SignIn
Kerala Kaumudi Online
Saturday, 13 June 2026 12.18 AM IST

വാർത്ത ഫലം കണ്ടു; ദേശീയപാതയോരത്തെ കാടുകൾ നീക്കിത്തുടങ്ങി

photo
കൊല്ലം-തിരുമംഗലം ദേശിയ ാപതയേരത്തെ പ്ലാച്ചേരിയിൽ വളർന്ന് ഉയർന്ന കൂറ്റൻ കാടുകൾ ജെ.സി.ബി.ഉപയോഗിച്ച് നീക്കുന്നു.

തെന്മല: കൊല്ലം-തിരുമംഗലം ദേശീയപാതയോരത്ത് വളർന്നുപന്തലിച്ച കൂറ്റൻ കാടുകൾ ജെ.സി.ബി. ഉപയോഗിച്ച് നീക്കം ചെയ്തുതുടങ്ങി. പാതയിലെ പ്ലാച്ചേരി മുതൽ പുനലൂർ വരെയുള്ള ഭാഗത്തെ കാടുകളാണ് ഇപ്പോൾ വെട്ടിത്തെളിക്കുന്നത്. ദേശീയപാതയോരത്ത് കാട് കയറിയതുമൂലം വളവുകളിൽ വാഹനങ്ങളുടെ കാഴ്ച മറയുന്നതായി കാണിച്ച് കഴിഞ്ഞ ബുധനാഴ്ച 'കേരളകൗമുദി' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടായത്.

 ഓഫീസ് മാർച്ചുമായി നാട്ടുകാർ

പ്ലാച്ചേരി മുതൽ പുനലൂർ വരെ കാട് നീക്കുന്നുണ്ടെങ്കിലും, പ്ലാച്ചേരി മുതൽ തമിഴ്‌നാട് അതിർത്തിയായ കോട്ടവാസൽ വരെയുള്ള പാതയോരത്തെ കാടുകൾ നീക്കാൻ അധികൃതർ തയ്യാറായിട്ടില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. പത്രവാർത്തയെ തുടർന്ന് മുൻ നഗരസഭാ കൗൺസിലർ ഷൈൻ ബാബുവിന്റെ നേതൃത്വത്തിൽ നാട്ടുകാർ കഴിഞ്ഞദിവസം പുൽച്ചെടികളുമായി പുനലൂരിലെ ദേശീയപാത വിഭാഗം ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചിരുന്നു. കോട്ടവാസൽ വരെയുള്ള ഭാഗത്തെ കാടുകൾ കൂടി നീക്കണമെന്നാവശ്യപ്പെട്ട് ദേശീയപാത വിഭാഗം ഓഫീസിലേക്ക് വീണ്ടും പ്രതിഷേധ മാർച്ച് നടത്താനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.

 മരങ്ങൾ ഭീഷണിയാകുന്നു

കാടുകൾക്കൊപ്പം കാലപ്പഴക്കം ചെന്ന് പാതയോരത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന കൂറ്റൻ മരങ്ങൾ മുറിച്ചുനീക്കണമെന്ന ആവശ്യവും ശക്തമാണ്. പുനലൂർ മുതൽ കോട്ടവാസൽ വരെയുള്ള ഭാഗത്ത് ഉണങ്ങി ജീർണ്ണിച്ച കുറേ വൃക്ഷങ്ങൾ കഴിഞ്ഞവർഷം മുറിച്ചുമാറ്റിയെങ്കിലും, ശേഷിക്കുന്നവ ഇപ്പോഴും വലിയ ഭീഷണിയായി തുടരുകയാണ്. ഇതിൽ പല മരങ്ങളും റോഡിലേക്കും സമീപത്തെ വീടുകളിലേക്കും ചാഞ്ഞുനിൽക്കുകയാണ്.

കാലവർഷം ശക്തമായതോടെ ഏതുസമയത്തും ഇവ കടപുഴകി വീഴാമെന്ന ഭീതിയിലാണ് പ്രദേശവാസികളും വാഹനയാത്രക്കാരും. അപകടഭീഷണിയുള്ള മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റാൻ അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL