SignIn
Kerala Kaumudi Online
Friday, 12 June 2026 6.35 AM IST

കാവലായ പട്രോൾമാന്മാർക്ക് ട്രാക്കിൽ സുരക്ഷയില്ല

psm-
പരിശോധനയ്ക്കിടയിൽ ട്രാക്കിലൂടെ അണലി ഇഴഞ്ഞുനീങ്ങുന്നു

കൊല്ലം: ട്രെയിൻ യാത്രക്കാരുടെ സുരക്ഷയ്ക്ക് റെയിൽവേ ട്രാക്ക് കാക്കാൻ റെയിൽവേ എൻജിനിയറിംഗ് വിഭാഗത്തിലെ പട്രോൾമാന്മാമാർ ഉണ്ടെങ്കിലും ഇവരുടെ രാത്രികാല ട്രാക്ക് പരിശോധനയിലെ അപകടങ്ങൾ അധികൃതർ അവഗണിക്കുന്നു.

ഭാരമേറിയ ഹാമർ, സ്പാനർ, സിഗ്നൽ ഫ്ലാഗ്, അപകടമുണ്ടായാൽ ട്രെയിൻ നിറുത്താൻ പാളത്തിൽ വയ്ക്കേണ്ട ഡെറ്റോണേറ്റർ തുടങ്ങിയവ ചുമന്നാണ് ഇവർ ദിവസവും 20 കിലോമീറ്റർ കാൽനടയായി താണ്ടുന്നത്.

അർദ്ധരാത്രിയിലും പുലർച്ചെയുമുള്ള പരിശോധനയ്ക്കായി റെയിൽവേ ആകെ നൽകിയിരിക്കുന്നത് പ്രകാശം കുറഞ്ഞ ചെറിയ ടോർച്ചുകൾ മാത്രമാണ്. ഇവയുടെ ചാർജ് തീർന്നാൽ പകരം സംവിധാനമില്ല. കാലിന് സംരക്ഷണം നൽകുന്നതിനൊപ്പം സുരക്ഷിതമായി നടക്കാൻ ആവശ്യമായ ഷൂസോ, കാലവർഷത്തിൽ ഉപയോഗിക്കാൻ മഴക്കോട്ടോ ഇല്ല.

ട്രാക്കുകളിൽ സുരക്ഷാ പരിശോധന കഴിഞ്ഞ് ജീവനക്കാ‌ർക്ക് വിശ്രമിക്കാൻ ഷെൽട്ടറുകളും പാതയോരങ്ങളിൽ ഒരുക്കിയിട്ടില്ല. കാടുപിടിച്ച റെയിൽവേ പരിസരങ്ങൾ അപകടഭീഷണി ഇരട്ടിയാക്കുന്നു. ആവശ്യത്തിന് വെളിച്ചമില്ലാത്തതിനാൽ ട്രാക്കുകളിലും നിരത്തിയ പാറക്കല്ലുകൾക്കിടയിലും ഒളിച്ചിരിക്കുന്ന ഇഴജന്തുക്കളുടെ കടിയേൽക്കാനുള്ള സാദ്ധ്യതയും കൂടുതലാണ്.

ഇത്തരം പ്രതിബന്ധങ്ങൾ തരണം ചെയ്താണ് റെയിൽവേ ട്രാക്കിലൂടെയും കൈവരിയില്ലാത്ത അപകടകരമായ പാലങ്ങളിലൂടെയും ഇവർ ജീവനും കൈയിൽ പിടിച്ച് നടന്നുനീങ്ങുന്നത്. മുമ്പ് ഓച്ചിറയിൽ ഷെൽട്ടർ ഇല്ലാത്തതിനെ തുടർന്ന് ട്രാക്കിന് സമീപം വിശ്രമിച്ച പട്രോൾമാൻ ട്രെയിനിടിച്ച് മരിച്ച സംഭവം ഉണ്ടായിട്ടും അധികൃതർ ഇതുവരെ അനങ്ങിയിട്ടില്ല.

പരിമിതി അവഗണിച്ച് റെയിൽവേ

പരിശോധനാ സാമഗ്രികൾ അപര്യാപ്തം

 പലയിടത്തും ട്രാക്കിനോട് ചേർന്ന് കാട് വളർന്നു

 അണലി ഉൾപ്പടെ ഇഴജന്തുക്കളുടെ ശല്യം രൂക്ഷം

 മൺറോത്തുരുത്ത് മുതൽ പരവൂർ വരെ ആറ് ബീറ്റുകൾ

 ജോലി ചെയ്യുന്നത് 18 നൈറ്റ് പട്രോൾമാന്മാർ

 ഇതിൽ മുൻപരിചയമില്ലാത്ത കരാർ ജീവനക്കാരും

 ഡ്യൂട്ടി വൈകിട്ട് 4ന് ആരംഭിച്ച് അടുത്ത ദിവസം രാവിലെ 8വരെ

 ട്രാക്കിലെ വിള്ളൽ, മണ്ണിടിച്ചിൽ, വെള്ളം കയറുകയോ മരങ്ങൾ വീഴുകയോ ചെയ്യുക തുടങ്ങിയ അപകടങ്ങൾ കണ്ടെത്തി ട്രെയിനുകളുടെ സുരക്ഷ ഉറപ്പാക്കണം

യാത്രക്കാരുടെ ജീവന് കാവലിരിക്കുന്ന പട്രോൾമാന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ അടിയന്തരമായി ഇടപെടണം.

ജീവനക്കാർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL