SignIn
Kerala Kaumudi Online
Tuesday, 16 June 2026 1.21 AM IST

യുഎസ്-ഇറാൻ സമാധാന കരാർ: ധാരണ പത്രത്തിൽ ഡിജിറ്റലായി ഒപ്പുവച്ച് ട്രംപും വാൻസും

trump-bagher

വാഷിംഗ്ടൺ: നാല് മാസത്തോളമായി തുടരുന്ന സൈനിക സംഘർഷങ്ങൾക്ക് അറുതിവരുത്തി ധാരണ പത്രത്തിൽ ഒപ്പുവച്ച് യു.എസും ഇറാനും. യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇരുപക്ഷവും തമ്മിലുണ്ടാകുന്ന ഏറ്റവും വലിയ നയതന്ത്ര മുന്നേറ്റമാണിത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, ഇറാന്റെ പാർലമെന്റ് സ്പീക്കറായ മുഹമ്മദ് ബാഗർ ഗാലിബാവ് എന്നിവർ ധാരണാപത്രത്തിൽ ഡിജിറ്റലായി ഒപ്പുവച്ചതായി യു .എസ് ഉദ്യോഗസ്ഥർ അറിയിച്ചു. സ്വിറ്റ്സർലൻഡിലെ ജനീവയിൽ വച്ച് വെള്ളിയാഴ്ച ഔദ്യോഗിക ഒപ്പുവയ്ക്കൽ ചടങ്ങ് നടക്കും.

രണ്ട് മാസത്തിലേറെ നീണ്ട ചർച്ചകൾക്കൊടുവിലാണ് വ്യാപാര മേഖലയെയും ആഗോള സമ്പദ് വ്യവസ്ഥയെയും ഉലച്ച യുദ്ധത്തിന് താൽക്കാലിക ശമനമാകുന്നത്. കരാറിന്റെ പൂർണരൂപം അടുത്ത രണ്ട് ദിവസത്തിനുള്ളിൽ പുറത്തുവിടും. കരാറിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുന്നു എന്നതാണ്. ഹോർമൂസിലൂടെ എണ്ണക്കപ്പലുകൾ ഉൾപ്പെടെയുള്ള വാണിജ്യ കപ്പലുകളുടെ ഗതാഗതം ഇതിനകം ആരംഭിച്ചതായി ജി7 ഉച്ചകോടിക്കായി ഫ്രാൻസിലെത്തിയ ട്രംപ് വ്യക്തമാക്കി. വെള്ളിയാഴ്ചയോടെ കടലിടുക്ക് പൂർണമായും തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇറാനിയൻ തുറമുഖങ്ങൾക്കുള്ള നിയന്ത്രണങ്ങൾ തൽക്കാലം തുടരുമെന്നാണ് യുഎസ് സൈന്യത്തിന്റെ മുന്നറിയിപ്പ്.


ധാരണ പത്രത്ത മുൻനിർത്തി ഇരുരാജ്യങ്ങൾക്കും 60 ദിവസത്തെ ചർച്ചാ കാലാവധിയുണ്ടാകും. ഈ സമയത്തിനുള്ളിൽ തർക്കം നിലനിൽക്കുന്ന ഏറ്റവും തന്ത്രപ്രധാനമായ വിഷയങ്ങളിൽ പരിഹാരം കാണാനാണ് ശ്രമം. ഇറാന്റെ ആണവ പദ്ധതിയുടെ ഭാവി, കരാർ നടപ്പിലാക്കാനുള്ള പ്രായോഗിക വഴികൾ എന്നിവയാണ് പ്രധാനമായും ചർച്ച ചെയ്യുക.

കരാർ പൂർണമായി വിജയിച്ചാൽ ഗൾഫ്-അറബ് രാജ്യങ്ങളുടെ സഹായത്തോടെ 25 ലക്ഷം കോടി രൂപ (300 ബില്യൺ ഡോളർ) പുനർനിർമ്മാണ ഫണ്ട് ഇറാന് ലഭ്യമാക്കുമെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് അറിയിച്ചു. എന്നാൽ ഇതിനായി ആണവ പദ്ധതികളുമായി ബന്ധപ്പെട്ട നിബന്ധനകൾ ഇറാൻ കർശനമായി പാലിക്കേണ്ടിവരും.

അതേസമയം യു.എസ് ഇറാൻ കരാറിനോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് ഇസ്രായേൽ മന്ത്രിമാർ രംഗത്തെത്തി. പുതിയ സമാധാന ധാരണകളെ പൂർണമായും തള്ളിക്കളയുന്ന പ്രസ്താവനകളാണ് ഇസ്രായേലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. കരാർ എന്തുതന്നെയായാലും ലെബനനിൽ നിന്നുള്ള സൈനിക പിന്മാറ്റം ഉണ്ടാകില്ലെന്ന് ഇസ്രായേൽ മന്ത്രിമാർ വ്യക്തമാക്കി. വിഷയത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഔദ്യോഗിക പ്രതികരണം ഉടൻ തന്നെയുണ്ടാകുമെന്നാണ് സൂചന.

ലെബനനിലെ സമ്പൂർണ വെടിനിർത്തൽ അടക്കമുള്ള നിർണായക വ്യവസ്ഥകൾ കരാറിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. എന്നാൽ കരാറിന്റെ കൂടുതൽ വിശദാംശങ്ങൾ പരസ്യപ്പെടുത്താൻ യുഎസോ ഇറാനോ ഇതുവരെ തയ്യാറായിട്ടില്ല. ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ആശങ്കകൾ ഇറാന്റെ രാഷ്ട്രീയവും സൈനികവുമായ വിജയത്തിന്റെ തെളിവാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ അവകാശപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, US, IRAN, PEACE DEAL, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360