SignIn
Kerala Kaumudi Online
Friday, 05 June 2026 5.02 PM IST

''ഒരു  യുവാവ്  ചെയ്തില്ലെങ്കിൽ  പിന്നെ മറ്റാര്?''; പ്രണയാഭ്യർഥന വിവാദത്തിൽ പിന്തുണയുമായി മുൻ സൈനികർ

-army-captain-bharat-bhar

മുംബയ്: മഹാരാഷ്ട്രയിലെ നാസിക്കിൽ പാസിംഗ് ഔട്ട് പരേഡിന് ശേഷം കാമുകിയോട് പ്രണയാഭ്യർഥന നടത്തിയ സംഭവം വിവാദമായതിന് പിന്നാലെ യുവ ആ‌‌ർമി ക്യാപ്റ്റന് പിന്തുണയുമായി മുൻ സൈനിക ഉദ്യാേഗസ്ഥർ. ചൊവ്വാഴ്ച നാസികിനടുത്തുള്ള കോംബാറ്റ് ആർമി ഏവിയേഷൻ ട്രെയിനിംഗ് സ്കൂളിലാണ് സംഭവം.

പുതുതായി കമ്മീഷൻ ചെയ്യപ്പെട്ട പൈലറ്റായ ക്യാപ്റ്റൻ ഭരത് ഭരദ്വാജ് സൈനിക ഹെലികോപ്റ്ററിന് മുന്നിൽവച്ച് കാമുകി ആരുഷിയോട് പ്രണയാഭ്യർഥന നടത്തുകയായിരുന്നു. കോംബാറ്റ് ആർമി ട്രെയിനിംഗ് സ്‌കൂളിൽ നിന്ന് വൈമാനിക പരിശീലനം പൂർത്തിയാക്കിയ ശേഷം പാസിംഗ് ഔട്ട് പരേഡിന് പിന്നാലെയായിരുന്നു ക്യാപ്റ്റൻ ഭരതിന്റെ പ്രണയാഭ്യർഥന. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

നിരവധി പേർ ഇരുവരെയും പ്രശംസിച്ച് രംഗത്തെത്തിയെങ്കിലും സൈനിക ഉപകരണങ്ങൾ ഉൾപ്പെടുന്ന ചിത്രങ്ങൾ പ്രചരിപ്പിച്ചതിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. ഹെലികോപ്റ്ററിന്റെ പശ്ചാത്തലത്തിൽ നടത്തിയ പ്രണയാഭ്യ‌ർഥന സൈനിക പ്രോട്ടോകോളുകളുടെ ലംഘനമാണെന്നും സൈനികൻ ഭരതിനെതിരെ നടപടിയുണ്ടായേക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് യുവ ആ‌‌ർമി ക്യാപ്റ്റന് പിന്തുണയുമായി മുതിർന്ന ഉദ്യോഗസ്ഥർ തന്നെ രംഗത്തെത്തിയത്.

ലഫ്റ്റനന്റ് ജനറൽ (റിട്ട) എച്ച് എസ് പനാഗ്, കേണൽ (റിട്ട) സഞ്ജയ് പാണ്ഡെ, ലഫ്റ്റനന്റ് ജനറൽ(റിട്ട) സതീഷ് ദുവ, ലഫ്റ്റന്റ് ജനറൽ (റിട്ട) ഡിപി പാണ്ഡെ, ലഫ്റ്റനന്റ് ജനറൽ (റിട്ട) കൺവൽ ജീത് സിംഗ് ധില്ലൻ തുടങ്ങിയ പ്രമുഖരാണ് പരസ്യമായി പിന്തുണ അറിയിച്ചിരിക്കുന്നത്. പരേഡിന് ശേഷമുള്ള ഇടവേളയിലാണ് സംഭവമെന്നും സൈനികർക്ക് ചിത്രമെടുക്കാൻ അനുമതിയുള്ള സമയമാണിതെന്നും ഡിപി പാണ്ഡെ പ്രതികരിച്ചു.

സൈനിക ഉപകരണങ്ങൾ പലപ്പോഴും പൊതുജനങ്ങൾക്ക് കാണാനായി പ്രദർശിപ്പിക്കാറുണ്ടെന്നും ഇതിൽ യാതൊരുവിധ സുരക്ഷാവീഴ്ചയും ഇല്ലെന്നും ലഫ്റ്റനന്റ് ജനറൽ(റിട്ട) സതീഷ് ദുവ പ്രതികരിച്ചു. അതേസമയം ഒരു യുവാവ് ചെയ്തില്ലെങ്കിൽ മറ്റാരാണ് ഇതു ചെയ്യുക എന്നായിരുന്നു ലഫ്റ്റനന്റ് ജനറൽ (റിട്ട) ദില്ലനിന്റെ പ്രതികരണം. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിക്കാൻ തയ്യാറായ ഒരു സൈനികൻ തന്റെ സ്നേഹം പ്രകടിപ്പിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360