SignIn
Kerala Kaumudi Online
Saturday, 06 June 2026 4.58 AM IST

യുവാവിനെ കാറിൽ തല്ലിച്ചതച്ച് റീൽസിട്ടു: ഗുണ്ടയ്ക്കെതിരെ വധശ്രമത്തിന് കേസ്

attani

കൊച്ചി: യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത ഗുണ്ടാനേതാവിന് എട്ടിന്റെ പണികൊടുത്ത് പൊലീസ്. യുവാവ് പരാതി നൽകാൻ തയ്യാറായില്ലെങ്കിലും ഗുണ്ടയ്ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ അഞ്ച് വകുപ്പുകൾ ചുമത്തി കേസെടുത്തു. കൊലപ്പെടുത്താൻ തട്ടിക്കൊണ്ട് പോയതിന് ജീവപര്യന്തം തടവ് ലഭിക്കുന്ന വകുപ്പും ഇതിലുൾപ്പെടും.

* റീൽസെത്തിയത് എസ്.ഐയുടെ മൊബൈലിൽ

കുപ്രസിദ്ധ കുറ്റവാളി മട്ടാഞ്ചേരി സ്വദേശി അട്ടാണി അനീഷും കൂട്ടാളികളും ചേർന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത റീൽസ് കറങ്ങിത്തിരിഞ്ഞ് എത്തിയത് എറണാകുളം സെൻട്രൽ എസ്.ഐ പി.സി ഹരികൃഷ്ണന്റെ വാട്സാപ്പിലേക്കാണ്. എറണാകുളം എം.ജി റോഡിലെ ചായക്കടയിൽ കയറി യുവാവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി മർദ്ദിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന അട്ടാണി അനീഷ് ബുധനാഴ്ച രാവിലെ ജാമ്യവ്യവസ്ഥ പ്രകാരം സെൻട്രൽ സ്റ്റേഷനിൽ ഹാജരായി ഒപ്പിട്ടിരുന്നു. ഇതിനടുത്ത ദിവസമാണ് യുവാവിനെ കാറിലിട്ട് മർ‌ദ്ദിക്കുന്ന ദൃശ്യങ്ങൾ എസ്.ഐയുടെ മൊബൈലിൽ റീൽസായെത്തിയത്.

കൈകെട്ടിയിട്ട് മർദ്ദനം

കാറിനകത്ത് കൈകെട്ടിയിട്ടിരിക്കുന്ന യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന രംഗങ്ങളാണ് അട്ടാണി അനീഷിന്റെ ‘അട്ടു അനീഷ്’എന്ന ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. മർദ്ദനമേൽക്കുന്ന യുവാവ് കൈകൂപ്പി ക്ഷമ ചോദിക്കുന്നതും അനീഷ് അസഭ്യവർഷം നടത്തുന്നതും വധഭീഷണി മുഴക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അനീഷിന്റെ സന്തതസഹചാരികളായ രണ്ട് ഗുണ്ടകളും കാറിലുണ്ട്. പശ്ചിമകൊച്ചിയിലെ അറിയപ്പെടുന്ന ഗുണ്ടയായ അനീഷിന്റെ പോസ്റ്റ് ഗുണ്ടകൾക്കിടെ പെട്ടെന്നാണ് പ്രചരിച്ചത്. പലരും ഷെയർ ചെയ്ത പോസ്റ്റ് ‘പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത’ ആളാണ് അയച്ചുനൽകിയതെന്ന് പൊലീസ് പറയുന്നു.

* പരാതിയില്ലെങ്കിലും കേസെടുക്കാം

മർ‌ദ്ദനമേറ്റ യുവാവിനെ പൊലീസ് കണ്ടെത്തിയെങ്കിലും ഗുണ്ടകളെ ഭയന്ന് പരാതി നൽകാൻ യുവാവ് തയ്യാറല്ല. ജാമ്യത്തിലിരിക്കെ യുവാവിനെ തട്ടിക്കൊണ്ട് പോയി കാറിലിട്ട് മർദ്ദിക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത ഗുണ്ടയെ വെറുതെ വിടാൻ പൊലീസും തയ്യാറല്ല. ഇയാളുടെ പ്രവർത്തനം പൊതുജന സമാധാനത്തിനും നിയമവാഴ്ചയ്ക്കും ഭീഷണിയെന്ന് കണ്ടാണ് വ്യാഴാഴ്ച രാത്രിയോടെ പൊലീസ് സ്വമേധയാ കേസെടുത്തത്. രാത്രി തന്നെ പ്രതിയെ പിടികൂടാൻ മിന്നൽ പരിശോധന നടത്തിയെങ്കിലും കിട്ടിയില്ല.

വകുപ്പുകൾ ഇങ്ങനെ

കൊലപ്പെടുത്താനായി തട്ടിക്കൊണ്ടുപോകൽ (ബി.എൻ.എസ് 140 -1), കുറ്റകരമായ തടഞ്ഞുവയ്ക്കൽ (126-2), പരിക്കേൽപ്പിക്കൽ (115-2), കൊലപ്പെടുത്തുമെന്നും മാരകമായി പരിക്കേൽപ്പിക്കുമെന്നും ഭീഷണിപ്പെടുത്തൽ (351-3), അശ്ലീലത നിറഞ്ഞ പ്രവർത്തനങ്ങളും പദപ്രയോഗങ്ങളും നടത്തൽ (296 ബി)

* സ്ഥിരം കുറ്റവാളി

മട്ടാഞ്ചേരി കൊളംബോ ജംഗ്ഷന് സമീപം താമസിക്കുന്ന അട്ടാണി ‌അനീഷ് ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയാണ്. മയക്കുമരുന്ന് കേസിൽ എട്ടുകൊല്ലം ജയിൽവാസം കഴിഞ്ഞ് ജനുവരിയിലാണ് ഇറങ്ങിയത്. ഏപ്രിൽ 16ന് രാത്രി എം.ജി റോഡിലെ ടീ ഷോപ്പിൽ അനീഷും സംഘാംഗങ്ങളും ചായയും പലഹാരവും കഴിച്ച വകയിൽ പണം ചോദിച്ച കടയുടമയെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും കഫേ ജീവനക്കാരനായ കാസർകോഡ് സ്വദേശിയെ മർദ്ദിക്കുകയും ചെയ്തു. കേസിൽ അട്ടാണി ഉൾപ്പെടെ 4 പ്രതികൾ അറസ്റ്റിലായി. കേസിൽ ജാമ്യത്തിലിറങ്ങിയാണ് യുവാവിനെ കാറിലിട്ട് മർദ്ദിച്ചതിന് വീണ്ടും കേസിൽപ്പെട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL