സ്റ്റിക്കർ പതിച്ച് വിടുക, തിരികെ വരുമ്പോൾ ഇവ ഉറപ്പുവരുത്തുക
മാലിന്യം തള്ളുന്നവരിൽ നിന്നും വൻ തുക പിഴ ഈടാക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |