
കൊൽക്കത്ത: സ്‌കൂളുകൾക്ക് പുറമേ സംസ്ഥാനത്തെ മദ്രസകളിലും വന്ദോമാതരം നിർബന്ധമാക്കി പശ്ചിമ ബംഗാൾ സർക്കാർ. ഇനിമുതൽ ന്യൂനപക്ഷ കാര്യ, മദ്രസ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ അംഗീകൃത സ്ഥാപനങ്ങളിലും രാവിലെ അസംബ്ലികളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണം. ഒരാഴ്‌ച മുമ്പാണ് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും വന്ദേമാതര പാരായണം നിർബന്ധമാക്കി നിർദേശം വന്നത്. മദ്രസ ഡയറക്ടറേറ്റ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പുതിയ ഉത്തരവ് പ്രകാരം, എല്ലാ എയ്‌ഡഡ്, അൺ എയ്‌ഡഡ് മദ്രസകളിലും ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് വന്ദേമാതരം മുഴുവനായും ആലപിക്കണം. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് ഈ ഉത്തരവുകൾ പുറത്തിറക്കിയത്. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരായ ഇന്ത്യയുടെ പോരാട്ട സമയത്ത് സ്വാതന്ത്ര്യ സമര സേനാനികൾ ഈ ഗാനം വ്യാപകമായി ഉപയോഗിച്ചിരുന്നു. ഈ വർഷം പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വന്ദേമാതരം വീണ്ടും രാഷ്‌ട്രീയ ചർച്ചയായിരുന്നു.
ഫെബ്രുവരിയിൽ കേന്ദ്രസർക്കാർ വന്ദേമാതരത്തിന് ദേശീയഗാനമായ 'ജന ഗണ മന'യ്‌ക്ക് തുല്യമായ സ്ഥാനം നൽകി. തുടർന്ന് സർക്കാർ, സ്‌കൂൾ പരിപാടികളിലെല്ലാം ദേശീയഗാനത്തോടൊപ്പം വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ആലപിക്കുന്നത് നിർബന്ധമാക്കുകയായിരുന്നു. ഇത് വിവിധ സംസ്ഥാനങ്ങളിലും രാഷ്‌ട്രീയ പാർട്ടികളിലും പുതിയ ചർച്ചകൾക്ക് തുടക്കമിട്ടു.
ദിവസങ്ങൾക്ക് മുമ്പ് തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ സത്യപ്രതിജ്ഞാ ചടങ്ങുകളിൽ വന്ദേമാതരം ആലപിച്ചത് രാഷ്‌ട്രീയ വിവാദങ്ങൾക്ക് കാരണമായിരുന്നു. തമിഴ്‌നാട്ടിൽ വന്ദേമാതരം ആലപിച്ചതിന് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ഡിഎംകെ രംഗത്തെത്തിയിരുന്നു. അതുപോലെ കേരളത്തിൽ വന്ദേമാതരം ആലപിച്ചതിനെ ഇടതുപക്ഷ പാർട്ടികളും വിമർശിച്ചിരുന്നു. എന്നാൽ, പരിപാടികളുടെ ക്രമം രാജ്‌ഭവൻ തീരുമാനിച്ചതായിരുന്നു എന്നാണ് ഇവർ വ്യക്തമാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |