
തെലങ്കാന: ഇന്നത്തെ കാലത്ത് ഓൺലൈൻ ആപ്പുകൾ വഴി ബൈക്ക്, ഓട്ടോ, ടാക്‌സി സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. എന്നാൽ, ഇത്തരത്തിൽ ഓൺലൈനിലൂടെ ബുക്ക് ചെയ്‌ത ഓട്ടോയിൽ കയറിയ യുവതിക്കുണ്ടായ മോശം അനുഭവവും അതിനെതിരെ നടത്തിയ നിയമപോരാട്ടത്തെക്കുറിച്ചുമുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
ആന്ധ്രാപ്രദേശിലാണ് സംഭവം. ജൂനിയർ സിവിൽ ജഡ്‌ജ് മെയിൻസ് പരീക്ഷ എഴുതാൻ പോകുന്നതിനിടെയാണ് യുവതിക്ക് ദുരനുഭവമുണ്ടായത്. ഗുണ്ടൂരിൽ നിന്ന് പരീക്ഷാ കേന്ദ്രമായ നാഗാർജുന യൂണിവേഴ്‌സിറ്റിയിലേക്ക് പോകുന്നതിന് യുവതിയും അമ്മയും ഒല ആപ്പ് വഴി ഓട്ടോ ബുക്ക് ചെയ്‌തു. എന്നാൽ, ആപ്പിൽ കാണിച്ച വാഹനത്തിന് പകരം മറ്റൊരു വാഹനത്തിലാണ് ഡ്രൈവർ എത്തിയത്. യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ ഒടിപിയും ആവശ്യപ്പെട്ടു. തുടർന്ന് പരീക്ഷാ കേന്ദ്രത്തിലേക്ക് പോകുന്നതിന് പകരം ഡ്രൈവർ മറ്റൊരു വഴിയിലൂടെ ഇവരെ കൊണ്ടുപോയി.
ലക്ഷ്യസ്ഥാനത്ത് നിന്നും 25 കിലോമീറ്റർ അകലെയുള്ള സ്ഥലത്തെത്തിയപ്പോൾ പരീക്ഷാ കേന്ദ്രത്തിൽ എത്തിക്കണമെങ്കിൽ കൂടുതൽ പണം വേണമെന്ന് ഡ്രൈവർ ആവശ്യപ്പെട്ടു. ഇത് വിസമ്മതിച്ചതോടെ യുവതിയെയും അമ്മയെയും വഴിയിൽ ഇറക്കിവിട്ട് ഡ്രൈവർ കടന്നുകളഞ്ഞു. ഏറെ ബുദ്ധിമുട്ടിയാണ് പിന്നീട് യുവതി മറ്റൊരു ഓട്ടോറിക്ഷയിൽ കയറി പരീക്ഷാ കേന്ദ്രത്തിലെത്തിയത്.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുർണൂൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഇടപെട്ടു. യുവതിക്ക് ഒല നഷ്‌ടപരിഹാരം നൽകണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. എന്നാൽ, ഡ്രൈവർമാരെയും യാത്രക്കാരെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം മാത്രമാണെന്നും ഡ്രൈവർമാരുടെ വ്യക്തിപരമായ പെരുമാറ്റത്തിന് കമ്പനി ഉത്തരവാദിയല്ലെന്നും ഒല വാദിച്ചു. എന്നാൽ, ഈ വാദങ്ങളെല്ലാം ഉപഭോക്തൃ കോടതി തള്ളി.
കമ്പനിയുടെ വിശ്വാസ്യത കണക്കിലെടുത്താണ് ഉപഭോക്താക്കൾ സേവനം തിരഞ്ഞെടുക്കുന്നത് അതിനാൽ സംഭവത്തിൽ നിന്ന് കമ്പനിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും കോടതി പറഞ്ഞു. കടുത്ത മാനസിക സമ്മർദമുണ്ടായതിന് 50,000 രൂപയും കോടതി ചെലവുകൾക്കായി 5,000 രൂപയും പരാതിക്കാരിക്ക് നൽകാൻ കോടതി ഉത്തരവിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |