കോഴിക്കോട്: ഇന്ധന വിലവർദ്ധനക്ക് പിന്നാലെ നിരക്ക് വർദ്ധിപ്പിച്ച് ടൂറിസ്റ്റ് വാഹനങ്ങൾ. ബസുകൾ, ട്രാവലർ, ഇന്നോവ എന്നിവയുടെ നിരക്കാണ് കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ വർദ്ധിപ്പിച്ചത്. വർദ്ധിച്ചുവരുന്ന ഡീസൽ വില, സ്‌പെയർപാർട്സുകളുടെ അമിതവില, പെർമിറ്റ് ടാക്‌സ് വർദ്ധന എന്നിവ മൂലം പ്രതിസന്ധിയിലായ ടൂറിസ്റ്റ് വാഹന മേഖലയെ നിലനിറുത്തുന്നതിന് നിരക്കുകൾ പുതുക്കാൻ നിർബന്ധിതരായെന്നാണ് സംഘടന പറയുന്നത്.
കൊവിഡ് സമയത്ത് ‘ബ്രേക്ഡൗണായ’ ടൂറിസ്റ്റ്ബസ് വ്യവസായം പിന്നീട് ക്ലച്ച് പിടിച്ചിരുന്നില്ല. കോഴിക്കോട് ജില്ലയിലുണ്ടായിരുന്ന മുന്നൂറോളം ടൂറിസ്റ്റ് ബസുകളിൽ 20 ശതമാനത്തിൽ താഴെ മാത്രമാണ് ഇപ്പോൾ ഓടുന്നത്. ഇതിനൊപ്പം ഇടയ്ക്കിടെ ഇന്ധന വില വർദ്ധിച്ചതോടൊണ് ഉടമകൾ നിരക്ക് വർദ്ധിപ്പിച്ചത്. ഈ മാസം ഒന്ന് മുതലാണ് പുതുക്കിയ താരിഫ് നിരക്കുകൾ പ്രാബല്യത്തിൽ വന്നത്. പുതുക്കിയ നിരക്ക് വർദ്ധന വിവാഹം, ടൂർ സംഘങ്ങളെയാണ് കൂടുതലും ബാധിക്കുക. എല്ലാ വാഹനങ്ങളുടെയും മിനിമം സമയപരിധി എട്ട് മണിക്കൂറാണ്. അവധി ദിവസങ്ങളിലും ഉത്സവ സീസണുകളിലും നിരക്ക് ഇതിലും കൂടും. ടോൾ നിരക്കുകളും പെർമിറ്റ് ചാർജും ഇതിൽ ഉൾപ്പെടുന്നില്ല. ടൂറിസ്റ്റ് ടാക്‌സികൾ പലപ്പോഴും കൂടുതൽ നിരക്ക് ഈടാക്കുന്നതായി പരാതി ഉയരാറുണ്ട്. അതിനിടെയാണ് ഈ വർദ്ധനവ്.
വാഹന നിരക്ക് (മിനിമം)
80 കിലോമീറ്റർ ദൂരം വരെ 49 സീറ്റുള്ള നോൺ എ.സി വാഹനങ്ങൾക്ക് 10,500 രൂപയും ഡ്രൈവർ ബത്തയായി 500 രൂപയുമാണ് വാടക. അതിന് ശേഷമുള്ള ഓട്ടത്തിന് കിലോമീറ്ററിന് 50 രൂപ. എ.സി ബസാണെങ്കിൽ വാടക 14,000 രൂപ. മിനിമം കിലോമീറ്ററിന് ശേഷമുള്ള ദൂരത്തിന് കിലോ മീറ്ററിന് 60 രൂപ തോതിൽ ഈടാക്കും.
35 സീറ്റ് ബസ് 12,000 രൂപ (എ.സി), 9,000 രൂപ (നോൺ എ.സി)
12 മുതൽ 14 സീറ്റ് വരെയുള്ള വാഹനങ്ങൾ 6,000 (എ.സി), 5,000 (നോൺ എ.സി)
ഇന്നോവ ക്രിസ്റ്റ 3500 രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |