
പ്രതിരോധ ശീലങ്ങൾ പാലിക്കണമെന്ന് അധികൃതർ
കൊച്ചി: ജില്ലയിലെ ചില പ്രദേശങ്ങളിൽ എച്ച്.വൺ എൻ.വൺ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം. രോഗവ്യാപനം തടയുന്നതിനായി പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
ഇൻഫ്ളുവൻസ വൈറസ് മൂലം ഉണ്ടാകുന്ന പകർച്ചപ്പനിയാണിത്. രോഗബാധയുള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന ദ്രവകണികകളിലൂടെ വായുവഴി രോഗം പകരാം. കണികകൾ പതിച്ച പ്രതലങ്ങളിലോ വസ്തുക്കളിലോ സ്പർശിച്ച ശേഷം കൈകൾ മുഖത്തോ മൂക്കിലോ കണ്ണിലോ തൊടുന്നതിലൂടെയും രോഗം മറ്റുള്ളവരിലേക്ക് പകരാൻ സാദ്ധ്യതയുണ്ട്. രോഗലക്ഷണങ്ങൾ തുടക്കത്തിൽ തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ തേടേണ്ടത് രോഗം സങ്കീർണമാകാതിരിക്കാൻ പ്രധാനമാണ്.
മുൻകരുതലുകൾ
1. പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ കഴിവതും മറ്റുള്ളവരുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കണം. പൊതുസ്ഥലങ്ങൾ സന്ദർശിക്കുന്നതും പരമാവധി ഒഴിവാക്കുക
2. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ ടിഷ്യൂവോ ഉപയോഗിച്ച് മൂക്കും വായും മറയ്ക്കുക
3. സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക. സോപ്പിട്ട് കഴുകാത്ത കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിൽ സ്പർശിക്കരുത്
4. തിരക്കുള്ള സ്ഥലങ്ങളിൽ പോകേണ്ടി വരുമ്പോൾ മാസ്ക് ധരിക്കുക. പൊതുജനങ്ങൾ ആശുപത്രികൾ, പൊതു ഇടങ്ങൾ എന്നിവ സന്ദർശിക്കുമ്പോഴും മാസ്ക് ധരിക്കണം.
കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധവേണം
പനിയോ മറ്റ് ലക്ഷണങ്ങളോ കണ്ടാൽ കുട്ടികളെ സ്കൂളുകളിലേക്ക് അയയ്ക്കരുത്. ഹൈ-റിസ്ക് ഗ്രൂപ്പിൽ വരുന്ന ഗർഭിണികൾ, മറ്റ് അനുബന്ധ രോഗമുള്ളവർ, ഗുരുതരരോഗങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവർ, അഞ്ച് വയസിന് താഴെയുള്ള കുട്ടികൾ എന്നിവർക്ക് രോഗബാധ ഗുരുതരമാകാൻ സാദ്ധ്യതയേറെയാണ്. ഇത്തരക്കാരിൽ പനി ബാധിച്ചാൽ സ്വയംചികിത്സ ഒഴിവാക്കി വൈദ്യസഹായം തേടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |