
ആലുവ: നഗരപരിധിയിൽ വീണ്ടും കഞ്ചാവ് ചെടികൾ കണ്ടെത്തി. തോട്ടക്കാട്ടുകരയിൽ മണപ്പുറം റോഡിലേക്ക് തിരിയുന്നിടത്തെ സ്വകാര്യ വ്യക്തിയുടെ കാടുപിടിച്ച് കിടക്കുന്ന സ്ഥലത്താണ് 10 കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ആലുവ എക്സൈസ് സർക്കിൾ ഓഫീസ് ഇൻസ്പെക്ടർ ടി.എസ്. പ്രമോദിന്റെ നേതൃത്വത്തിൽ എക്സൈസ് സംഘമെത്തി ചെടികൾ പറിച്ചെടുത്തു. പത്തടിയോളം ഉയരമുള്ള കഞ്ചാവ് ചെടികൾക്ക് ഏകദേശം ഒമ്പത് മാസത്തോളം വളർച്ചയുണ്ടാകുമെന്നാണ് കരുതുന്നത്. വള്ളിപ്പടർപ്പുകളും മറ്റും പിടിച്ച സ്ഥലമായതിനാൽ ഇവിടെ അന്യസംസ്ഥാനക്കാരുടെയും സാമൂഹിക വിരുദ്ധരുടെയും കേന്ദ്രമാണ്.
ഈ സംഘത്തിൽപ്പെട്ടവരായിരിക്കാം കഞ്ചാവ് ചെടി വളർത്തിയതെന്നാണ് കരുതുന്നത്.
കഴിഞ്ഞ ഞായറാഴ്ച നഗരമദ്ധ്യത്തിൽ പ്രവർത്തനം നിലച്ച കാത്തായി കോട്ടൺമിൽ വളപ്പിൽ നിന്നും ആറടിയോളം ഉയരമുള്ള 10 കഞ്ചാവ് ചെടികൾ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ പ്രതികളെ തെരയുന്നതിനിടെയാണ് അടുത്ത കേസും രജിസ്റ്റർ ചെയ്തത്. നേരത്തെ മണപ്പുറത്തെ കുട്ടിവനത്തിലും കഞ്ചാവ് ചെടികൾ കണ്ടെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |