SignIn
Kerala Kaumudi Online
Sunday, 21 June 2026 5.45 AM IST

കൽപിത സർവകലാശാല പി.ജി പ്രവേശനം: സെക്യൂരിറ്റി ഡെപ്പോസിറ്റ് പിടിച്ചുവച്ച് എം.സി.സി

കൊല്ലം: കൽപിത സർവകലാശാലകളിൽ മെഡിക്കൽ പി.ജി പ്രവേശനത്തിന് ആയിരക്കണക്കിന് പേർ അടച്ച സെക്യൂരിറ്റി ഡെപ്പോസിറ്റ് നിയമവിരുദ്ധമായി പിടിച്ചുവച്ച് കേന്ദ്ര ഡയറക്ടർ ജനറൽ ഒഫ് ഹെൽത്ത് സർവീസസിന് കീഴിലുള്ള മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി.

രണ്ടാം അലോട്ട്മെന്റിൽ പ്രവേശനം നേടിയ കൽപിത സർവകലാശാലയിൽ നിന്ന് ടി.സി വാങ്ങിയാൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരിച്ചുനൽകില്ലെന്നാണ് പ്രോസ്പെക്ടസിൽ പറയുന്നത്. എന്നാൽ ഇത്തവണ ഒരുമിച്ചുവന്ന രണ്ടാം കേന്ദ്ര, സംസ്ഥാന അലോട്ട്മെന്റുകളിൽ കേന്ദ്ര അലോട്ട്മെന്റ് ഉപേക്ഷിച്ചെന്ന പേരിലാണ് പണം പിടിച്ചുവയ്ക്കുന്നത്.

അഖിലേന്ത്യാ തലത്തിലുള്ള അലോട്ട്മെന്റിനൊപ്പം രാജ്യവ്യാപകമായുള്ള കൽപിത സർവകലാശാലകളിലേക്കുള്ള അലോട്ട്മെന്റിനും പരിഗണിക്കാനാണ് മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി രണ്ടുലക്ഷം രൂപ സെക്യൂരിറ്റി ഫീസായി വാങ്ങുന്നത്. നാല് റൗണ്ട് അലോട്ട്മെന്റുള്ളതിനാൽ മൂന്നാം അലോട്ട്മെന്റിൽ വരെ പ്രവേശനം നേടുന്നവർ ടി.സി വാങ്ങുമ്പോൾ ഉണ്ടാകുന്ന ഒഴിവുകൾ നികത്തപ്പെടും. അതുകൊണ്ട് തന്നെ കൽപിത സർവകലാശാലകൾക്ക് സീറ്റ് നഷ്ടമുണ്ടാകില്ല. എന്നിട്ടും രണ്ടാം കേന്ദ്ര അലോട്ട്മെന്റിൽ ഉൾപ്പെട്ടവർ പ്രവേശനം നേടിയില്ലെങ്കിൽ സെക്യൂരിറ്റി ഫീസ് തിരികെ നൽകില്ലെന്ന പിടിവാശിയിലാണ് എം.സി.സി.

സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ കോളേജുകളിലേതിനെക്കാൾ ഫീസ് കൂടുതലാണ് കൽപിത സർവകലാശാലകളിൽ. അതുകൊണ്ട് തന്നെ കൽപിത സർവകലാശാലകളിൽ ആദ്യ അലോട്ട്മെന്റിൽ പ്രവേശനം ലഭിച്ചവർ സംസ്ഥാന അലോട്ട്മെന്റിൽ സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകൾ ലഭിച്ചാൽ സ്വാഭാവികമായും ഫീസ് കുറഞ്ഞിടത്ത് പ്രവേശനം നേടും. നേരത്തെ കേന്ദ്ര അലോട്ട്മെന്റിന് ശേഷമാണ് സംസ്ഥാന അലോട്ട്മെന്റ് വന്നിരുന്നത്. എന്നാൽ ഇത്തവണ മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി രണ്ടാം അലോട്ട്മെന്റിനുള്ള പ്രവേശന സമയപരിധി പലതവണ നീട്ടി. ഇതിനിടയിൽ തന്നെ സംസ്ഥാന അലോട്ട്മെന്റും വന്നു. രണ്ടാം കേന്ദ്ര അലോട്ട്മെന്റ് നേരത്തെ വന്നിരുന്നെങ്കിൽ അതുപ്രകാരം പ്രവേശനം നേടിയവർ ടി.സി വാങ്ങിയാൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് പിടിക്കാമായിരുന്നു. എന്നാൽ എം.സി.സി നടപടി വൈകിപ്പിച്ചത് കൊണ്ടുണ്ടായ പ്രശ്നത്തിനും വ്യാർത്ഥികളുടെ പണം പിടിക്കുകയാണ്. വിദ്യാർത്ഥികൾ ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും കേന്ദ്ര ആരോഗ്യ, വിദ്യാഭ്യാസ മന്ത്രിമാർക്കും പലതവണ പരാതി നൽകിയിട്ടും ഇതുവരെ ഇടപെടലുണ്ടായിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL