SignIn
Kerala Kaumudi Online
Saturday, 13 June 2026 3.51 PM IST

നാടാകെ മാറി,​ പരിയാരം വില്ലേജിൽ ഓഫീസ് കെട്ടിടം പഴഞ്ചൻ തന്നെ!

pariyaram
അസൗകര്യങ്ങളുടെ നടുവിലുള്ള പരിയാരം പഞ്ചായത്ത് ഓഫീസ് കെട്ടിടം

തളിപ്പറമ്പ്: പരിയാരം വില്ലേജ് ഓഫീസിൽ ജീവനക്കാരും സേവനങ്ങളും സ്മാർട്ടായെങ്കിലും മാറാതെ ഓഫീസ് കെട്ടിടം. പരിയാരം പഞ്ചായത്തിലെ 13 വാർഡുകളിലെ ജനങ്ങൾക്ക് ആശ്രയമായ വില്ലേജ് ഓഫീസിൽ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ശ്വാസം മുട്ടുകയാണ്.
താലൂക്കിലെ മറ്റ് വില്ലേജുകളെല്ലാം സ്മാർട്ടാകുമ്പോഴും പരിയാരത്തോടുള്ള ഈ അവഗണനക്കെതിരെ ജനരോഷം ശക്തമാകുകയാണ്.
ഒരു കുടുസ് മുറിയിലാണ് വില്ലേജ് ഓഫീസിലെ എട്ടോളം ജീവനക്കാർ ജോലി ചെയ്യുന്നത്. 1985ൽ നാട്ടുകാരനായ അബ്ദുള്ള ഹാജി സൗജന്യമായി സർക്കാരിലേക്ക് നൽകിയ അഞ്ച് സെന്റ് സ്ഥലത്താണ് വില്ലേജ് ഓഫീസിനായി ആദ്യ കെട്ടിടം പണിതത്. 40 വർഷത്തിലധികം പഴക്കമുള്ള ഈ കെട്ടിടം ചോർന്നൊലിച്ച് ഉപയോഗശൂന്യമായതോടെ 2019 ൽ ഇതിന് മുന്നിലായി ഒരു ചെറിയ കെട്ടിടം കൂടി നിർമ്മിക്കുകയായിരുന്നു.
എന്നാൽ പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള ഈ കൊച്ചു കെട്ടിടത്തിലാണ് വില്ലേജ് ഓഫീസ് ഇപ്പോൾ ശ്വാസം മുട്ടി പ്രവർത്തിക്കുന്നത്.
ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങൾക്ക് ഇരിക്കാനോ വിശ്രമിക്കാനോ ഉള്ള യാതൊരു സൗകര്യവും ഇവിടെയില്ല. വാഹനങ്ങളുമായി വരുന്നവർക്കാകട്ടെ ദൂരസ്ഥലങ്ങളിൽ എവിടെയെങ്കിലും പാർക്ക് ചെയ്യേണ്ടി വരുന്ന അവസ്ഥയാണ്. ഓഫീസ് ഫയലുകൾ സൂക്ഷിക്കാനുള്ള അലമാരകൾ വെക്കാൻ പോലും സ്ഥലമില്ല. നാട്ടുകാർക്കായി കുടിവെള്ള സൗകര്യം ഉൾപ്പെടെ സ്വന്തം ചെലവിൽ ഒരുക്കാൻ ചിലർ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും അതിനുള്ള സൗകര്യം പോലും ഈ കെട്ടിടത്തിലില്ല എന്നതാണ് യാഥാർത്ഥ്യം.

13 വാർഡുകൾ പരിധിയിൽ

പരിയാരം പഞ്ചായത്തിലെ പതിമൂന്ന് വാർഡുകളും വില്ലേജ് ഓഫീസിന്റെ പരിധിയിലാണ്. നേരത്തെ തിരുവട്ടൂർ ആസ്ഥാനമായി മറ്റൊരു വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്നുവെങ്കിലും 1970കളിൽ രണ്ട് വില്ലേജുകളും സംയോജിപ്പിച്ചാണ് പരിയാരം വില്ലേജ് ഓഫീസ് ആക്കി മാറ്റിയത്. ദിവസേന നൂറുകണക്കിന് ആളുകൾ എത്തുന്ന ഈ പ്രധാന സർക്കാർ സ്ഥാപനത്തിന് പുതിയ കെട്ടിടം ഉൾപ്പെടെ മതിയായ സൗകര്യങ്ങൾ ഒരുക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്നാണ് ജനങ്ങളുടെ ആവശ്യം.

അയൽക്കാരെല്ലാം സ്മാർട്ടായി
തളിപ്പറമ്പ് താലൂക്ക് ഓഫീസിന് കീഴിലുള്ള 28 വില്ലേജുകളിൽ ഒട്ടുമിക്ക വില്ലേജുകളും ഇതിനകം തന്നെ ഹൈടെക് സ്മാർട്ട് വില്ലേജുകളായി മാറിക്കഴിഞ്ഞു. തൊട്ടടുത്ത പ്രദേശങ്ങളായ തളിപ്പറമ്പും കുറുമാത്തൂരും കുറ്റിയേരിയും സ്മാർട്ട് വില്ലേജ് ഓഫീസുകളാകാനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ്. മറ്റെല്ലാ സർക്കാർ ഓഫീസുകളും ആധുനികവൽക്കരിക്കപ്പെടുമ്പോഴും പരിയാരം വില്ലേജ് ഓഫീസിനെ മാത്രം അവഗണിക്കുന്നതിൽ പ്രദേശവാസികൾക്കിടയിൽ കടുത്ത അമർഷമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL